കഴക്കൂട്ടത്തെ ശാന്തിതീരം : 2019ലാണ് ശാന്തിതീരത്തിന് തറക്കല്ലിട്ടത്, രണ്ടുവർഷം ആയിട്ടും പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല

കഴക്കൂട്ടത്ത് നിര്‍മ്മിക്കുന്ന വൈദ്യുത ശ്‌മശാന നിര്‍മ്മാണം രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പണിപൂർത്തിയായില്ല എന്ന് പരാതി . തൈക്കാട് ശാന്തികവാടത്തിന്റെ മാതൃകയിലാണ് ഇതും പണിയുന്നത്. കോവിഡ് രണ്ടാം വ്യാപനത്തില്‍ മരണനിരക്ക് കൂടുകയും സംസ്കാരത്തിന് മൃതദേഹങ്ങള്‍ ദിവസങ്ങളോളം കാത്തുവെയ്ക്ക്കേണ്ട സാഹചര്യം ആണ് ഇപ്പോഴുള്ളത് .
കഴക്കൂട്ടത്തെ ശാന്തീതീരം മൃതദേഹ സംസ്കരണത്തിന് തുറന്നുനല്കുന്നതില്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള അലംഭാവം തുടരുകയാണ്. ഒരാഴ്ചയ്ക്കകം പണികള്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുമെന്ന മേയര്‍ ആര്യ രാജേന്ദ്രന്റെ വാക്കും പാഴായി.
2019ൽ വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ.പ്രശാന്ത് മേയര്‍ ആയിരിക്കെയാണ് ശാന്തിതീരം ശ്‌മശാനത്തിന് തറക്കല്ലിട്ടത്. രണ്ടുവർഷം ആയിട്ടും പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കെട്ടിടങ്ങളുടെയും പ്രധാന കവാടത്തിന്റെയും പണികള്‍ പൂര്‍ത്തിയായിട്ട് ഒരു വര്‍ഷത്തിലേറെയായി. എന്നാല്‍ ഗ്യാസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്മശാനത്തിന്റെ അടുപ്പുകളുടെ നിര്‍മ്മാണവും തറയിടുന്ന ജോലികളും ഇതുവരെ ആരംഭിച്ചിട്ടില്ല.
ഇപ്പോള്‍ കെട്ടിടവും ചുറ്റുപാടും കാടുമൂടിയ അവസ്ഥയിലാണ്. തുറന്നുകിടക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി ഇവിടം മാറിയിട്ടുണ്ട്. ഇതുവരെ നടന്ന പണികളുടെ ബില്ലുകള്‍ കരാറുകാരന് മാറി നല്‍കാത്തതാണ് പണികള്‍ അനന്തമായി നീണ്ടുപോകാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആദ്യം വൈദ്യുത ശ്മശാനമാണ് ലക്ഷ്യമിട്ടതെങ്കിലും റെയില്‍വേ ലൈനിനോട് ചേര്‍ന്നായതിനാല്‍ റെയില്‍വേ അനുമതി നല്‍കിയില്ല. തുടര്‍ന്ന് ഗ്യാസ് ബര്‍ണറുകള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയും ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ബര്‍ണറുകള്‍ക്ക് ടെന്‍ഡര്‍ വിളിച്ച് കരാര്‍ നല്‍കിയെങ്കിലും ഏറ്റെടുത്ത കരാറുകാരന്‍ പണി ആരംഭിക്കുന്നതിന് മുൻപ്പ് തന്നെ മരണപ്പെട്ടു. അതോടെ പണികള്‍ മുടങ്ങി.
ശ്‌മശാനത്തിന്റെ പ്രധാന കെട്ടിടം, ചുറ്റുമതില്‍, പ്രധാന കവാടം,ടോയിലറ്റ് ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. അടുപ്പുകളുടെ നിര്‍മ്മാണം, പാര്‍ക്കിംഗ് ഏരിയ, ഉദ്യാനം, തറയോട് പാകുന്ന ജോലി എന്നിവ ഇതുവരെയുംആരംഭിച്ചിട്ടില്ല.
കഴക്കൂട്ടം കാട്ടുകുളത്തിന് സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ ശ്മശാനഭൂമിയിലെ 45 സെന്റ് സ്ഥലത്താണ് ആധുനിക ശ്‌മശാനത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഉദ്യാനവും പാര്‍ക്കുമുള്‍പ്പെടെ 1.88 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ മരണനിരക്കും ഗണ്യമായി ഉയരുകയാണ്
പ്രധാനപ്പെട്ട ശ്‌മശാനങ്ങളില്‍ ഇപ്പോള്‍ മൃതദേഹം സംസ്കരിക്കുന്നതിന് ബുക്ക് ചെയ്ത് ഊഴം കാത്തിരിക്കേണ്ട സാഹചര്യമാണ്. തൈക്കാട് ശാന്തികവാടത്തില്‍ ഒരു ദിവസം ശരാശരി 20 മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനുള്ള സൗകര്യമാണ് നിലവിലുള്ളത്.
https://www.facebook.com/Malayalivartha























