ലണ്ടനില്‍ മലയാളി കുടുംബത്തിലെ ഭാര്യയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

ഈസ്റ്റ് ലണ്ടനിലെ ഷാഡ്ല്‍ഹീത്തില്‍ ഒരു മലയാളി കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശിയായ പുല്ലാര്‍കാട്ടില്‍ രതീഷ്‌കുമാറും കുടുംബവുമാണ് മരണപ്പെട്ടത്. 44-കാരനായ രതീഷ്‌കുമാര്‍ ഭാര്യ ഷിജി രതീഷ്‌കുമാര്‍(37), ഇരട്ടപെണ്‍കുട്ടികളായ നിയ, നേഹ എന്നിവര്‍ കഴിഞ്ഞ എട്ടു വര്‍ഷമായി ഇവിടെ ഒരു ഫ്ളാറ്റിലായിരുന്നു താമസിച്ചിരുന്നത്.
പതിവിനു വിപരീതമായി അന്ന് അവരെ പുറത്തേക്കൊന്നും കാണാതിരുന്നതിനാല്‍ സംശയം തോന്നിയ ഒരു അയല്‍വാസി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വീട് തുറന്നപ്പോളാണ് ഷിജിയേയും മക്കളേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. അവരുടെ ശരീരത്തില്‍ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല.
അല്പസമയത്തിനു ശേഷം സമീപത്തുള്ള ഒരു റിസര്‍വോയറിനടുത്ത് രതീഷ്‌കുമാറിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.
അതേസമയം തിങ്കളാഴ്ച രാത്രിയില്‍ അവിടെ വഴക്കുണ്ടാകുന്നതായി അറിഞ്ഞെത്തിയ പോലീസ് കതകില്‍ മുട്ടിയിട്ടും തുറക്കാത്തതിനെത്തുടര്‍ന്ന് തിരികെപ്പോയതായി പറയപ്പെടുന്നതിനെക്കുറിച്ച് ഇന്‍ഡിപെന്‍ഡന്റ് പോലീസ് കംപ്‌ളെയിന്‍സ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയിട്ട് രതീഷ്‌കുമാര്‍ ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. 2001-ല്‍ വിവാഹിതരായ ഇവര്‍ ഹാവെറിംഗ് സിറ്റി കൗണ്‍സിലില്‍ സാമൂഹ്യസേവനരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















