ഇതില്‍പ്പരം യോഗം വേറെയുണ്ടോ... വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്ത് പോകേണ്ടി വന്ന പല മന്ത്രിമാരേയും ഓര്‍മ്മിപ്പിച്ച് ആദ്യ മന്ത്രിസഭായോഗം; സ്വീകരണങ്ങള്‍ കുറയ്ക്കണം വകുപ്പുകളില്‍ ശ്രദ്ധിക്കണമെന്ന് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ ഉപദേശം

പലതരം വിവാദത്തിന്റെ പേരില്‍ ചില മന്ത്രിമാര്‍ക്ക് കഴിഞ്ഞ സര്‍ക്കാരില്‍ നിന്നും പുറത്ത് പോകേണ്ടി വന്നു. ആദ്യ ഘട്ടത്തില്‍ എകെ ശശീന്ദ്രന്‍, തോമസ് ചാണ്ടി, ഇപി ജയരാജന്‍, അവസാനം കെടി ജലീല്‍ എന്നിവര്‍ക്കാണ് പുറത്ത് പോകേണ്ടി വന്നത്. ആ ഒരു ഓര്‍മ്മയിലാണ് എല്ലാവരും ഇന്നലെ ആദ്യ മന്ത്രിസഭാ യോഗത്തിലേക്ക് കയറിയത്.
സ്വീകരണ പരിപാടികള്‍ കുറച്ചും വകുപ്പുകളെക്കുറിച്ചു കാര്യമായി പഠിച്ചും മികച്ച ഫലമുണ്ടാക്കണമെന്ന് ആദ്യ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം.
സ്വന്തം വകുപ്പുകളെക്കുറിച്ചു നന്നായി പഠിച്ചു കാര്യങ്ങള്‍ മനസ്സിലാക്കണം. ജനകീയ വിഷയങ്ങളോടു മുഖം തിരിക്കരുത്. പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടണം. ഭൂരിഭാഗം പേരും പുതിയ മന്ത്രിമാരായതു സര്‍ക്കാരിന്റെ പരിമിതിയായി മാറരുത്.സ്വന്തം മണ്ഡലത്തിലും പുറത്തുമുള്ള സ്വീകരണ പരിപാടികള്‍ക്ക് ആളുകള്‍ ക്ഷണിക്കുമെങ്കിലും അതെല്ലാം പരമാവധി കുറച്ച് വകുപ്പില്‍ ശ്രദ്ധിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു മാത്രമേ പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കാവൂ എന്നും മുഖ്യമന്ത്രി ഉപദേശിച്ചു.
പിണറായി വിജയന്‍ ഉള്‍പ്പെടെ 15 പേര്‍ സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ വീണാ ജോര്‍ജ്, റോഷി അഗസ്റ്റിന്‍, കെ.കൃഷ്ണന്‍കുട്ടി, ആന്റണി രാജു, വി.അബ്ദുറഹിമാന്‍ എന്നിവര്‍ ദൈവനാമത്തിലും അഹമ്മദ് ദേവര്‍കോവില്‍ അല്ലാഹുവിന്റെ നാമത്തിലും സത്യവാചകം ചൊല്ലി.
കോവിഡ് പശ്ചാത്തലത്തിലും ഹൈക്കോടതി ഇടപെടലിന്റെ അടിസ്ഥാനത്തിലുംവിശിഷ്ടാതിഥികള്‍ക്കായി സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. പ്രതിപക്ഷ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 500 പേര്‍ക്കു മാത്രമായിരുന്നു ക്ഷണം. മുന്‍ മന്ത്രിമാരും എംഎല്‍എമാരും രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖരും പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങളും എത്തി. ചടങ്ങിന് അര മണിക്കൂര്‍ മുന്‍പു സ്‌റ്റേഡിയത്തിലെത്തിയ പിണറായി സദസിലേക്ക് ഇറങ്ങിച്ചെന്ന് അതിഥികളെ അഭിവാദ്യം ചെയ്തു.
2006ല്‍ സിപിഎം എംഎല്‍എമാരായ എം.എം. മോനായി (കുന്നത്തുനാട്), ഐഷാ പോറ്റി (കൊട്ടാരക്കര) എന്നിവര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ അന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പാര്‍ട്ടിക്കത്ത് നിയമസഭയില്‍ പരാമര്‍ശിക്കപ്പെട്ടപ്പോള്‍ മന്ത്രി തോമസ് ഐസക് പറഞ്ഞ മറുപടി ഇതായിരുന്നു: 'ഈശ്വരവിശ്വാസികളായ ധാരാളം പേര്‍ പാര്‍ട്ടിയിലുണ്ട്.
പക്ഷേ, മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിനു ചേരാത്ത രീതിയില്‍ പ്രവര്‍ത്തിക്കരുത്.' സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങള്‍ കൂടിയായിരുന്ന ഇരുവരും ദൈവനാമത്തില്‍ പ്രതിജ്ഞയെടുത്തതു പാര്‍ട്ടിക്കു നിരക്കാത്ത നടപടിയായി സിപിഎം സംസ്ഥാന കമ്മിറ്റിയും വിലയിരുത്തിയിരുന്നു. പിന്നീട് 2 തവണ എംഎല്‍എ ആയപ്പോഴും ഐഷാ പോറ്റി ദൃഢപ്രതിജ്ഞയെടുത്തു.
അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പുവരുത്താനായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ തന്നെ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്നു വിട്ടുനിന്നു. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കേരളത്തിലെ പിബി അംഗങ്ങളുടെ യോഗത്തിലായിരുന്നു ഈ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും ഉള്ളവരുടെ പ്രാതിനിധ്യവും നിയന്ത്രിക്കാന്‍ തീരുമാനിച്ചു.
പിബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, എം.എ. ബേബി എന്നിവരാണു ചടങ്ങില്‍നിന്ന് ഒഴിവായത്. യച്ചൂരിയെ കൂടാതെ പിബിയില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാത്രം. പാര്‍ട്ടി നേതൃനിരയില്‍നിന്ന് എല്‍ഡിഎഫ് കണ്‍വീനറും ആക്ടിങ് സെക്രട്ടറിയുമായ എ.വിജയരാഘവനും.
പരമാവധി ആളുകളെ കുറയ്ക്കണമെന്നു സര്‍ക്കാരും പാര്‍ട്ടിയും നിര്‍ദേശിക്കുമ്പോള്‍ സ്വയം മാതൃക കാട്ടണം എന്ന അഭിപ്രായമാണ് പിബി അംഗങ്ങളുടെ കൂടിയാലോചനയില്‍ ഉരുത്തിരിഞ്ഞത്. സ്ഥാനമൊഴിഞ്ഞ മന്ത്രിമാരില്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അനുവാദം നല്‍കി.
"
https://www.facebook.com/Malayalivartha





















