പിണറായി സര്‍ക്കാര്‍ പണി തുടങ്ങി ആദ്യ പണി ബ്രോക്ക് ... ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിനാണ് അന്വേഷണ ചുമതല

തന്നെയും തന്റെ സര്‍ക്കാരിനെയും ഇലക്ഷന്‍ കാലത്ത് ആഴക്കടലില്‍ താഴ്ത്താന്‍ ശ്രമിച്ച ഒരാളെ ഇങ്ങോട്ടെടുത്തുകൊണ്ട് പിണറായി വിജയന്‍ സര്‍ക്കാര്‍ ആദ്യപണി തുടങ്ങി.
കളക്ടര്‍ ബ്രോ എന്ന് അറിയപ്പെടുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിനാണ് ആദ്യത്തെ പണി കിട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി അധികാരത്തില്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് പ്രശാന്തിനെതിരെ സര്‍ക്കാര്‍ പണി നല്‍കിയത്.
മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറി എന്ന പരാതിയിലാണ് എന്‍. പ്രശാന്തിനെതിരേ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിനാണ് അന്വേഷണ ചുമതല. ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ മാതൃഭൂമി ലേഖികയോട് വാട്‌സ്ആപ്പില്‍ അപമര്യാദയായി പ്രതികരിച്ച സംഭവത്തിലാണ് അന്വേഷണം. മാധ്യമപ്രവര്‍ത്തകരെ മൊത്തത്തില്‍ അവഹേളിക്കുന്ന തരത്തിലുള്ളതായിരുന്നു പ്രശാന്തിന്റെ പ്രതികരണമെന്നും ആരോപണം ഉയര്‍ന്നിരുന്നു.
പ്രശാന്തിന്റെ പ്രതികരണം സംബന്ധിച്ച് മാതൃഭൂമി എഡിറ്റര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പരാതി ഗൗരവതരമാണെന്നും വിശദമായ അന്വഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പ്രശാന്തിനെതിരെ സര്‍ക്കാര്‍ പണി കൊടുത്തത്. ആദ്യം ഐ എ എസ് തലത്തിലാണ് പ്രശാന്തിനെതിരെ അന്വേഷണം നടന്നത്. പ്രശാന്ത് നടത്തിയത് സിവില്‍ സര്‍വീസിന്റെ മാന്യതക്ക് നിരക്കാത്ത സംഭവമാണെന്ന് ആദ്യ അനേഷണത്തില്‍ കണ്ടെത്തിയെന്നാണ് സൂചന. എന്നാല്‍ അതില്‍ സര്‍ക്കാര്‍ കൃത്യമായ തീരുമാനമെടുത്തില്ല.അതിനു പകരം മുതിര്‍ന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ടി.കെ. ജോസിന്റെ റിപ്പോര്‍ട്ട് കൈയില്‍ കിട്ടിയാല്‍ പ്രശാന്തിന്റെ ഭാവിയെ കുറിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും.
പ്രശാന്തിനെതിരെ അന്നത്തെ ഫിഷറിസ് മന്ത്രി മേഴ്‌സികൂട്ടി തന്നെ ആരോപണം ഉന്നയിച്ചിരുന്നു. പ്രശാന്തിനെതിരെ ആദ്യം പേരെടുത്തു പറയാതെയും പിന്നീട് പേരെടുത്തു പറഞ്ഞു കൊണ്ടുമാണ് മേഴ്‌സിക്കുട്ടി രംഗത്തെത്തിയത്. പിന്നീട് മുഖ്യമന്ത്രി തന്നെ പ്രശാന്തിനെതിരെ രംഗത്തെത്തി. ഇതിനെ കുറിച്ച് അന്വേഷിക്കാനാണ് മാധ്യമ പ്രവര്‍ത്തക പ്രശാന്തിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. അതിനുള്ള പരിഹാസ്യമായ മറുപടിയിലാണ് പ്രശാന്ത് മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചത്.
ആഭ്യന്തര മന്ത്രിയായിരിക്കെ ചെന്നിത്തലയുടെ സെക്രട്ടറിയായിരുന്നു എന്‍. പ്രശാന്ത്. അതുകൊണ്ടു കൂടിയാണ് പ്രശാന്തിനെതിരെ ആരോപണം ഉയര്‍ന്നത്. എന്നാല്‍ തനിക്ക് പ്രശാന്തുമായി ഇപ്പോള്‍ യാതൊരു ബന്ധവുമില്ലെന്ന് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത് പിണറായി ഉള്‍പ്പെടെ ആരും വിശ്വസിച്ചിട്ടില്ല. ആഴക്കടല്‍ കരാര്‍ പ്രശാന്ത് തയ്യാറാക്കിയത് തന്നെ ചെന്നിത്തലക്ക് ആരോപണം ഉന്നയിക്കുന്നതിന് വേണ്ടിയാണെന്ന് മേഴ്‌സിക്കുട്ടി ആരോപിച്ചിരുന്നു.
പ്രശാന്തിനെ ആര് വെറുതെ വിട്ടാലും മേഴ്‌സിക്കുട്ടി വെറുതെ വിടില്ല. കാരണം ചവറയില്‍ നിന്നും മേഴ്‌സി കുട്ടിയെ തോല്‍പ്പിച്ചത് ആഴക്കടല്‍ ആരോപണമാണ്. അതിന് കാരണമായത് പ്രശാന്താണെന്ന് മുന്‍മന്ത്രി വിശ്വസിക്കുന്നു. മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തിന് പിന്നാലെ ആഴക്കടല്‍ ആരോപണത്തിന്റെ പിന്നാമ്പുറ കഥകളും അന്വേഷിക്കുമെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha
























