രണ്ടാം പിണറായി സർക്കാരിനോട് വെര്‍ച്വല്‍ സത്യപ്രതിജ്ഞയിലൂടെ ഒരു മാതൃകയാകണം എന്ന് നടി പാർവതി, ട്വിറ്ററിലൂടെയാണ് പാർവതി തിരുവോത്ത് പ്രതിഷേധം അറിയിച്ചത്
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഓണ്‍ലൈനായി നടത്തണമെന്ന ആവശ്യം പല ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. മെയ് 20നാണ് സത്യപ്രതിജ്ഞ നടക്കുക. 500 പേരെ ഉള്‍പ്പെടുത്തി ചടങ്ങ് നടത്തുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. കോവിഡ് കേസുകള്‍ ഇപ്പോഴും വര്‍ദ്ധിച്ചുവരികയാണെന്നും ഇത്തരത്തില്‍ ചടങ്ങ് നടത്തുന്നത് ശരിയായ നടപടി അല്ലെന്നും പാര്‍വതി വ്യക്തമാക്കി.
കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്. അതുകൊണ്ടാണ് ഈ തീരുമാനം എല്ലാവരെയും ഞെട്ടിക്കുന്നത്. സത്യപ്രതിജ്ഞക്കായി ഉള്ള 500പേര്‍ അത്ര കൂടുതലല്ല എന്ന് കണക്കാക്കരുത്. കേസുകള്‍ ഇപ്പോഴും കൂടി വരികയാണെന്നും നമ്മള്‍ കോവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ലെന്നും കണക്കിലെടുക്കുമ്പോള്‍, ഇത് വളരെ തെറ്റായ നടപടിയാണ്. വെര്‍ച്വല്‍ സത്യപ്രതിജ്ഞയിലൂടെ ഒരു മാതൃകയാവുകയാണ് ഇപ്പോള്‍ വേണ്ടത്. ഞാന്‍ ഈ സമയം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. പൊതുയോഗം ഒഴിവാക്കി വെര്‍ച്വല്‍ ചടങ്ങ് നടത്തണമെന്ന്-പാര്‍വതി കുറിച്ചു.
മെയ് 20-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത് ക്ഷണിക്കപ്പെട്ട 500 പേര്‍ക്കാണ് ചടങ്ങില്‍ പങ്കെടുക്കാനുള്ള അനുമതിയുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. 50,000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 500 പേരെ ഉള്‍പ്പെടുത്തി ചടങ്ങ് നടത്തുന്നതില്‍ പ്രശ്‌നമൊന്നും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്ത് അതും സർക്കാരിന്റെ നേതൃത്വത്തിൽ തന്നെ നിയമം ലംഘിക്കുന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.
ഇതിനിടെ ട്രിപ്പിള്‍ ലോക്ക് ഡൌൺ നിലനില്‍ക്കെ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എ.കെ.ജി സെന്ററില്‍ കേക്ക് മുറിച്ച് തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തിയതിനെതിരെയും പരാതികൾ ഉയരുന്നു . ജില്ലാ കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ഒത്തുചേരലുകളും നിരോധിച്ചിരിക്കുകയാണ്.
ആയിരക്കണക്കിന് അനുയായികൾ ഉള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ചെയ്യുന്ന നിയമലംഘനം കൂടുതൽ ഗൗരവത്തോടു കൂടി വേണം കാണേണ്ടത്. കാരണം അവരുടെ പ്രവർത്തികൾ സമൂഹത്തിൽ സ്വാധീനം ഉണ്ടാക്കുകയും ഇത്തരം നിയമലംഘന പ്രവർത്തനം നടത്താൻ അനുയായികളെ പ്രേരിപ്പിക്കുകയും ചെയ്തേക്കാമെന്നും കൊയ്ത്തൂര്‍കോണം സ്വദേശി അഡ്വ എം. മുനീറിന്റെ പരാതിയിൽ പറയുന്നു.
ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ രാഷ്ട്രീയ-സമൂഹിക കൂടിച്ചേരലുകള്‍ അടക്കം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു. ജനങ്ങള്‍ ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുമ്പോള്‍ പുറത്ത് നേതാക്കള്‍ ആഘോഷിക്കുകയാണെന്ന് അടക്കമുള്ള വിമർശനമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha