കരിപ്പൂര്‍ സംഘര്‍ഷം, നാല് സിഐഎസ്എഫ് ഭടന്‍മാര്‍ അറസ്റ്റില്‍,കൂടുതല്‍ പേരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നാല് സിഐഎസ്എഫ് ഭടന്‍മാര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. സിഐഎസ്എഫ് ഭടന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ വെടിപൊട്ടിയ തോക്ക് കൈവശം വച്ചിരുന്ന സിഐഎസ്എഫ് ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു പോലീസ് കേസെടുത്തിരുന്നു. കൂടുതല്‍ വകുപ്പുകളും ഇദ്ദേഹത്തിനെതിരെ ചുമത്തും. അതേസമയം,കരിപ്പൂര്‍ വിമാനത്താവളത്തിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സി.ഐ.എസ്.എഫ് ഡപ്യൂട്ടി കമന്‍ഡാന്റ് ദാനിയേല്‍ ധന്‍രാജിനെ ജോലിയില്‍ നിന്ന് മാറ്റി. പകരം ഐജി ആര്‍.എന്‍.സഹായി ചുമതല ഏറ്റെടുത്തു.
സംഘര്‍ഷവും കൊലപാതകവും നടക്കുമ്പോള്‍ സീതാറാം ചൗധരി തോക്കു ചൂണ്ടുന്ന ദൃശ്യങ്ങളാണ് നിര്‍ണായക തെളിവായത്. കൊലപാതകത്തിന് ശേഷം സീതാറാമിന്റെ കയ്യിലുണ്ടായിരുന്ന തോക്ക് താഴെ വച്ച് കൊല്ലപ്പെട്ട എസ്.എസ്.യാദവിന്റെ നാഡിമിടിപ്പ് പരിശോധിക്കുന്ന ദൃശ്യവും വ്യക്തമാണ്. എസ്.എസ്.യാദവിന്റെ കൊലപാതകത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയാണ് ചുമത്തിയത്. എന്നാല്‍ കൊലപാതകത്തിന് ശേഷം സീതാറാം രണ്ട് റൗണ്ട് കൂടി വെടിയുതിര്‍ക്കുന്നുണ്ട്. ഇത് ബോധപൂര്‍വമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ആശുപത്രി വിട്ടാലുടന്‍ ചൗധരിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കും.
കൊലപാതകത്തിന് ശേഷം സിഐഎസ്എഫ്. ഭടന്മാര്‍ നടത്തിയ ആക്രമണങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. 25 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പ്രതിയാക്കാന്‍ പ്രാഥമികമായി തീരുമാനിച്ചിട്ടുണ്ട്. പട്ടിക തയ്യാറായാല്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ സിഐഎസ്എഫ് ഭടന്മാരുടെ അറസ്റ്റുണ്ടാകും. അക്രമമുണ്ടാക്കിയ 100 ഭടന്‍മാരെ അച്ചടക്ക നടപടിയുടെ ഭാഗമായി ബെംഗളൂരുവിലേക്കു സ്ഥലംമാറ്റി. പൊതുമുതല്‍ നശിപ്പിച്ചതിന് 25 ഭടന്‍മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ഥലംമാറ്റിയവരും കേസില്‍ ഉള്‍പ്പെടുന്നവരാണ്. അതിനാല്‍, സ്ഥലംമാറ്റം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണോദ്യോഗസ്ഥര്‍ സിഐഎസ്എഫ് ഡപ്യൂട്ടി കമ്മിഷണര്‍ക്കു കത്തുനല്‍കി.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒന്‍പതുപേരെയും മഞ്ചേരി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഹരിപ്രിയ പി. നമ്പ്യാര്‍ 27 വരെ റിമാന്‍ഡ് ചെയ്തു. വിമാനത്താവളത്തിലെ വിഐപി കവാടത്തിനു മുന്നില്‍ സിഐഎസ്എഫുകാര്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ദേഹപരിശോധന നടത്തിയതിന്റെ വിരോധത്തില്‍ പ്രതികള്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി വഴക്കുണ്ടാക്കിയതാണു സംഭവത്തിനു കാരണമായതെന്നു കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരായ സണ്ണി തോമസ്, അജിത് കുമാര്‍ എന്നിവരുടെ അറസ്റ്റ് ഇന്നലെയും രേഖപ്പെടുത്തിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















