പാലക്കാട്ടെ തോല്‍വി: നടപടിയില്ലെങ്കില്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് എടുത്ത് പുഴുങ്ങിതിന്നട്ടേയെന്ന് ജെഡിയു, മുന്നണി വിടാന്‍ ആലോചന

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ടുണ്ടായ തോല്‍വിയ്ക്ക് കാരണക്കാരായ ഡിസിസി പ്രസിഡന്റടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുന്നണി വിടാന്‍ ജെഡിയു തയ്യാറെടുക്കുന്നതായി സൂചന. മുഖ്യമന്ത്രിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ജെഡിയു നേതാക്കള്‍ പറയുന്നുണ്ട്. എ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമായ പാലക്കാട്ട് നടപടിക്ക് വിധേയരാവുന്ന ഡിസിസി പ്രസിഡന്റടക്കമുള്ളവരെ സഹായിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വിശ്വാസമുള്ളത് കെപിസിസി പ്രസിഡന്റ് വിഎം സുധീരനോടാണ്. ഇത്തരം അച്ചടക്ക ലംഘനങ്ങള്‍ വച്ചുപൊറുപ്പിക്കാത്ത നേതാവാണ് വി.എം. സുധീരന്‍ എന്നതിനാല്‍ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയില്ലെങ്കില്‍ റിപ്പോര്‍ട്ട് കൊണ്ടുപോയി കോണ്‍ഗ്രസുകാര്‍ പുഴുങ്ങിതിന്നട്ടേയെന്നും ജെഡിയു നേതാക്കള്‍ പറഞ്ഞു. ിരഞ്ഞെടുപ്പുതോല്‍വിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുമ്പും അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അവയൊന്നും വെളിച്ചംകണ്ടിട്ടില്ല. അതുപോലെയാകാന്‍ യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ടിനെ സമ്മതിക്കില്ലെന്നാണ് ജെ.ഡി.യു നേതാക്കള്‍ പറയുന്നത്. വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇക്കാര്യത്തിലെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. പാലക്കാട് ഡി.സി.സി പ്രസിഡന്റ് അടക്കം നാല് നേതാക്കളാണ് പ്രധാനമായും തോല്‍വിക്ക് കാരണക്കാരായി ഉപസമിതി കണ്ടെത്തിയിരിക്കുന്നത്. ഒരു തിരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ ആദ്യമായാണ് യു.ഡി.എഫില്‍ നിന്ന് ഒരു ഉപസമിതിയെ നിയോഗിക്കുന്നത്. റിപ്പോര്‍ട്ടിന്മേല്‍ നടപടി ഉണ്ടാകുമെന്നുതന്നെയാണ് ജെ.ഡി.യു പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ട് കിട്ടിയശേഷം പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് കഴിഞ്ഞയാഴ്ച എം.പി. വീരേന്ദ്രകുമാറുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നതുമാണ്. ഇക്കാര്യത്തില്‍ ജെ.ഡി.യു നിലപാട് കടുപ്പിച്ചതുകൊണ്ടാണ് റിപ്പോര്‍ട്ട് കഴിഞ്ഞ ശനിയാഴ്ചതന്നെ സമര്‍പ്പിച്ചതും. റിപ്പോര്‍ട്ടില്‍ തോല്‍വിക്ക് ഉത്തരവാദികളായ കോണ്‍ഗ്രസ് നേതാക്കളുടെ പേര് ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. പേര് ചേര്‍ക്കണമെന്ന ശക്തമായ നിലപാടാണ് അപ്പോഴും ജെ.ഡി.യു സ്വീകരിച്ചത്.
നാളെ യു.ഡി.എഫ് യോഗം ചേര്‍ന്നേക്കും. ഉപസമിതി റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ചയ്ക്കുവരും. തുടര്‍ന്ന് നടപടിയെടുക്കാന്‍ കോണ്‍ഗ്രസിനോട് യോഗം നിര്‍ദ്ദേശിക്കും. കോണ്‍ഗ്രസ് നേതാക്കളുടെ പേരാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നതിനാല്‍ നടപടി എടുക്കേണ്ടത് ആ പാര്‍ട്ടിയാണ്. ജെ.ഡി.യുവിന്റെ മുന്നണിമാറ്റ സാധ്യതകള്‍ സജീവ ചര്‍ച്ചാവിഷയമായതോടെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ ജെ.ഡി.യു പ്രധാനമായും ഉയര്‍ത്തിയത് പാലക്കാട്ടെ തോല്‍വിക്ക് കാരണക്കാരായ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നാണ്. അക്കാര്യത്തില്‍ നേതാക്കള്‍ ഉറപ്പുനല്‍കുകയും ചെയ്തു. യു.ഡി.എഫിന്റെ കമ്മിറ്റികളിലും പ്രവര്‍ത്തനങ്ങളിലും ന്യായമായ പങ്കാളിത്തവും തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യവും നല്‍കാമെന്ന് ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയിരുന്നു. പാലക്കാട്ടെ തോല്‍വിയില്‍ നേതാക്കള്‍ ഉറപ്പുനല്‍കിയതുപ്രകാരം നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത നിലപാട് ജെ.ഡി.യു സ്വീകരിച്ചേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















