ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ

ഡല്‍ഹി സ്‌ഫോടനത്തില്‍ ചാവേറായ ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധം. ബുര്‍ഹാന്‍ വാനിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് പ്രതിജ്ഞയെടുത്തിറങ്ങിയ ഉമര്‍ ഡല്‍ഹി ചുട്ട് ചാമ്പലാക്കാനാണ് പദ്ധതിയിട്ടത്. കശ്മീരിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര ഗ്രൂപ്പിന്റെ തലവനായിരുന്നു ബുര്‍ഹാന്‍. 2016 ജൂലൈയില്‍ കശ്മീര്‍ സൈന്യം ഈ ഭീകരന്റെ തലചിതറിച്ചു. ബുര്‍ഹാന്റെ കടുത്ത ആരാധകനായിരുന്നു ഉമര്‍. ബുര്‍ഹാന്‍ വാനിയുടെ പിന്തുടര്‍ച്ചക്കാരന്‍ സ്വയം അവകാശപ്പെട്ടിരുന്നു ഉമര്‍. വാനിയുടെ ചോരയ്ക്ക് പകരം ചോദിക്കാന്‍ കൂടിയാണ് ഉമര്‍ വൈറ്റ് കോളര്‍ മൊഡ്യൂളില്‍ അംഗമായത്.
കാറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ഡല്‍ഹിയില്‍ പലയിടത്തായ് ഒരേസമയം സ്‌ഫോടന പരമ്പയാണ് ലക്ഷ്യംവെച്ചത്. ആശുപത്രികള്‍ ആയുധ സംഭരണ കേന്ദ്രങ്ങളാക്കി. പിടിക്കപ്പെട്ടാല്‍ രോഗിളേയും ഡോക്ടര്‍മാരേയും ബന്ധികളാക്കി രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി രക്ഷപ്പെടാനായിരുന്നു പദ്ധതി. മാത്രമല്ല സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കയറി വെടിവെയ്പ്പിനും പദ്ധതി തയ്യാറാക്കി കാത്തിരുന്നു. സ്‌ഫോടനങ്ങള്‍ക്കായി ഇയാള്‍ 2023 മുതല്‍ ഐഇഡികളെക്കുറിച്ച് ഗവേഷണം നടത്തി വന്നിരുന്നതായും എന്‍ഐഎ സൂചിപ്പിക്കുന്നു. കശ്മീരിലെ ആശുപത്രികളെ രഹസ്യ ആയുധ സംഭരണ കേന്ദ്രങ്ങളായി ഉപയോഗിക്കാന്‍ ജയ്‌ഷെമുഹമ്മദ് സംഘം ശ്രമിച്ചിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ചെങ്കോട്ടയടക്കം രാജ്യത്തിന്റെ പ്രധാനപ്പെട്ട പല നഗരങ്ങളിലും സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നു. പല മൊഡ്യൂളുകളായിട്ടാണ് ഗ്രൂപ്പ് പ്രവര്‍ത്തിച്ചത്. മൊഡ്യൂളില്‍ ഉള്ള എല്ലാവരേയും ഇവര്‍ക്ക് പരസ്പരം അറിയില്ല. അതിന്റെ പ്രധാന കാരണം എല്ലാവരുടേയും വിവരം പുറത്ത് പോകരുതെന്ന രഹസ്യ നീക്കം. ഒരു മൊഡ്യൂള്‍ പിടിക്കപ്പെട്ടാല്‍ മറ്റ് മൊഡ്യൂളുകള്‍ ഒളിവില്‍ പോകുകയും അവര്‍ നിശബ്ദമായ് മറ്റൊരു അവസരത്തിനായ് കാത്തിരിക്കണം. കേന്ദ്ര ഏജന്‍സികളെ വലയ്ക്കുന്ന വലിയ വിഷയവും ഇത് തന്നെയാണ്.
ആയിരക്കണക്കിന് ആളുകള്‍ വൈറ്റ് കോളര്‍ മൊഡ്യൂളില്‍ ഉണ്ട്. പക്ഷെ ഭീകരര്‍ക്ക് പരസ്പരം അറിയില്ല. എത്രയും പെട്ടെന്ന് ഈ മൊഡ്യൂളിന്റെ അടിവേര് അറുക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട നീക്കം. ചെങ്കോട്ട സ്‌ഫോടനത്തിന് 2023 മുതല്‍ തയ്യാറെടുപ്പുകള്‍ ശക്തമായിരുന്നു. അറസ്റ്റിലായ ആറ് പേര് ഒറ്റയ്ക്ക് കൂട്ടായും ചോദ്യം ചെയ്യുന്നതിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് എന്‍ഐഎയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഉമര്‍ നബി ഒന്നിലധികം തീവ്രവാദ ഗ്രൂപ്പുകളുമായ് ഒരേസമയം ബന്ധപ്പെട്ടിരുന്നു. സ്‌ഫോടനത്തിന് മൂന്നാഴ്ച മുന്‍പ് കശ്മീരിലേക്ക് പോകുന്നു. ഒക്ടോബര്‍ 18ന് ചില നിര്‍ണായക കൂടിക്കാഴ്ചകളിലും യോഗങ്ങളിലും പങ്കെടുത്തു. ഖാസി ഗുണ്ടിലാണ് ചര്‍ച്ചകള്‍ നടന്നത്. ഇവിടെ വെച്ചാണ് അല്‍ഖ്വയ്ദയുടെ ചില ഭീകരരെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയത്. കൂടാതെ ഐഎസ് ശൃംഖലയിലെ ചില കണ്ണികളെ ഉമര്‍ ബന്ധപ്പെട്ടിരുന്നു.
ഇപ്പോള്‍ പിടിക്കപ്പെട്ടിരിക്കുന്നവരെല്ലാം കശ്മീര്‍ സ്വദേശികളാണ്. അതുകൊണ്ട് തന്നെ ബുര്‍ഹാന്‍ വാനി ഗ്രൂപ്പിന്റെ സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. ബുര്‍ഹാന്‍ വാണി ചില്ലറക്കാരനല്ല കശ്മീരിലെ പാക് കൂറുള്ള ചെറുപ്പക്കാരുടെയൊക്കെ ഹീറോ ഇയാളാണ്. ചെറുപ്പക്കാരെ തോക്കെടുപ്പിച്ച് രാജ്യത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതില്‍ പ്രധാനി. ഖാലിസ്ഥാന്‍ ഭീകരന്‍ ബിന്ദ്രന്‍ വാലയെപ്പോലെ ഒരാള്‍. ഹിസ്ബുള്‍ ഗ്രൂപ്പിന്റെ പ്രധാന കാമന്‍ഡര്‍ ആയിരുന്നു. 2016ല്‍ ബുര്‍ഹാന്‍ കൊല്ലപ്പെട്ടപ്പോള്‍ കശ്മീരില്‍ കലാപം നടന്നു. 17 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. പിന്നീടുള്ള ഇയാളുടെ ഓരോ ചരമവാര്‍ഷികത്തിലും കശ്മീരില്‍ വലിയ സുരക്ഷയാണ് സൈന്യം ഒരുക്കുന്നത്. പോലീസും സൈന്യവും കശ്മീര്‍ വളയും ഇന്റര്‍നെറ്റ് വിച്ചേദിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കും അത്രത്തോളം സുരക്ഷ ഏര്‍പ്പെടുത്തും.
വാണിയുടെ ഗ്രൂപ്പ് വെറുതെയിരിക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് ഈ സംവിധാനങ്ങള്‍. ബുര്‍ഹന്റെ സഹോദരനും സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിലാണ് മരിച്ചത്. ബുര്‍ഹന്‍ വാണിയെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഒട്ടേറെ ശ്രമിച്ചിരുന്നു എന്ന് പിതാവ് മുസാഫര്‍ വാണി വെളിപ്പെടുത്തിയിരുന്നു. മൂത്ത സഹോദരന്‍ ഖാലിദ് വാണിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്നാണ് ബുര്‍ഹന്‍ വാണി ഹിസ്ബുള്‍ മുജാഹിദീനില്‍ ചേരുന്നത്. വിമതരോട് ആഭിമുഖ്യം ഉള്ളയാളായിരുന്നു ഖാലിദ് വാണിയും. കശ്മീര്‍ ഇന്ത്യയുടെ അധീനതയില്‍ വെയ്ക്കുന്നതിനെ ബുര്‍ഹന്‍ വാണി ശക്തമായി എതിര്‍ത്തിരുന്നു.
ഹിസ്ബുള്‍ മുജാഹിദീന്റെ പല പോസ്റ്ററുകളിലും ബുര്‍ഹന്‍ വാണി പ്രത്യക്ഷപ്പെട്ടിരുന്നു. യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ബുര്‍ഹന്റെ താരമൂല്യം ഉപയോഗിച്ച് 100 ഓളം കശ്മീരി യുവാക്കളെ ഹിസ്ബുള്‍ മുജാഹിദീന്‍ റിക്രൂട്ട് ചെയ്തിരുന്നു. ആ സംഘത്തില്‍പ്പെട്ടവരാകാം ഉമര്‍ ഉള്‍പ്പെട്ട ഒരു വിഭാഗം ഗ്രൂപ്പ്.
ഉമര്‍ നബിയുടെ സംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍മാരില്‍ പലരും അല്‍ഖ്വയ്ദയുടെ ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചപ്പോള്‍, കൂടുതല്‍ തീവ്രനിലപാടുള്ള ഐഎസ്‌ഐസിനോടായിരുന്നു ഉമര്‍ നബിക്ക് താല്‍പ്പര്യമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍, ഡോ. അദീല്‍ അഹമ്മദ് റാത്തര്‍, കശ്മീരി മതപണ്ഡിതന്‍ മുഫ്തി ഇര്‍ഫാന്‍ വാഗെ തുടങ്ങിയവരുമായിട്ടാണ് ഉമര്‍ നബി ആശയപരമായി ഭിന്നിപ്പ് പ്രകടിപ്പിച്ചിരുന്നത്.
പാശ്ചാത്യ സംസ്‌കാരത്തേയും വിദൂരശത്രുക്കളെയും ആക്രമിക്കുന്ന അല്‍ഖ്വയ്ദ സമീപനത്തോടാണ് ഇവര്‍ ചായ്‌വ് പ്രകടിപ്പിച്ചിരുന്നത്. അടുത്തുള്ള ശത്രുക്കളെ കീഴ്‌പ്പെടുത്തുക, മതഭരണം സ്ഥാപിക്കുക തുടങ്ങിയ ഐഎസ് നയങ്ങളാണ് ഉമര്‍ നബി താല്‍പ്പര്യപ്പെട്ടത്. പ്രത്യയശാസ്ത്രം, സാമ്പത്തികം, ആക്രമണം നടത്തുന്ന രീതി എന്നിവയുമായി ബന്ധപ്പെട്ട് ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ മറ്റ് അംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം, ഭീകരസംഘാംഗമായ ഡോ. അദീല്‍ അഹമ്മദ് റാത്തറിന്റെ ഒക്ടോബറില്‍ നടന്ന വിവാഹച്ചടങ്ങില്‍ നിന്നും ഉമര്‍ നബി വിട്ടുനിന്നിരുന്നു. മതപുരോഹിതന്‍ മുഫ്തി ഇര്‍ഫാന്‍ വാഗെ അറസ്റ്റിലായതോടെ, ഉമര്‍ നബി കശ്മീരിലേക്ക് പാഞ്ഞെത്തി. ഒക്ടോബര്‍ 18 ന് ഖാസിഗുണ്ടിലെത്തിയ ഉമര്‍ മറ്റുള്ളവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് സംഘാംഗങ്ങളുമായുള്ള അഭിപ്രായ ഭിന്നത പരിഹരിച്ചു. സംഘം അഫ്ഗാനിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നാട്ടില്‍ തന്നെ തങ്ങി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിടുകയായിരുന്നു.
ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജയ്‌ഷെമുഹമ്മദ് ഭീകരസംഘടനയിലെ ഓരാളെ കൂടി സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയും ജമ്മു കശ്മീരിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. പുല്‍വാമയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന തുഫൈലാണ് പിടിയിലായത്. ശ്രീനഗര്‍ സ്വദേശിയായ ഇയാളെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഭീകരാക്രമണ പദ്ധതിയില്‍ തുഫൈലിന്റെ പങ്കെന്താണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. ഗൂഢാലോചനയില്‍ ഇയാളുടെ പങ്കാളിത്തം സൂചിപ്പിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. ഡല്‍ഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കുല്‍ഗാമിലെ മുസഫര്‍ അഹമ്മദ് റാഥറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഖാസിഗുണ്ട് സ്വദേശിയായ മുസഫര്‍ ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ടതായും ഇപ്പോള്‍ അഫ്ഗാനിസ്താനില്‍ അഭയം തേടിയിരിക്കാമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജയ്‌ഷെമുഹമ്മദ് തലവന്മാര്‍ക്കും വൈറ്റ് കോളര്‍ ഭീകര ശൃംഖലയ്ക്കും ഇടയില്‍ ഒരു നിര്‍ണായക കണ്ണിയായി ഇയാള്‍ പ്രവര്‍ത്തിച്ചുവെന്നാണ് കണ്ടെത്തല്‍. ഇയാളെ വിട്ടുകിട്ടുന്നതിനും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനും ജമ്മു കശ്മീര്‍ പോലീസ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസിനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രതികളായ മുസമ്മില്‍ ഷക്കീല്‍ ഗനായി, ആദില്‍ അഹമ്മദ് റാഥര്‍, ഷഹീന്‍ ഷഹീദ്, മുഫ്തി ഇര്‍ഫാന്‍ അഹമ്മദ് വഗായ് എന്നിവരെ ശ്രീനഗറിലെ എന്‍ഐഎ കസ്റ്റഡിയിലേക്ക് മാറ്റി. ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്കും സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 'വൈറ്റ് കോളര്‍' ഭീകര സംഘടനയ്ക്കും ഇടയിലുള്ള കണ്ണിയായി ഡോ. മുസാഫര്‍ അഹമ്മദ് റാത്തര്‍ നിര്‍ണായക പങ്ക് വഹിച്ചിരിക്കാമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഇയാളെ കൈമാറുന്നതിനായി ജമ്മു കശ്മീര്‍ പോലീസ് നേരത്തെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ആവശ്യപ്പെട്ടിരുന്നു. മുസാഫറിന് അല്‍ഫലാഹ് സര്‍വകലാശാലയുമായി ബന്ധമുണ്ട് .
ഡല്‍ഹി സ്‌ഫോടനത്തിന്റെ പേരില്‍ എല്ലാ ?കശ്മീകളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ജമ്മു കശ്മീരിലെ എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമി. കുല്‍ഗാമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌ഫോടനത്തെ എല്ലാ കശ്മീരികളും അപലപിച്ചതാണ്. ഇപ്പോള്‍ സ്‌ഫോടനത്തിന്റെ പേരില്‍ എല്ലാ കശ്മീരികളെയും സംശയിക്കുകയാണ്. ഇത് ദേശീയ താല്‍പ്പര്യത്തിനുതകുന്നതല്ല. സ്‌ഫോടനത്തിന് പിന്നിലുള്ളവരെ ശരിയായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം. തരിഗാമി പറഞ്ഞു.
https://www.facebook.com/Malayalivartha























