കടുംവെട്ടുകാരായ ഐ. എഎസുകാര്‍ പിണറായിയെ നോക്കുകുത്തിയാക്കി : കോടികള്‍ കാറ്റത്ത് ഒഴുകിപരക്കും

നമ്മുടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചില സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ആരോടാണ് കടപ്പാട്? സംസ്ഥാനത്തോടോ അതോ അവരവരോടോ?
ഐ. എ. എസുകള്‍ക്കിഷ്ടം ഐ. എ. എസുകാരോട് എന്നതിന്റെ തെളിവാണ് മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് പോയിരിക്കുന്ന ഒരു ഫയല്‍. തിരുവനന്തപുരം ടെന്നിസ് ക്ലബിന്റെ പാട്ടക്കുടിശിക കുറയ്ക്കുന്ന ഫയലാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ചില ഐ. എ. എസുകാര്‍ വലിയ താത്പര്യമെടുത്താണ് ഫയല്‍ മുഖ്യമന്ത്രിക്ക് മുന്നിലെത്തിച്ചത്.
ടെന്നിസ് ക്ലബിന്റെ പാട്ടക്കുടിശിക പതിനൊന്ന് കോടിയില്‍ നിന്ന് ഒരു കോടിയിലേക്ക് കുറയ്ക്കുന്നതോടെ സംസ്ഥാനത്തെ ഇരുപതോളം വന്‍കിട സ്ഥാപനങ്ങളില്‍ നിന്നും സ്റ്റേറ്റിന് ഉണ്ടാകുന്നത് കോടികളുടെ നഷ്ടമായിരിക്കും.
സിവില്‍ സര്‍വീസിലെ പ്രമുഖരായ ഉദ്യോഗസ്ഥര്‍ അംഗങ്ങളായ ഇത്തരം ക്ലബുകളുടെ പാട്ട കുടിശിക കുറയ്ക്കാന്‍ ചരടുവലിക്കുന്നത് സംസ്ഥാന സര്‍ക്കാരിലെ ഉന്നതരായ സെക്രട്ടറിമാരാണ്. കോടികള്‍ സംസ്ഥാനത്തിന് നഷ്ടമായാലും ക്ലബുകളില്‍ നിന്നും ഒന്നും നഷ്ടമാകരുതെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ കരുതല്‍.
പാട്ടക്കുടിശിക വരുത്തിയതിന് റവന്യുവകുപ്പ് ഏറ്റെടുക്കാന്‍ തീരുമാനിച്ച തിരുവനന്തപുരം ടെന്നീസ് ക്ലബിന് വേണ്ടിയാണ് സര്‍ക്കാറിന്റെ കടുംവെട്ട് തീരുമാനം. 11 കോടി ഉണ്ടായിരുന്ന കുടിശ്ശിക ഒരു കോടിയാക്കി കുറയ്ക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. അന്തിമ തീരുമാനം മന്ത്രിസഭാ യോഗം കൈക്കൊള്ളും. ക്ലബിന്റെ പാട്ടകുടിശ്ശിക കുറച്ച യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കാന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിയോഗിച്ച മന്ത്രി എകെ ബാലന്‍ സമിതി ശുപാര്‍ശ ചെയ്തിരുന്നു.
യുഡിഎഫ് സര്‍ക്കാറിന്റെ കടുംവെട്ട് തീരുമാനങ്ങള്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ച പിണറായി സര്‍ക്കാര്‍ സ്ഥാനമൊഴിയാനിരിക്കെയാണ് യു ഡി എഫിനെയും കടത്തി മുന്നോട്ട് പോയിരിക്കുന്നത്. തിരുവനന്തപുരം കവടിയാറിലെ ടെന്നീസ് ക്ലബിന് 4.27 ഏക്കര്‍ ഭൂമി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുത്തകപ്പാട്ട വ്യവസ്ഥക്കു നല്‍കിയിരിക്കുന്നത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ അവസാനനാളുകളില്‍ ക്ലബിന്റെ പാട്ട കുടിശ്ശിക ആറ് കോടിയായിരുന്നു. അന്നെടുത്ത കടുംവെട്ട് തീരുമാനങ്ങളുടെ ഭാഗമായി കുടിശ്ശിക പകുതിയാക്കി നിശ്ചയിച്ചു. ഒപ്പം 30 വര്‍ഷത്തേക്ക് പാട്ടക്കാലാവധിയും നീട്ടി. കടുംവെട്ട് തീരുമാനങ്ങള്‍ പരിശോധിക്കാന്‍ പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ രൂപീകരിച്ച എകെ ബാലന്‍ സമിതി കുടിശ്ശിക കുറച്ച തീരുമാനം റദ്ദാക്കി. ക്ലബ് പ്രതിനിധികളുമായി ഹിയറിംഗ് നടത്താന്‍ റവന്യുസെക്രട്ടറിയെ ചുമതലപ്പെടുത്തി. ഹിയറിംഗ് നടന്നെങ്കിലും തീരുമാനമാനമായില്ല. പക്ഷെ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാന്‍ റവന്യുമന്ത്രി നിര്‍ദ്ദേശിച്ചു. എന്നാല്‍ റവന്യുമന്ത്രിയുടെ വാക്കുകള്‍ക്ക് യാതൊരു വിലയുമുണ്ടായിരുന്നില്ല
മുന്‍ചീഫ് സെക്രട്ടറി ടോം ജോസാണ് മന്ത്രി ചന്ദ്രശേഖരന്റെ തീരുമാനത്തെ ആദ്യം വെട്ടിയത്. കഴിഞ്ഞ ഏപ്രില്‍ 27 ന് പൊതുതാല്പര്യമുള്ള കായികപരിശീലനം നല്‍കുന്ന സ്ഥാപനമായതിനാല്‍ ഇളവ് വേണമെന്ന് അദ്ദേഹം ഫയലില്‍ എഴുതി. എന്നാല്‍ ടെന്നീസ് ക്ലബില്‍ സൗജന്യം പരിശീലനം ഇല്ലെന്ന് കാണിച്ച് ഭൂമി ഏറ്റെടുക്കാന്‍ റവന്യുസെക്രട്ടറി വീണ്ടും ആവശ്യപ്പെട്ടു. ടോം ജോസ് മാറി വിശ്വാസ് മേത്ത വന്നപ്പോഴും നിലപാട് ക്ലബിന് അനുകൂലമായിരുന്നു. ഒറ്റയടിക്ക് 11 കോടിയുടെ കുടിശ്ശിക ഒരു കോടിയാക്കി കുറച്ചു. തീരുമാനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ഫയലില്‍ എഴുതി. റവന്യു സെക്രട്ടറി ഉറച്ചുനിന്നപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ട് ഫയല്‍ കായികവകുപ്പിന് കൈമാറി. അതായത് റവന്യുസെക്രട്ടറിയുടെ വിലയും കേരളം മനസിലാക്കി.
പൊതുജനങ്ങള്‍ക്കെല്ലാം ഈ ക്ലബ്ബില്‍ ഇഷ്ടം പോലെ സൗജന്യനിരക്കില്‍ ടെന്നീസ് കളിക്കാമെന്ന് കരുതിയാല്‍ തെറ്റി. വന്‍തുക അംഗത്വഫീസ് നല്‍കാത്തവര്‍ക്ക് സ്ഥാനം ഗേറ്റിന് വെളിയില്‍. അങ്ങിനെയുള്ള ക്ലബിനാണ് പൊതുജനതാല്പര്യം പറഞ്ഞുള്ള കൈ സഹായം. അതും മുന്‍ സര്‍ക്കാറിന്റെ തെറ്റ് തിരുത്തുമെന്ന് പ്രഖ്യാപിച്ച പിണറായി സര്‍ക്കാറിന്റെ വാരിക്കോരിയുള്ള ഇളവ് നല്‍കല്‍. ടെന്നിസ് ക്ലബ് ഒരു തുടക്കം മാത്രമാണ്. ഇതില്‍ തീരുമാനമായാല്‍ സര്‍ക്കാരിന് മുന്നിലുള്ള മറ്റ് ഫയലുകളിലും നിരനിരയായി തീരുമാനമെടുക്കും.
https://www.facebook.com/Malayalivartha


























