റബ്ബര്‍ കര്‍ഷകര്‍ക്ക് മാണിയുടെ സഹായം,റബറിന് കിലോയ്ക്ക് 150 രൂപ ഉറപ്പാക്കാനുള്ള പദ്ധതിയുടെ കരട് രൂപരേഖ തയാറായി

റബറിന് കിലോയ്ക്ക് 150 രൂപ ഉറപ്പാക്കാനുള്ള പദ്ധതിയുടെ കരട് രൂപരേഖ തയാറായി. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെ.എം. മാണി പ്രഖ്യാപിച്ച 300 കോടി രൂപയുടെ വിലസ്ഥിരതാ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയുടെ കരട് രൂപരേഖയാണ് തയ്യാറായത്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടന്‍ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എം. മാണി അറിയിച്ചു. കിലോയ്ക്ക് 150 രൂപ താങ്ങുവിലയില്‍ 20,000 ടണ്‍ റബര്‍ വാങ്ങാനുള്ള സഹായമായാണ് ബജറ്റില്‍ 300 കോടിയുടെ ഫണ്ട് പ്രഖ്യാപിച്ചത്. കര്‍ഷകര്‍ക്ക് ഈ വില ലഭിക്കുന്ന തരത്തില്‍ ഒരു ലക്ഷം ടണ്‍ റബര്‍ സംഭരിക്കാനാണ് വിപുലീകരിച്ച പദ്ധതി തയാറാകുന്നത്. പത്തു ലക്ഷം ചെറുഇടത്തരം കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കമ്പനികളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തോട്ടങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തില്ല. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതി പ്രകാരം റബര്‍ബോര്‍ഡ് അതത് ദിവസത്തെ റബറിന്റെ വില പ്രസിദ്ധീകരിക്കും. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് കിലോയ്ക്ക് 150 രൂപ ലഭിക്കുന്ന തരത്തില്‍, ദിവസവിലയുമായുള്ള വ്യത്യാസം ബാങ്ക് മുഖേന സബ്‌സിഡിയായി നല്‍കും. ആര്‍.എസ്.എസ്4, ആര്‍.എസ്.എസ്5, ലാറ്റക്‌സ് തുടങ്ങി സ്‌ക്രാപ് ഒഴികെ എല്ലാ ഇനം റബറിനും സബ്‌സിഡി ലഭിക്കും. റബര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഡീലര്‍മാര്‍ വഴിയുള്ള വില്‍പ്പനയ്ക്കു മാത്രമായിരിക്കും ആനുകൂല്യം. സബ്‌സിഡിയുടെ ദുരുപയോഗം തടയാന്‍ കര്‍ശന ഉപാധികള്‍ ഏര്‍പ്പെടുത്തും. അഞ്ചു ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള കര്‍ഷകര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. പരമാവധി രണ്ടു ഹെക്ടറിലുള്ള റബര്‍ കൃഷിക്കു സബ്‌സിഡി ലഭിക്കും. ഹെക്ടറിന് പരമാവധി 1800 കിലോ റബറിനാണ് ഈ ആനുകൂല്യം ലഭിക്കുക. കേരളത്തില്‍ ഒരു ഹെക്ടറില്‍ നിന്നുള്ള ശരാശരി റബര്‍ ഉല്‍പാദനം 1800 കിലോഗ്രാമാണെന്ന റബര്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇത്. സമീപത്തെ റബര്‍ ഉല്‍പാദകസംഘത്തിലാണ് കര്‍ഷകര്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. സംഘം പ്രസിഡന്റിന്റെ ശിപാര്‍ശ പരിഗണിച്ച് റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സബ്‌സിഡി അനുവദിക്കുക. പണം രണ്ടാഴ്ചയിലൊരിക്കല്‍ ധനവകുപ്പില്‍ നിന്ന് കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കു നല്‍കും. ഇതിനായി എന്‍.ഐ.സിയുടെ മേല്‍നോട്ടത്തില്‍ വിപുലമായ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേര്‍ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. പദ്ധതി നിലവില്‍ വരുന്ന രണ്ടാഴ്ച മുതല്‍ നാലു ദൈ്വവാരം മുമ്പുവരെയുള്ള ഉല്‍പന്നങ്ങള്‍ക്ക് സബ്‌സിഡിക്ക് അര്‍ഹതയുണ്ടാകും. അതിനു ശേഷം അതത് ദൈ്വവാരത്തിലെ ഉല്‍പാദനത്തിനു മാത്രമാകും സബ്‌സിഡി ലഭിക്കുക. പുതുതായി തയാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിലസ്ഥിരതാ ഫണ്ടില്‍ നിന്ന് 500 കോടി രൂപ ആവശ്യപ്പെടും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി തിങ്കളാഴ്ച ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി കെ.എം. മാണി അറിയിച്ചു .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















