ആ അരക്കോടി രൂപയ്ക്ക് രേഖകളുണ്ടെന്ന് കെ. എം. ഷാജി... രേഖകൾ ഹാജരാക്കാൻ ഒരു ദിവസം സമയം അനുവദിക്കണമെന്നും ഷാജി...
കണ്ണൂരിലെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് രേഖകളുണ്ടെന്ന് കെ എം ഷാജി എം എൽ എ. ബന്ധുവിന്റെ ഭൂമി ആവശ്യത്തിനുള്ള തുകയാണ് പിടിച്ചെടുത്തത്. രേഖകൾ ഹാജരാക്കാൻ ഒരു ദിവസം സമയം അനുവദിക്കണമെന്നും ഷാജി വിജിലൻസ് സംഘത്തെ അറിയിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് കോഴിക്കോടും, കണ്ണൂരുമുള്ള കെ എം ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയത്.
രാവിലെ ഏഴു മണിയോടെയാണ് വിജിലൻസ് സ്പെഷ്യൽ സെൽ ഷാജിയുടെ വീടുകളിൽ പരിശോധന തുടങ്ങിയത്. വൈകുന്നേരമാണ് ഷാജിയുടെ കണ്ണൂരുള്ള വീട്ടിൽ നിന്ന് അരക്കോടി രൂപ വിജിലൻസ് കണ്ടെത്തിയത്. വിജിലൻസ് പരിശോധന 12 മണിക്കൂർ കഴിയുമ്പോഴാണ് കെ എം ഷാജിയുടെ വീട്ടിൽ നിന്ന് 50 ലക്ഷം രൂപ കണ്ടെത്തിയെന്ന വാർത്തകൾ പുറത്തു വന്നത്.
കെ എം ഷാജി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തി വരികയായിരുന്നു. ഇന്നു രാവിലെ മുതലാണ് ഷാജിയുടെ രണ്ടു വീടുകളിലും റെയ്ഡ് ആരംഭിച്ചത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തിട്ടുണ്ട്. കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽ ഒരേ സമയമാണ് റെയ്ഡ് നടക്കുന്നത്.
അഴിക്കോടും കോഴിക്കോടുമുള്ള വീടുകള്‍ ഭാര്യ ആശയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചും വിജിലൻസ് പരിശോധിക്കുന്നുണ്ട്. നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇതു സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരുന്നു.
https://www.facebook.com/Malayalivartha