സ്‌പെയിനിൽ ജോലി ലഭിക്കുന്നതിനായി എം.ഡി.എം.എ വിൽപ്പനയ്‌ക്ക് ഇറങ്ങി; യുവാവ് എക്സൈസ് പിടിയിൽ

യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വിൽക്കാൻ എത്തിച്ച 20.2 ഗ്രാം എം.ഡി.എം.എയുമായി ചങ്ങനാശേരി പുഴവാത് നടുത്തലമുറി മുഹമ്മദ് ഷാനവാസിനെ (26) കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.മോഹനൻ നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ജനുവരി 11 നായിരുന്നു കേസിനാസ്പദമായ സംഭവം. വൈകിട്ട് നാലരയ്ക്ക് തെക്കും ഗോപുരം ജംഗ്ഷന് സമീപത്തുള്ള ഡി.ടി.ഡി സി കൊറിയർ സർവീസ് സ്ഥാപനത്തിന്റെ ഗേറ്റിനു സമീപത്തു നിന്നും മുഹമ്മദ് അൽത്താഫ് എന്നയാളെ എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. അന്ന് ഇയാൾക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഷാനവാസ് സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് എക്സൈസ് സംഘം നടത്തിയ അന്വേഷണത്തിൽ ഇന്നലെ പ്രതിയായ മുഹമ്മദ് ഷാനവാസ് ചങ്ങനാശേരി ഭാഗത്ത് എത്തിയതായി രഹസ്യ വിവരം ലഭിച്ചു. തുടർന്ന് എക്‌സൈസ് സംഘത്തിൻ്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി പെരുന്നയിലുള്ള ഫെഡറൽ ബാങ്ക് ശാഖയിലെത്തി. ഇവിടെ വച്ച് എക്‌സൈസ് സംഘത്തെ കണ്ടതും പ്രതിയായ മുഹമ്മദ് അൽത്താഫ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ഓടിയ എക്‌സൈസ് സംഘം പ്രതിയെ അതിസാഹസികമായി മൽപ്പിടുത്തതിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.
അന്വേഷണ സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ ടി.എസ് സുരേഷ് , സിവിൽ എക്‌സൈസ് ഓഫിസർമാരായ അനൂപ് വിജയൻ, കെ.വി അജിത് കുമാർ, ഡ്രൈവർ സി.കെ അനസ് എന്നിവരുമുണ്ടായിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഫാത്തിമാപുരം സ്വദേശി കണ്ണനെ ഇനി പിടികൂടാനുണ്ട്. ബികോം വിദ്യാർത്ഥികളായ മൂന്നു പേരും സ്‌പെയിനിൽ ജോലി ലഭിക്കുന്നതിനായി രണ്ടു ലക്ഷം രൂപ ട്രാവൽ ഏജൻ്റിനു നൽകിയിരുന്നു. ഇതിൻ്റെ ബാക്കി തുക കണ്ടെത്തുന്നതിനു വേണ്ടിയാണ് പ്രതികൾ എം.ഡി.എം.എ വിൽപ്പനയ്‌ക്ക് ഇറങ്ങിയതെന്നാണ് എക്‌സൈസ് സംഘം നൽകുന്ന സൂചന.
https://www.facebook.com/Malayalivartha


























