ഷുഹൈബിന്റെ പിതാവ് സിപി മുഹമ്മദിനെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിപ്പിക്കാന്‍ ആലോചന സജീവം

സിപിഎമ്മുകാര്‍ അരുംകൊല ചെയ്ത കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ പിതാവ് സിപി മുഹമ്മദിനെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിപ്പിക്കാന്‍ ആലോചന സജീവം. രക്തസാക്ഷി കുടുംബത്തില്‍ നിന്ന് കോണ്‍ഗ്രസിനു സ്ഥാനാര്‍ഥി വേണമെന്ന കോണ്‍ഗ്രസിന്റെ പൊതുതാല്‍പര്യത്തോട് ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ് ഏറെക്കുറെ സമ്മതം മൂളിക്കഴിഞ്ഞു.
ഷുഹൈബിന്റെ പിതാവും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ സി.പി. മുഹമ്മദിനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ ധര്‍മടത്ത് ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. കഴിഞ്ഞ ഇലക്ഷനില്‍ ധര്‍മടത്ത് പിണറായിക്കെതിരെ മത്സരിച്ച മമ്പറം ദിവാകരനെ വീണ്ടും മത്സരിപ്പിക്കാന്‍ ആലോചനയുണ്ടായിരിക്കെയാണ് ഷൂഹൈബിന്റെ പിതാവിനെ മത്സരിപ്പിക്കാനുള്ള അവസരോചിത നീക്കം.
പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മല്‍സരിക്കാന്‍ തയാറാണെന്ന് എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദ് അടുത്തയിടെ വ്യക്തമാക്കിയതിനു പിന്നാലെയാണ് അപ്രതീക്ഷിതമായ തന്ത്രം പുറത്തുവരുന്നത്. 2011ലും 2016ലും മമ്പറം ദിവാകരന്‍ മല്‍സരിച്ച ധര്‍മടം മണ്ഡലത്തില്‍ ഷമയെ മത്സരിപ്പിക്കണമെന്നാണ് രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും താല്‍പര്യപ്പെടുന്നത്.
എന്നാല്‍ സംസ്ഥാന നേതൃത്വം ഇതിനോടു മാറിച്ചിന്തിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍, ധര്‍മടത്തിന്റെ ഭാഗമായ കടമ്പൂര്‍ പഞ്ചായത്ത് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതടക്കമുള്ള നേട്ടങ്ങളാണ് യുഡിഎഫിന്റെ നിലവിലെ ആത്മവിശ്വാസം. ഇടത് കോട്ടയായ ധര്‍മടം മണ്ഡലത്തില്‍ 36, 905 വോട്ടിനായിരുന്നു കഴിഞ്ഞ തെരഞ്ഞെടപ്പില്‍ പിണറായി വിജയന്റെ വിജയം.
ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഫിന്റെ പേര് ധര്‍മടത്ത് കഴിഞ്ഞ മാസം വരെ പരിഗണനയിലുണ്ടായിരുന്നു. എ ഗ്രൂപ്പ് നേതാവാണ് രഘുനാഥെങ്കിലും കണ്ണൂരില്‍ ഏറെ സ്വാധീനമുള്ള കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനുമായി അടുത്ത ബന്ധമാണ് രഘുനാഥിന് ഉള്ളത്.
മുസ്ലിം ലീഗിന്റെയും സിഎംപിയുടേയും പിന്തുണയും സി രഘുനാഥിനുണ്ടെന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ധര്‍മ്മടം മണ്ഡലത്തിന്റെ ചുമതല വഹിച്ചുവെന്ന നേട്ടവും രഘുനാഥിന് അനുകൂലമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 4090 വോട്ടിന്റെ ലീഡ് മാത്രമാണ് ധര്‍മ്മടത്ത് സിപിഎമ്മിന് ഉണ്ടായിരുന്നത്. ഇതിലാണ് യുഡിഎഫിന്റെ ഇക്കുറി പ്രതീക്ഷ.
ഇതേ സാഹചര്യത്തിലാണ് ധര്‍മ്മടത്ത് പിണറായി വിജയനെതിരെ കോണ്‍ഗ്രസ് രക്തസാക്ഷി കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥി വേണമെന്ന പ്രചാരണം കോണ്‍ഗ്രസ് നേതൃത്വത്തിലും സമൂഹ മാധ്യമങ്ങളിലും ശക്തമായത്. രക്തസാക്ഷിയായ ഷുഹൈബിന്റെ പിതാവ് സി പി മുഹമ്മദിനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് ഇവരുടെ അഭിപ്രായം. കൂടാതെ സംസ്ഥാന തലത്തില്‍ തന്നെ ഇത് വലിയ പ്രചരണ വിഷയമായി മാറുകയും ചെയ്യും.
2011 ലെ മണ്ഡല പുനഃര്‍നിര്‍ണ്ണയത്തിലൂടെ രൂപം കൊണ്ട ധര്‍മ്മടത്തെ ആദ്യ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെകെ നാരായണനായിരുന്നു വിജയി. മമ്പറം ദിവാകരെനെതിരെ നാരയണന്‍ നേടിയ ഭൂരിപക്ഷം 15162 വോട്ടുകളായിരുന്നു. ഭരണതുടര്‍ച്ച ലക്ഷ്യമിടുന്ന സിപിഎം പിണറായിയെ മുന്നില്‍ നിറുത്തി വീണ്ടും ഇലക്ഷനെ നേരിടുകയാണ്. കേരളം അപ്പാടെ പ്രചാരണം നയിക്കേണ്ട പിണറായിക്ക് സുരക്ഷിത മണ്ഡലം എന്ന തലത്തില്‍ ധര്‍മടം തന്നെ പാര്‍ട്ടി നല്‍കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
https://www.facebook.com/Malayalivartha


























