ഇവിടയിങ്ങനെയാ സഖാവേ... അപ്രതീക്ഷിത നീക്കവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; വമ്പന്‍മാരായ 5 മന്ത്രിമാരെ ഒറ്റയടിക്ക് വീഴ്ത്തി; വിവാദമുണ്ടാക്കിയ ശ്രീരാമകൃഷ്ണനേയും തന്ത്രപരമായി നീക്കി; രണ്ടാം അങ്കത്തിനൊരുങ്ങുന്ന പിണറായി വിജയന്‍ ലക്ഷ്യമിടുന്നത് പുതിയ ടീം; ഇപി ജയരാജന്‍ പാര്‍ട്ടി സെക്രട്ടറിയാകും

കേരളത്തെ കിടിലം കൊള്ളിച്ച 5 മന്ത്രിമാരേയും സ്പീക്കറേയും സ്വരം നന്നായിരിക്കുമ്പോള്‍ നിര്‍ത്താന്‍ സിപിഎമ്മിനേ കഴിയുകയുള്ളൂ.
അല്ലെങ്കില്‍ നോക്കണെ സംസ്ഥാനത്ത് സാമ്പത്തിക ഭദ്രത വരുത്തിയ കിഫ്ബി വീരന്‍ തോമസ് ഐസക്, വ്യവസായത്തെ തഴച്ച് വളര്‍ത്തിയ ഇ.പി. ജയരാജന്‍, നിയമവും സാംസ്‌കാരികവുമായി തിളങ്ങിയ എ.കെ. ബാലന്‍, അഴിമതിയുടെ പേര് കേള്‍പ്പിക്കാത്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, വിദ്യാഭ്യാസത്തെ ലോക നിലവാരത്തിലാക്കിയ സി. രവീന്ദ്രനാഥ്, ഏറ്റവും മികച്ച സ്പീക്കറായ പി. ശ്രീരാമകൃഷ്ണന്‍ എന്നിങ്ങനെ പ്രബലരേയാണ് പാര്‍ട്ടി വെട്ടിയത്. ഇത് കോണ്‍ഗ്രസിലായിരുന്നെങ്കില്‍ കാണാമായിരുന്നു. ഇപി ജയരാജനെ സംബന്ധിച്ച് രാജയോഗമാണ്. ഇപിയെ പാര്‍ട്ടി സെക്രട്ടറിയാക്കും.
തുടര്‍ച്ചയായി രണ്ട് ടേം പൂര്‍ത്തിയാക്കിയവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് മാറണമെന്ന വ്യവസ്ഥ കര്‍ക്കശമാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചതോടെ നിലവിലെ അഞ്ച് മന്ത്രിമാരും സ്പീക്കറുമടക്കം ഇരുപത്തിയഞ്ചോളം പേരാണ് മത്സരക്കളത്തിനു പുറത്തേക്കായത്.
തോമസ് ഐസക് (ആലപ്പുഴ), ജി.സുധാകരന്‍ (അമ്പലപ്പുഴ), പ്രൊഫ. സി.രവീന്ദ്രനാഥ് (പുതുക്കാട്) എ.കെ.ബാലന്‍ (തരൂര്‍), ഇ.പി.ജയരാജന്‍ (മട്ടന്നൂര്‍) എന്നിവരാണ് ടിക്കറ്റില്ലാതാകുന്ന മന്ത്രിമാര്‍.
പൊളിറ്റ്ബ്യൂറോയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാകും മത്സരരംഗത്ത്. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ 50 ശതമാനവും പുതുമുഖങ്ങളാകും. ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റി ഇതില്‍ അന്തിമ തീരുമാനമെടുക്കും. തുടര്‍ന്ന് ജില്ലാ കമ്മിറ്റികളുടെ അംഗീകാരം നേടി ഔദ്യോഗിക പ്രഖ്യാപനം നടത്തും.
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു പുറമേ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ (മലമ്പുഴ), മുന്‍ മന്ത്രി എസ്. ശര്‍മ്മ (വൈപ്പിന്‍) എന്നിവരും 'എക്‌സിറ്റ്' പട്ടികയിലുണ്ട്. പ്രായാധിക്യത്താല്‍ വിശ്രമത്തിലുള്ള വി.എസ് ഇത്തവണ ഇതാദ്യമായി പ്രചാരണം നയിക്കാനുണ്ടാവില്ല. മുഖ്യമന്ത്രി തന്നെയാവും പ്രചാരണത്തിലും നായകസ്ഥാനത്ത്.
കല്പറ്റ എല്‍.ജെ.ഡിക്ക് വിട്ടുനല്‍കേണ്ടി വരുമ്പോള്‍ അവിടെ ഒരു ടേം മാത്രം എം.എല്‍.എയായ സി.കെ. ശശീന്ദ്രനും ബേപ്പൂരില്‍ സാദ്ധ്യതാ പട്ടികയിലില്ലാത്ത വി.കെ.സി. മമ്മദ് കോയയും ഒഴിവായേക്കാം. അന്തരിച്ച കെ.വി. വിജയദാസിനു പകരം കോങ്ങാട്ടും പുതിയ മുഖമെത്തും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്കും ഇളവു വേണ്ടെന്ന വ്യവസ്ഥ കഴിഞ്ഞ സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ അത്യാവശ്യം ഇളവു നല്‍കണോയെന്ന് ഇന്ന് സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും. ഒന്നോ രണ്ടോ പേര്‍ക്ക് ഇളവുണ്ടാകുമെന്നാണ് സൂചന.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍ തുടങ്ങിയവര്‍ പുതിയ സാദ്ധ്യതാപട്ടികയില്‍ പ്രചരിക്കുന്ന പേരുകാരാണ്.
ഇ.പി. ജയരാജന്‍, എ.കെ. ബാലന്‍, തോമസ് ഐസക്, ജി.സുധാകരന്‍, പ്രൊഫ.സി. രവീന്ദ്രനാഥ് എന്നിവരാണ് ഒഴിവാകുന്ന മന്ത്രിമാര്‍. കടകംപള്ളി സുരേന്ദ്രന്‍, കെ.കെ.ശൈലജ, ജെ. മേഴ്‌സിക്കുട്ടിഅമ്മ, എ.സി. മൊയ്തീന്‍, ടി.പി. രാമകൃഷ്ണന്‍, എം.എം. മണി, കെ.ടി. ജലീല്‍ എന്നിവരാണ് വീണ്ടും മത്സരിക്കുന്ന മന്ത്രിമാര്‍. സി.പി.എം സ്വതന്ത്രനായാണ് ജലീല്‍ കഴിഞ്ഞ മൂന്നു തവണയും മത്സരിച്ചത്.
അതുകൊണ്ട് ടേം നിബന്ധന ബാധകമാകില്ല. ഒഴിവാകുന്ന പ്രമുഖ എം.എല്‍.എമാര്‍ രാജു എബ്രഹാം (റാന്നി), എ. പ്രദീപ്കുമാര്‍ (കോഴിക്കോട് നോര്‍ത്ത്), പി. അയിഷ പോറ്റി (കൊട്ടാരക്കര), ബി.സത്യന്‍ (ആറ്റിങ്ങല്‍), ആര്‍. രാജേഷ് (മാവേലിക്കര), കെ. സുരേഷ് കുറുപ്പ് (ഏറ്റുമാനൂര്‍), എസ്. രാജേന്ദ്രന്‍ (ദേവികുളം), പി. ഉണ്ണി (ഒറ്റപ്പാലം), കെ.വി. അബ്ദുള്‍ഖാദര്‍ (ഗുരുവായൂര്‍), ബി.ഡി. ദേവസ്സി (ചാലക്കുടി), കെ.ദാസന്‍ (കൊയിലാണ്ടി), ടി.വി. രാജേഷ് (കല്യാശ്ശേരി), ജെയിംസ് മാത്യു (തളിപ്പറമ്പ്), സി.കൃഷ്ണന്‍ (പയ്യന്നൂര്‍), കെ.കുഞ്ഞിരാമന്‍ (ഉദുമ). എന്നിവരാണ്.
https://www.facebook.com/Malayalivartha