ഇവിടിങ്ങനയാ ഭായി... ഭരണപക്ഷത്തിന്റെ പട്ടാഭിഷേകം നടന്നിട്ടും പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ ഇപ്പോഴും കൂട്ടയടി തുടരുന്നു; ഭൂരിപക്ഷത്തിന്റെ പിന്തുണയെന്ന് രമേശും സതീശനും ഒരു പോലെ വാദിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനെ ഇന്നറിയാം

പിണറായി വിജയനും മന്ത്രിമാരും സത്യപ്രിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഇവിടെയാണെങ്കില്‍ പ്രതിപക്ഷത്തിന്റെ കാര്യം കഷ്ടമാണ്.
ചെന്നിത്തലയും വിടി സതീശനും തമ്മില്‍ നേതാവാകാന്‍ മത്സരിക്കുകയാണ്. അതിനിടെ വിടി സതീശനാണ് പുതിയ പ്രതിപക്ഷ നേതാവാണെന്ന തരത്തില്‍ വാര്‍ത്ത വന്നു. എന്നാല്‍ പിണറായി വിജയനെ വിളിച്ച് ആശംസയറിയിച്ച് താനാണ് പ്രതിപക്ഷ നേതാവെന്ന് പറയാതെ പറയിപ്പിച്ചു.
കേരളത്തില്‍ പ്രതിപക്ഷ നേതാവ് ആരെന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ വടംവലി രൂക്ഷമാകുകയാണ്. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയോടെ വി.ഡി. സതീശന്‍ നേതാവായേക്കുമെന്ന സൂചനകള്‍ ശക്തമായെങ്കിലും ഹൈക്കമാന്‍ഡ് സ്ഥിരീകരിച്ചില്ല. രമേശ് ചെന്നിത്തലയെ മാറ്റരുതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെടുന്നു; മാറ്റില്ലെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതു സംബന്ധിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ, വി. വൈത്തിലിംഗം എന്നിവര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. തിരുവനന്തപുരത്ത് എംഎല്‍എമാരുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് ഖര്‍ഗെ നടത്തിയ കൂടിക്കാഴ്ചയില്‍, ഭൂരിഭാഗം പേരും തങ്ങളെയാണ് അനുകൂലിച്ചതെന്ന പ്രതീക്ഷ രമേശും സതീശനും ഒരുപോലെ പങ്കുവയ്ക്കുന്നു.
ഇതിനിടെ, കെപിസിസി പ്രസിഡന്റായി കെ. സുധാകരനെയും യുഡിഎഫ് കണ്‍വീനറായി പി.ടി. തോമസിനെയും നിയോഗിച്ചേക്കുമെന്ന സൂചനകളും പുറത്തുവന്നു.
എന്നാല്‍, ഈ പദവികളിലെ തീരുമാനങ്ങള്‍ വൈകാനാണു സാധ്യത. പ്രതിപക്ഷനേതൃപദവിയില്‍ നിന്നു മാറുന്നതു സംബന്ധിച്ച് ഹൈക്കമാന്‍ഡില്‍ നിന്ന് ഒരു സന്ദേശവും ചെന്നിത്തലയ്ക്കു ലഭിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ പിന്തുണയും രമേശിനുണ്ട്.
ഇരുവരെയും മറികടന്നുള്ള തീരുമാനത്തിന് ഹൈക്കമാന്‍ഡ് മുതിര്‍ന്നാല്‍, സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ചലനമുണ്ടാകും. രമേശിനു പിന്തുണ നല്‍കുന്നതിനു പകരം കെപിസിസി പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടാനും അതിലേക്ക് മുതിര്‍ന്ന നേതാവ് കെ.സി. ജോസഫിന്റെ പേര് മുന്നോട്ടു വയ്ക്കാനും എ ഗ്രൂപ്പ് ആലോചിക്കുന്നു.
നേതൃതലത്തില്‍ മാറ്റം അനിവാര്യമാണെന്നു വാദിക്കുന്ന യുവ എംഎല്‍എമാരില്‍ ചിലരാണു സതീശനു പിന്നിലുള്ളത്. കെ. സുധാകരന്‍ അടക്കമുള്ള ഏതാനും എംപിമാരും നേതൃമാറ്റത്തെ അനുകൂലിക്കുന്നു.
ഒന്നാം പിണറായി സര്‍ക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് യുഡിഎഫിന്റെ പടനയിച്ച രമേശിനെ മാറ്റുന്നത് അനീതിയാണെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നു.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് ആശംസകള്‍ അര്‍പ്പിച്ച് രമേശ് ചെന്നിത്തല ഇന്നലെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അര്‍പ്പിച്ചത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെന്‍ട്രന്‍ സ്‌റ്റേഡിയത്തിലേക്ക് എത്തേണ്ടതില്ലെന്ന് യുഡിഎഫ് നിലപാടെടുത്തിരുന്നു. ഓണ്‍ലൈന്‍ ആയി സത്യപ്രതിജ്ഞാ ചടങ്ങ് കാണുമെന്ന നിലപാടാണ് യുഡിഎഫിന് .
അതേ സമയം സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരറ്റുകഴിഞ്ഞിട്ടും പ്രതിപക്ഷ നേതാവ് ആരാകണമെന്ന ചര്‍ച്ചകള്‍ നടക്കുന്നതേ ഉള്ളു. ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രമേശ് ചെന്നിത്തല തുടരണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ വിഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തണമെന്ന് പാര്‍ട്ടിയിലെ യുവ നിര ആവശ്യപ്പെടുന്നുണ്ട്. എന്തായാലും ചെന്നിത്തലയ്ക്ക് ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല പോലെയാകും കാര്യങ്ങള്‍.
"
https://www.facebook.com/Malayalivartha





















