കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ സംഘര്‍ഷത്തില്‍ ആയുധം പിടിച്ചു വാങ്ങി വെടിയുതിര്‍ത്താണ് ജവാനെ വധിച്ചതെന്ന് ആഭ്യന്തര സഹമന്ത്രി

കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ സംഘര്‍ഷത്തിനിടെ ജവാനെ ഒരു സംഘം ആളുകള്‍ പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന റിപ്പോര്‍ട്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്. സിഐഎസ്എഫ് ജവാനില്‍ നിന്നും ആയുധം തട്ടിയെടുത്ത് വെടിവയ്ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കരിപ്പൂരിലേതു ഗുരുതര സുരക്ഷാവീഴ്ചയെന്ന് കിരണ്‍ റിജ്ജു രാവിലെ പ്രതികരിച്ചിരുന്നു. സിഐഎസ്എഫിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചു. വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനുശേഷം ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയെടുക്കും. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കരിപ്പൂര്‍ സന്ദര്‍ശിക്കുമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിയേറ്റു മരിച്ച സിഐഎസ്എഫ് ഭടന്‍ എസ്.എസ്. യാദവിനു വെടിയുണ്ട ഏറ്റത് ഇടതു കവിളിലൂടെ തുളച്ചു കയറി തലച്ചോറിലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. യാദവ് തല്‍ക്ഷണം മരിക്കാനിടയാക്കിയത് ഈ വെടിയുണ്ടയാണെന്നു പോസ്റ്റുമോര്‍ട്ടം നടത്തിയ ഫൊറന്‍സിക് വിദഗ്ധരുടെ നിഗമനം. തലയോട്ടി തകര്‍ത്ത വെടിയുണ്ട മൂന്നായി പിളര്‍ന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം െനടുമ്പാശേരി വിമാനത്താവളത്തിലേക്കു കൊണ്ടു പോയി. ഇവിടെ പൊതുദര്‍ശനത്തിനു വച്ചശേഷം സ്വദേശമായ ഉത്തര്‍പ്രദേശിലെ അസംഘട്ടിലേക്ക് കൊണ്ടു പോവും.
ഇന്നലെ രാത്രിയാണ് സിഐഎസ്എഫും വിമാനത്താവള അഗ്‌നിശമന സേനാ വിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റു മരിച്ചത്. ഇതിനെത്തുടര്‍ന്നു വിമാനത്താവളം താല്‍ക്കാലികമായി അടച്ചെങ്കിലും ഇന്നു രാവിലെ തുറന്നു. വിമാനത്താവളത്തിലെ അതീവസുരക്ഷാ ഗേറ്റ് വഴിയെത്തിയ അഗ്‌നിശമന സേനാംഗത്തെ സിഐഎസ്എഫ് ജവാന്‍മാര്‍ തടഞ്ഞുനിര്‍ത്തി ദേഹപരിശോധന നടത്താന്‍ ശ്രമിച്ചതോടെയാണ് തര്‍ക്കമുണ്ടായത്. തര്‍ക്കം കേട്ട് കൂടുതല്‍ അഗ്‌നിശമന സേനാംഗങ്ങളും ജവാന്‍മാരും കുതിച്ചെത്തി. വിമാനത്താള അതോറിറ്റി ജീവനക്കാരും എത്തിയതോടെ വാക്കുതര്‍ക്കം രൂക്ഷമായി. ഇതിനിടെയാണ് വെടിവയ്പുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















