കാര്യങ്ങള്‍ കൈവിടുന്നു... സ്വപ്നയും സ്വര്‍ണവും ഈന്തപ്പഴവും ഡോളറുമായി കറങ്ങി നടന്ന ഇഡി കിഫ്ബിയില്‍ തൊട്ടതോടെ കളി മാറി; ഇഡി വനിതാ ജീവനക്കാരോട് മാന്യതവിട്ട് പെരുമാറിയെന്ന് മുഖ്യമന്ത്രി; ഇഡിക്കെതിരെ കേസെടുക്കാന്‍ ആലോചനയുമായി സര്‍ക്കാര്‍

എന്തൊരു പുകിലായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന ഇഡി. ദേ വരുന്നു, സ്വപ്നയെ പിടിക്കുന്നു ശിവശങ്കറെ പൂട്ടുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറുന്നു.
സ്വപ്നയും സ്വര്‍ണവും ഈന്തപ്പഴവും ഡോളറുമായി കറങ്ങി നടന്ന ഇഡിയില്‍ സര്‍ക്കാര്‍ വീഴുമെന്ന് കരുതിയവര്‍ക്കൊക്കെ തെറ്റി. പവനായി ശവമായത് പോലെയായി കാര്യങ്ങള്‍. അവസാനം തെരഞ്ഞെടുപ്പ് സമയത്ത് ഇഡി കിഫ്ബിയില്‍ തൊട്ടതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇഡിക്കെതിരെ മുഖ്യമന്ത്രി തന്നെ രംഗത്തു വന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ കിഫ്ബിയിലെ വനിതകള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോടു മാന്യതയുടെ അതിരു ലംഘിക്കുന്ന പെരുമാറ്റം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പു കാലത്തു കേന്ദ്ര ഏജന്‍സി ആര്‍ക്കു വേണ്ടിയാണു ചാടിയിറങ്ങിയതെന്നു തിരിച്ചറിയാന്‍ പാഴൂര്‍പടിപ്പുര വരെ പോകേണ്ടതില്ല. ബിജെപിയെയും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെയും തൃപ്തിപ്പെടുത്താനുള്ള പ്രവര്‍ത്തനമല്ല ഇവര്‍ നടത്തേണ്ടത്.
റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയും ചട്ടങ്ങള്‍ പാലിച്ചും കിഫ്ബി മസാല ബോണ്ട് പുറപ്പെടുവിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കൊച്ചിയില്‍ കിഫ്ബിക്കെതിരെ പ്രസംഗിച്ചെങ്കിലും അതു ജനം മുഖവിലയ്‌ക്കെടുത്തില്ല. അതിനാലാണ് ഇഡിയെ ഉപയോഗിക്കുന്നത്. മന്ത്രിയുടെ ഇംഗിതം നടപ്പാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അതിരു കവിഞ്ഞ വ്യഗ്രത കാട്ടുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ മേലാളന്മാര്‍ക്കും ഇഷ്ടമുള്ള മൊഴി നല്‍കിയില്ലെങ്കില്‍ അപമര്യാദയായി അഭിസംബോധന ചെയ്യുകയും ഭീഷണിപ്പെടുത്തി വഴിക്കു കൊണ്ടുവരാന്‍ ശ്രമിക്കുകയുമാണ്. വേണ്ടിവന്നാല്‍ ശാരീരികമായി ഉപദ്രവിക്കും എന്നാണു ഭാവം.
ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായാല്‍ അതിനിരയാകുന്നവര്‍ക്കു സംരക്ഷണം നല്‍കാന്‍ നാട്ടില്‍ നിയമമുണ്ടെന്നും പിണറായി പറഞ്ഞു.
അതേസമയം കിഫ്ബിക്കെതിരെ അന്വേഷണവും ചോദ്യം ചെയ്യലുമായി കളത്തിലിറങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ.എം. ഏബ്രഹാം പരാതി നല്‍കി.
ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തി കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നു ചീഫ് സെക്രട്ടറിക്കു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നതടക്കം നിയമനടപടികള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണ്.
മുന്‍പ് പ്രോട്ടോക്കോള്‍ ഓഫിസിലെ ഉദ്യോഗസ്ഥനും സമാന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇഡിക്കെതിരെ കേസെടുക്കുന്നത് ഉചിതമല്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. പുതിയ പരാതിയില്‍ മുഖ്യമന്ത്രി സമ്മതം നല്‍കിയാല്‍ പൊലീസ് കേസെടുക്കും. ഇതു കേന്ദ്ര ഏജന്‍സിയും സംസ്ഥാന സേനയും തമ്മിലെ ഏറ്റുമുട്ടലിനു വഴിതെളിക്കും. തിരഞ്ഞെടുപ്പിലെ സജീവ ചര്‍ച്ചാവിഷയം കൂടിയായി ഇതു മാറും.
ധനവകുപ്പില്‍ നിന്നു കിഫ്ബിയിലേക്കു പോയി ഡപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന അഡിഷനല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യലിനിടെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് ആരോപണം. മസാല ബോണ്ടിറക്കുന്നതിനു മുന്‍പ് ഫണ്ട് മാനേജ്‌മെന്റ് സംബന്ധിച്ചുള്ള പരിശീലനത്തിനായി ലണ്ടനില്‍ പോയ സംഘത്തില്‍ ഇവരുമുണ്ടായിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നല്‍കിയ പരാതിയില്‍ ഇവരെ ചോദ്യം ചെയ്ത കാര്യം പരാമര്‍ശിച്ചിരുന്നെങ്കിലും വിശദാംശങ്ങളിലേക്കു കടന്നിരുന്നില്ല. ഇഡിയുടെ ചോദ്യം ചെയ്യലിനു ഹാജരായ ശേഷം ഉദ്യോഗസ്ഥ കിഫ്ബിക്കു നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരാതി എഴുതി വാങ്ങി ക്രിമിനല്‍ കേസ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് ആലോചന.
"
https://www.facebook.com/Malayalivartha