ഐജിയുടെ കോപ്പിയടി: തെളിവില്ലെന്ന് എഡിജിപി, പകര്‍ത്തിയെഴുതിയതല്ലെന്ന് റിപ്പോര്‍ട്ട്, കോപ്പിയടിക്കാന്‍ ഉപയോഗിച്ച തുണ്ടുകടലാസുകള്‍ കണ്ടെത്താനായില്ല

പോലീസ് സേനയ്ക്കു മാനക്കേടുണ്ടാക്കി തൃശൂര്‍ ഐജി ടി.ജെ. ജോസ് കോപ്പിയടിച്ച സംഭവത്തില്‍ ഐജിയെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും ശ്രമം. ഐജിക്കു ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടുള്ള റിപ്പോര്‍ട്ടാണ് എഡിജിപി ആഭ്യന്തരവകുപ്പിനു സമര്‍പ്പിച്ചിരിക്കുന്നത്. കോപ്പിയടിക്കു വ്യക്തമായ തെളിവില്ലെന്നാണ് എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ട്. അഞ്ചു പേജുകളാണ് ഐജി എഴുതിയിരുന്നത്. എന്നാല്‍ പകര്‍ത്തിയെഴുതിയതല്ലെന്നാണ് ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കോപ്പിയടിക്കാന്‍ ഉപയോഗിച്ച തുണ്ടുകടലാസുകള്‍ കണ്ടെത്താനായില്ല. പരിശോധകന് ഇത് പിടിച്ചെടുക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തരപേപ്പറില്‍ ചില തെറ്റുകളുണ്ട്. കോപ്പിയടിച്ചെങ്കില്‍ ഇങ്ങനെയുണ്ടാകില്ല. എന്നാല്‍, ഐജി കോപ്പിയടിച്ചെന്ന മൊഴിയില്‍ പരിശോധകന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, എല്‍എല്‍എം പരീക്ഷാഹാളില്‍ കൊണ്ടുവന്ന തുണ്ടുകടലാസുകള്‍ പിടിച്ചെടുക്കാന്‍ ഇന്‍വിജിലേറ്റര്‍ ശ്രമിച്ചപ്പോള്‍, ഐജി ടി.ജെ. ജോസ് ഹാള്‍ടിക്കറ്റും തുണ്ടുകളുമായി പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് എംജി സര്‍വകലാശാല പരീക്ഷാ വിഭാഗം ഡപ്യൂട്ടി റജിസ്ട്രാര്‍ എ.സി. ബാബു പരീക്ഷാ കണ്‍ട്രോളര്‍ക്കു സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
നേരത്തേ എഴുതിയ രണ്ടു പരീക്ഷകളിലും ഐജി ജോസ് കോപ്പിയടിച്ചതായി അന്വേഷണം നടത്തിയ ഡപ്യൂട്ടി റജിസ്ട്രാര്‍ പരീക്ഷാ കണ്‍ട്രോളര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുണ്ടുകളുടെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് തൂവാലയില്‍ പൊതിഞ്ഞാണു കൊണ്ടുവന്നത്. ആദ്യ രണ്ടു പരീക്ഷകളിലും ഇന്‍വിജിലേറ്റര്‍ ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇവ പിടിച്ചെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ സമ്മതിക്കാതെ ജോസ് ഹാള്‍ടിക്കറ്റും തുണ്ടുകളുമായി പുറത്തേക്ക് ഓടുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എംജി യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്പസ് എല്‍എല്‍എം പരീക്ഷയിലാണ് ഐജി കോപ്പിയടിച്ചത്. കളമശേരി സെന്റ് പോള്‍സ് കോളേജിലായിരുന്നു സംഭവം. കോപ്പിയടിക്കുന്നത് ഇന്‍വിജിലേറ്റര്‍ കണ്ടെത്തിയതിനെ തുടര്‍ന്നു ഐജിയെ ഇറക്കി വിടുകയും ചെയ്തിരുന്നു. തുടര്‍ന്നു യൂണിവേഴ്‌സിറ്റി നടത്തിയ അന്വേഷണത്തിലും ഐജി കോപ്പിയടിച്ചെന്നു കണ്ടെത്തിയിരുന്നു.
ഈ സംഭവത്തില്‍ ഐജി ടി ജെ ജോസ് കേസില്‍ നിന്നും ഊരുമെന്ന് മലയാളി വാര്‍ത്ത ആദ്യമേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് ഇപ്പോള്‍ സത്യമായി. തുണ്ടുവച്ചാലെന്ത് രക്ഷപ്പെടാന്‍ ഐജിക്ക് പഴുതുകളേറെ....തെളിവില്ലാത്തത് കേസിന് തിരിച്ചടിയാകും എന്ന തലക്കെട്ടിലായിരുന്നു മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. അത് ഇപ്പോള്‍ സത്യമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















