വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ച മോഷണക്കേസ് പ്രതി അര്‍ധരാത്രിയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങോടെ രക്ഷപ്പെട്ടു... മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് സാഹസികമായി പ്രതിയെ പിടികൂടി
വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ച മോഷണക്കേസ് പ്രതി അര്‍ധരാത്രിയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങോടെ രക്ഷപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പ്രതിയെ വീടിന് സമീപത്തെ പുഞ്ചപ്പാടത്തുനിന്ന് പോലീസ് ഇന്നലെ പുലര്‍ച്ചെ സാഹസികമായി പിടികൂടി.
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി 11.45-നാണ് സംഭവങ്ങളുടെ തുടക്കം. പന്നിവേലിച്ചിറ സ്വദേശി ഇരുട്ട് ഉണ്ണി എന്നു വിളിക്കുന്ന പ്രതീഷ് (23) ആണ് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. ആശുപത്രിയില്‍ വൈദ്യപരിശോധനയുടെ ഭാഗമായി ഉയരവും ഭാരവും നോക്കുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ച് പ്രതീഷ് കടന്നത്.
ഇതിനിടെ ൈകയ്യിലെ വിലങ്ങ് ഇയാള്‍ മുറിച്ചുനീക്കിയിരുന്നു. സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാരാണ് പ്രതിയെ പരിശോധനയ്ക്ക് എത്തിച്ചത്. എ.എസ്.ഐക്കാണ് പ്രതിയുടെ സുരക്ഷാ ചുമതല നല്‍കിയിരുന്നെങ്കിലും പിന്നീട് പ്രതിയെ പോലീസുകാരെ ഏല്‍പ്പിച്ച് വിടുകയായിരുന്നുവെന്ന് പറയുന്നു.
മോഷണക്കുറ്റം കൂടാതെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിനും വിലങ്ങ് മുറിച്ചതിനും കേസെടുത്തു. നേരത്തെ പോക്സോ കേസിലും ഇയാള്‍ പ്രതിയായിരുന്നു.
ആറന്മുള എസ്.എച്ച്.ഒ. ജി. ജയകുമാര്‍, എസ്.ഐ.മാരായ രാജീവ്, ഹരീന്ദ്രന്‍, സി.പി.ഒ.മാരായ ജോബിന്, ജയകൃഷ്ണന് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha