കൊട്ടിയൂര്‍ പീഡനം: ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പുരോഹിതനായിരുന്ന റോബിന്‍ വടക്കുഞ്ചേരി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

പ്രായപൂര്‍ത്തിയാകാത്ത കൊട്ടിയൂര്‍ പെണ്‍കുട്ടി പ്രസവിച്ച കേസില്‍ പ്രതിയായ ഫാ. റോബിന്‍ വടക്കുംചെരി 20 വര്‍ഷം കഠന തടവ് അനുഭവിച്ചേ തീരൂ. പീഡിപ്പിച്ച് അമ്മയാക്കിയ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പുരോഹിതനായിരുന്ന റോബിന്‍ വടക്കുഞ്ചേരി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് വൈദികന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്.
സുപ്രീംകോടതിയുടെ മുന്‍വിധിന്യായങ്ങളുടെ അടിസ്ഥാനത്തില്‍ ലൈംഗിക അതിക്രമക്കേസുകളില്‍ ഒത്തുതീര്‍പ്പുകളോ അയഞ്ഞ സമീപനമോ സ്വീകരിക്കാനാകില്ലെന്ന് കോടതി വിലയിരുത്തി. പെണ്‍കുട്ടിയേയും കുഞ്ഞിനെയും സംരക്ഷിച്ചു കൊള്ളാമെന്നും വിവാഹത്തിന് പെണ്‍കുട്ടിയുടെ സമ്മതമുണ്ടെന്നും വിവാഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു റോബിന്റെ ആവശ്യം.
അപ്പീലില്‍ പെണ്‍കുട്ടി കക്ഷി ചേര്‍ന്നിട്ടുണ്ടെന്നും വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും വിവാഹത്തിന് സഭാ അധികാരികളുടെ അനുമതിയുണ്ടെന്നും റോബിന്‍ ബോധിപ്പിച്ചു. എന്നാല്‍ മൂന്നു വയസു കഴിഞ്ഞ കുഞ്ഞിനെ മാതാവായ പെണ്‍കുട്ടി ഇതുവരെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും പെണ്‍കുട്ടി വിവാഹത്തെക്കുറിച്ച് അറിവില്ലെന്നാണ് പറഞ്ഞതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വിവാഹത്തിന് സഭയുടെ അനുമതി ഉണ്ടെന്ന് പ്രതി പറയുന്നുണ്ടങ്കിലും, രേഖകള്‍ ഒന്നും ഹാജരാക്കിയിട്ടില്ലെന്നും വ്യക്തമാക്കി.
പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നെന്നാണ് തലശേരി വിചാരണക്കോടതി വിചാരണയില്‍ കണ്ടെത്തിയത്.
മൂന്നു വകുപ്പുകളിലായി 60 വര്‍ഷം വിധിച്ച ശിക്ഷയാണ് 20 വര്‍ഷമായി അനുഭവിച്ചാല്‍ മതിയെന്ന് തലശേരി പോക്സോ കോടതി 2019 ഫെബ്രുവരിയില്‍ വിധിച്ചത്. സ്വീകരിക്കണമെന്ന് കണ്ണൂര്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടു കോടതി നിര്‍ദേശിച്ചിരുന്നു.
ഇതേ കേസില്‍ പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമായി കൈകാര്യം ചെയ്യാന്‍ ഇടനിലക്കാരായി നിലകൊണ്ട മാനന്തവാടി രൂപതാംഗങ്ങളായ ആറു കൂട്ടുപ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഫാ. റോബിന് നല്‍കിയ ശിക്ഷ മാതൃകാപരമെന്ന് മാനന്തവാടി രൂപത പ്രതികരിക്കുകയും റോബിനെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. കംപ്യൂട്ടര്‍ പഠിക്കാനെത്തിയ കുട്ടിയെ പള്ളിയോടു ചേര്‍ന്ന സ്വന്തം മുറിയില്‍ ഫാദര്‍ റോബിന്‍ പീഡിപ്പിക്കുകയും പെണ്‍കുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയില്‍ പ്രസവിക്കുകയും ചെയ്തതായാണ് കേസ്. 2017 ഫെബ്രുവരിയിലാണ് ഫാദര്‍ റോബിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
മാനന്തവാടി രൂപതയിലെ വൈദികനായിരുന്ന റോബിന്‍ കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയില്‍ വൈദികനായിരുന്ന കാലത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
https://www.facebook.com/Malayalivartha


























