ലക്ഷദ്വീപില്‍ കനത്ത നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ്; വീടുകളും ബോട്ടുകളും തകര്‍ന്നു; ദ്വീപിലെ വൈദ്യുതി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വ്യാപകമായി തകരാറിലായി

ലക്ഷദ്വീപില്‍ കനത്ത നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ്. വിവിധയിടങ്ങളില്‍ അതിശക്തമായി വീശിയ ചുഴലിക്കാറ്റില്‍ നിരവധി വീടുകളും ബോട്ടുകളും തകര്‍ന്നു. കനത്ത നാശനഷ്ടങ്ങളാണ് ലക്ഷദ്വീപില്‍ ഉണ്ടായത്.
കനത്ത കാറ്റിനും മഴയ്ക്കുമൊപ്പം ശക്തമായ കടല്‍ക്ഷോഭവുമുണ്ടായി. തെങ്ങുകള്‍ കടപുഴകി വീണും മറ്റും ലക്ഷദ്വീപിലെ വൈദ്യുതി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വ്യാപകമായി തകരാറിലായി. ശക്തമായ കാറ്റിലും മഴയിലും അന്‍പതിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. അറുപതിലധികം മത്സ്യബന്ധന ബോട്ടുകള്‍ക്കും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.
ചെത്തിലാത്ത്, കില്‍ത്താന്‍ ദ്വീപുകളില്‍ ടൗട്ടേ കനത്ത നാശം വിതച്ചു. ആന്ത്രോത്ത് ദ്വീപിലും കല്‍പേനിയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വെള്ളം കയറി. ഇതിനിടെ വൈപ്പിനില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷ്വദ്വീപ് തീരത്തിനടുത്ത് മുങ്ങി. എട്ട് പേരാണ് ആണ്ടവന്‍ തുണൈ എന്ന ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരില്‍ മൂന്നുപേരെ മറ്റ് രണ്ട് ബോട്ടുകളില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha