വിഴിഞ്ഞം കേരളത്തിന്റെ സ്വന്തം സിങ്കപ്പൂരാകും: നിര്‍മ്മാണം ഏത് അന്താരാഷ്ട്ര തുറമുഖത്തോടും കിടപിടിക്കും വിധം

കാല്‍നൂറ്റാണ്ടായി ലക്ഷ്യത്തിലടുക്കാതെ തുഴഞ്ഞുനീങ്ങിയിരുന്ന വിഴിഞ്ഞം പദ്ധതി ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നു. ഇനി അന്താരാഷ്ട്ര തുറമുഖ ഭൂപടങ്ങളില്‍ വിഴിഞ്ഞത്തിന്റെ മുദ്രപതിയുന്നതോടെ തുറമുഖ നഗരമായി അനന്തപുരി വളരും. മെഗാ കണ്ടെയ്‌നര്‍ കടത്തുപോലും വിഴിഞ്ഞം വഴിയാകുന്നതോടെ കേരളത്തിന്റെ മുഖം ലോകത്തിനു മുന്നില്‍ തിളങ്ങുന്നത് വിഴിഞ്ഞം വഴിയായിരിക്കും.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തുറമുഖ നിര്‍മ്മാണം ആരംഭിക്കും. നാലുകൊല്ലങ്ങള്‍ക്കപ്പുറം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് വിഴിഞ്ഞം പ്രവര്‍ത്തിച്ചുതുടങ്ങുമ്പോഴേക്കും തിരുവനന്തപുരത്ത് മാറ്റങ്ങള്‍ ദൃശ്യമായി തുടങ്ങും.
വിഴിഞ്ഞം പദ്ധതി കടവിലടുത്തതോടെ പ്രധാനമായും സ്ഥലവിലയില്‍ അത് പ്രതിഫലിക്കും. നിലവിലുള്ളതിനെക്കാള്‍ ഭൂമി വില പലമടങ്ങ് കൂടും. വിഴിഞ്ഞം തുറമുഖ പദ്ധതിയോടൊപ്പം അനുബന്ധ വ്യവസായങ്ങളുള്‍പ്പെടെ വരുന്നതോടെ കോര്‍പ്പറേറ്റകളും വിഴിഞ്ഞത്തെ നോട്ടമിടും. എന്തുവിലകൊടുത്തും അവര്‍ ഭൂമി സ്വന്തമാക്കും. അതോടെ മോഹവിലയാകും അവിടങ്ങളില്‍.
സ്വപ്നം കാണാത്ത തരത്തിലുള്ള വികസനങ്ങളാകും വിഴിഞ്ഞത്ത് വരിക. തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായവും വളരും. ഹോട്ടല്‍ ശൃംഖലകള്‍ തന്നെ ആ പ്രദേശത്തേക്ക് വരാം. കോവളംകൂടി അടുത്തുള്ളതിനാല്‍ കൂടുതല്‍ റിസോര്‍ട്ടുകള്‍ മേഖലയിലേക്ക് വ്യാപിക്കും. മെച്ചപ്പെട്ട താമസം ഉറപ്പുവരുത്തുന്ന ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയെല്ലാം വിഴിഞ്ഞത്തിന് ഒരു മെട്രോ നഗരത്തിന്റെ കെട്ടുംമട്ടും നല്‍കും.
തുറമുഖം പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ ലഭിക്കും. തുറമുഖത്തോടനുബന്ധിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കും. കപ്പല്‍ റിപ്പയറിംഗ്, സ്‌റ്റോറേജ് സ്‌റ്റേഷനുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിവയിലും നിക്ഷേപങ്ങള്‍ വരുന്നതോടെ അതിലും തൊഴില്‍ സാധ്യതയുണ്ടാകും. എണ്ണക്കമ്പനികളും വിഴിഞ്ഞത്തേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതും തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കും.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന ഫിഷിംഗ് ഹാര്‍ബറും വിഭാവനം ചെയ്തിട്ടുണ്ട്. അതോടെ മത്സ്യബന്ധന സൗകര്യങ്ങള്‍ വര്‍ദ്ധിക്കും. മത്സ്യക്കയറ്റുമതി ലക്ഷ്യമിട്ടാണ് സീ ഫുഡ് പാര്‍ക്ക് നിര്‍മ്മിക്കുക. 3.5 ഏക്കറാകും ഇതിന്റെ വിസ്തൃതി. തുറമുഖവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്കടക്കം ഇത് ഉപയോഗിക്കാം.
തുറമുഖത്തേക്ക് വലിയ കൂറ്റന്‍ കണ്ടെയ്‌നര്‍ ഷിപ്പുകള്‍ മാത്രമല്ല ഉല്ലാസയാത്ര കപ്പലുകള്‍ വരുന്നതിനായി ക്രൂയിസ് ടെര്‍മിനല്‍ നിര്‍മ്മിക്കും. ആഡംബരക്കപ്പലുകള്‍ ഇവിടേക്ക് വരുന്നതോടെ കേരളത്തിന്റെ ടൂറിസം വികസനത്തിന് വലിയ മുതല്‍കൂട്ടാവും. ഇതോടെ ഇവിടെ നിന്ന് കൊളംബോയിലേക്കടക്കം യാത്രകപ്പലുകളും ഓടിക്കാനാകും.
തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതോടെ റോഡ്, റെയില്‍ വികസനവും ഉണ്ടാകും. വിഴിഞ്ഞത്തേക്ക് ആറുവരിപ്പാത നിര്‍മ്മിക്കും. റെയില്‍വെ ലൈനും തുറമുഖത്തേക്ക് ഉണ്ടാകും. നേമത്തുനിന്നാണ് തുറമുഖ പ്രദേശത്തേക്ക് ട്രാക്ക് നീളുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















