മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം, നിരവധി കടകള്‍ കത്തിനശിച്ചു, ആവര്‍ത്തിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക

മിഠായിത്തെരുവിലെ കോയാന്‍കോ ബസാറിനു സമീപം വന്‍ തീപിടിത്തം. രാത്രി പത്തരയോടെയുണ്ടായ തീപിടിത്തത്തില്‍ നിരവധി കടകള്‍ കത്തിനശിച്ചു. ബ്യൂട്ടി സ്‌റ്റോഴ്‌സ് എന്ന തുണിക്കടയിലാണ് ആദ്യം തീപ്പിടുത്തമുണ്ടായത്. തുടര്‍ന്നു മറ്റു കടകളിലേക്കു പടരുകയായിരുന്നു. ആര്‍ക്കും പരുക്കേറ്റതായി വിവരമില്ല. ഫയര്‍ഫോഴ്‌സ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പത്തോളം കടകള്‍ക്കു തീപിടിച്ചു. ചിലതു പൂര്‍ണമായി കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണു പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സിനൊപ്പം പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ നടത്തി.
ഫയര്‍ഫോഴ്‌സിന്റെ 12 യൂണിറ്റ് വാഹനങ്ങളാണു തീയണയ്ക്കാന്‍ എത്തിയത്. ബീച്ച്, വെള്ളിമാട് കുന്ന്, കൊടുവള്ളി, വടകര, മുക്കം, പേരാമ്പ്ര, തിരൂര്‍, മലപ്പുറം, യൂണിറ്റുകളും കരിപ്പൂരില്‍നിന്ന് എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ യൂണിറ്റും രക്ഷാപ്രവര്‍ത്തനത്തിന് എത്തി. കുടിവെള്ള ലോറികള്‍ ഉള്‍പ്പെടെയുള്ളവയും തീയണയ്ക്കാന്‍ മിഠായിത്തെരുവിലെത്തിച്ചു.
ഓടിട്ട പഴയ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്രാലയങ്ങളിലാണു തീപിടിച്ചത്. തടി സാമഗ്രികളായതിനാല്‍ എളുപ്പം തീ പടര്‍ന്നു. കെട്ടിടങ്ങളുടെ മേല്‍ക്കൂരയിലെ ഓടുകള്‍ പൊട്ടിത്തെറിച്ചതു രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാക്കി. കൃത്യമായ നഷ്ടം കണക്കാക്കിയിട്ടില്ലെങ്കിലും കോടികളുടെ നഷ്ടമുണ്ടായതായാണു വ്യാപാരികള്‍ പറയുന്നത്. രണ്ടു മണിക്കൂറോളമാണു തീ ആളിക്കത്തിയത്. തീപിടിത്ത വിവിരമറിഞ്ഞ് പോലീസ് നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവസ്ഥലത്ത് എത്തി. രാത്രിയില്‍ ഗതാഗത തടസമില്ലാതിരുന്നതു രക്ഷാപ്രവര്‍ത്തനം സുഗമമാക്കി.
2007ല്‍ മൊയ്തീന്‍ പള്ളി റോഡിലുണ്ടായ തീപ്പിടിത്തത്തിനു സമാനമായ അപകടമാണ് ഇന്നലെയുണ്ടായത്. 2007ല്‍ മൊയ്തീന്‍ പള്ളി റോഡിലെ പടക്കക്കടയിലുണ്ടായ തീപ്പിടിത്തത്തില്‍ ആറുപേര്‍ മരിച്ചിരുന്നു. ഇതിനു തൊട്ടടുത്താണ് ഇന്നലത്തെ തീപിടിത്തം.
മിഠായിത്തെരുവില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപിടിത്തത്തില്‍ വ്യാപാരികളും ജനങ്ങളും ആശങ്കയിലാണ്. 2007 നുശേഷം ചെറുതും വലുതുമായ നിരവധി തീപിടിത്തങ്ങളുണ്ടായി. 2010ലുണ്ടായ തീപിടിത്തത്തില്‍ എട്ടുകടകള്‍ കത്തിനശിച്ചിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പും മേഖലയില്‍ തീപിടിത്തമുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















