സെക്രട്ടേറിയറ്റിനു മുന്നില്‍ പതിമൂന്നുകാരന് തൊഴില്‍ പീഡനം

ബാലവേലയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവു വരുത്തിയതിന് പിന്നാലെ അധികൃതരുടെ കണ്‍മുന്നില്‍ പതിമൂന്നുകാരന് തൊഴില്‍ പീഡനം. ഭരണപക്ഷ സര്‍വീസ് സംഘടനയുടെ പ്രകടനം കേമമാക്കാന്‍, ഭരണസിരാകേന്ദ്രത്തിനു തൊട്ടുമുന്നില്‍ തമിഴ് ബാലനെ പൊയ്ക്കാലില്‍ നടത്തിച്ച് പീഡനം. തമിഴ്‌നാട് വെല്ലൂര്‍ ജില്ലയിലെ കച്ചാലന്‍ തെരുവ് സ്വദേശിയായ പതിമൂന്നുകാരനെയാണു കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനു പൊലിമകൂട്ടാന്‍ ഏജന്റ് നഗരത്തിലെത്തിച്ചത്.
പത്തടിയോളം പൊക്കമുള്ള മുളങ്കമ്പ് കാലില്‍ കെട്ടിവച്ചു പ്രകടനത്തില്‍ പങ്കെടുത്ത സംഘം കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. സമ്മേളനവേദിയായ വി.ജെ.ടി. ഹാളില്‍നിന്നു സെക്രട്ടേറിയറ്റിനു മുന്നിലൂടെ പ്രകടനം നീങ്ങവേയാണു പൊയ്ക്കാല്‍ സംഘത്തിലുള്ള ബാലന്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. സംശയം തോന്നിയ കാഴ്ചക്കാരില്‍ ചിലര്‍ കുട്ടിയുടെ പ്രായം തിരക്കി. പതിമൂന്നെന്നു കുട്ടി പറഞ്ഞുതീരുംമുമ്പേ ഏജന്റ് തടസപ്പെടുത്തി.
അപകടകരമായ ജോലി ചെയ്യുന്ന കുട്ടിക്കു ഭക്ഷണം മാത്രമാണ് ഏജന്റ് നല്‍കുന്ന കൂലി. സംഘത്തിലെ മുതിര്‍ന്നവര്‍ക്കു ദിവസക്കൂലി 800 രൂപ. സംഘാടകരില്‍നിന്ന് ഏജന്റ് 30,000 രൂപ പ്രതിഫലമായി കൈപ്പറ്റിയെന്നാണു വിവരം. സംഗതി ബാലവേലയാണെന്നു തിരിച്ചറിഞ്ഞവര്‍ സെക്രട്ടേറിയറ്റിനു മുന്നിലുണ്ടായിരുന്ന പോലീസുകാരെ വിവരമറിയിച്ചു. ഭരണപക്ഷസംഘടനയുടെ പ്രകടനമായതിനാല്‍ നടപടിയെടുക്കാന്‍ പോലീസിനും മടി. അതോടെ കാഴ്ചക്കാരില്‍ ചിലര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിച്ചു. സംഗതി പന്തിയല്ലെന്നു കണ്ട ഏജന്റ് പൊയ്ക്കാല്‍ സംഘവുമൊത്ത് സംഭവസ്ഥലത്തുനിന്നു മുങ്ങി. എന്നാല്‍, സംഘാടകരില്‍നിന്നു ലഭിച്ച മേല്‍വിലാസപ്രകാരം ഏജന്റിനെതിരേ ബാലവേല നിരോധനനിയമപ്രകാരം നടപടിയെടുക്കുമെന്നു ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അറിയിച്ചു. സംഘത്തിനായി തെരച്ചിലാരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















