മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ നായര്‍ ഭര്‍തൃ ഗൃഹത്തില്‍ മരിച്ച കേസ്.... ഭര്‍ത്താവ് എ എം വി ഐ കിരണിന്റെ കസ്റ്റഡി അപേക്ഷ ശാസ്താംകോട്ട കോടതി ഇന്ന് പരിഗണിക്കും... കിരണിനെ ഇന്ന് ശാസ്താംകോട്ട കോടതിയില്‍ ജയില്‍ സൂപ്രണ്ട് ഹാജരാക്കും

കൊല്ലം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണിന്റെ ഭാര്യ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ. വി. നായര്‍ (24) ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീധന പീഢന മരണക്കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതി കിരണിന്റെ പോലീസ് കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പോലീസ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. കിരണിനെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് കൊലപാതക സാധ്യത കണ്ടെത്തുന്നതിനും തെളിവു ശേഖരണത്തിനുമായി പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം. കിരണിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊട്ടാരക്കര സബ് ജയില്‍ സൂപ്രണ്ടിനോട് കോടതി കഴിഞ്ഞ ഉത്തരവിട്ടിരുന്നു.
പ്രോസിക്യൂഷന്‍ ഭാഗവും പ്രതിഭാഗവും കേട്ട ശേഷം കസ്റ്റഡി അപേക്ഷയില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കും. നിലവില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 ബി (സ്ത്രീധന പീഢന മരണം) , 498 എ (കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള ശാരീരിക , മാനസിക പീഢനം) എന്നീ കുറ്റങ്ങളാണ് എഫ് ഐആറില്‍ ചുമത്തിയിട്ടുള്ളത്.
വിസ്മയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ടും ആത്മഹത്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതേ സമയം ആന്തരികാവയങ്ങളായ കരള്‍ , വൃക്ക , ആമാശയം , രക്തം എന്നിവയുടെ ചീഫ് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി റിപ്പോര്‍ട്ട് കൂടി ലദ്യമായാലേ വിഷം ഉള്ളില്‍ ചെന്നാണോ മരണം , മരണത്തിന് ശേഷം ടൗവ്വല്‍ ടര്‍ക്കിയില്‍ കെട്ടി തൂക്കിയതാണോയെന്ന കാര്യങ്ങളില്‍ വ്യക്തത വരുകയുള്ളു. കെമിക്കല്‍ ഫലത്തിനായി കാക്കുകയാണ് പോലീസ്.
2021 ജൂണ്‍ 21 ന് വെളുപ്പിന് 3 മണിയോടെയാണ് കിരണിന്റെ വീടായ ശാസ്താംകോട്ട പോരുവഴി അമ്പലത്തും ഭാഗം ചന്ദ്രവിലാസം വീട്ടില്‍ ഒന്നാം നിലയില്‍ ദമ്പതികളുടേ കിടപ്പുമുറിയോട് ചേര്‍ന്നുള്ള കുളിമുറിയിലെ ജനല്‍ കമ്പിയില്‍ ടൗവല്‍ ടര്‍ക്കിയില്‍ തൂങ്ങി മരിച്ച നിലയില്‍ വിസ്മയയെ കണ്ടതായി കിരണ്‍ വെളിപ്പെടുത്തിയത്.
കിരണ്‍ തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും 10 ലക്ഷത്തിന്റെ ടൊയോറ്റ കാര്‍ വിറ്റ് 10 ലക്ഷം രൂപ നല്‍കണമെന്നുമാവശ്യപ്പെട്ട് ദേഹോപദ്രവം ഏല്‍പ്പിച്ചതിന്റെ തെളിവായി ശരീരത്തിലുള്ള പരിക്കിന്റെ ചിത്രങ്ങളും സന്ദേശങ്ങളും വിസ്മയ മാതാപിതാക്കള്‍ക്കും കൂട്ടുകാരികള്‍ക്കും വാട്ട്‌സ്ആപ്പ് അയച്ചിരുന്നു. മരണത്തിന് മണിക്കൂറുകള്‍ മുമ്പ് മര്‍ദ്ദനപാടുകള്‍ ഉള്ള ഫോട്ടോ വിസ്മയ സഹോദരന് അയച്ചു. ഇതേച്ചൊല്ലിയും കിരണ്‍ വിസ്മയയുമായി വഴക്കുണ്ടാക്കി ഫോണ്‍ പിടിച്ചു വാങ്ങി ഒളിപ്പിച്ചു വച്ചു.
വീട്ടുകാരുമായി ബന്ധപ്പെടാതിരിക്കാന്‍ പലപ്പോഴായി 5 ഫോണുകള്‍ തല്ലിപ്പൊട്ടിച്ചു കളഞ്ഞു. മാതാപിതാക്കളുടെ നമ്പരുകള്‍ കിരണ്‍ ബ്ലോക്കും ചെയ്തു. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വിസ്മയയെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് കിരണ്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു.
2020 മെയ് മാസത്തിലാണ് ഇരുവരുടെയും വിവാഹം നായര്‍ മാട്രിമോണി വെബ് സൈറ്റ് മുഖേന നടന്നത്. 101 പവനും 1 ഏക്കര്‍ 20 സെന്റ് സ്ഥലവും 10 ലക്ഷം രൂപയുടെ ടൊയോറ്റ കാറുമാണ് സ്ത്രീധനമായി കിരണ്‍ വാങ്ങിയത്.കാര്‍ മൈലേജില്ലാത്തതിനാല്‍ ഇഷ്ടമായില്ലെന്നും പുതിയ കാറെടുക്കാന്‍ ഈ കാര്‍ വിറ്റ് ഉടന്‍ 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് വിസ്മയയെ മര്‍ദ്ദിക്കുന്നത് പതിവാക്കി.
2021 ജനുവരി 5 ന് അര്‍ദ്ധരാത്രി കിരണ്‍ മദ്യപിച്ച് ഇതേ കാറില്‍ വിസ്മയെയും കൊണ്ട് അമിത വേഗതയില്‍ ഓടിച്ച് കൊണ്ട് വിസ്മയയുടെ വീട്ടില്‍ കൊണ്ടുചെന്നു. വിസ്മയയെ വീട്ടുകാരുടെ മുന്നിലിട്ട് മര്‍ദിച്ചു. തടയാന്‍ ചെന്ന സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ച് എല്ലിന് സ്ഥാനചലനം സംഭവിപ്പിച്ചു. വിവരമറിയിച്ചതിനു പിന്നാലെ ചടയമംഗലം എസ് ഐ കിരണിനെ മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചതിന് വഴിയിലിട്ട് പിടികൂടിയെങ്കിലും എസ്‌ഐയെയും കിരണ്‍ ആക്രമിച്ച് യൂണിഫോം വലിച്ചു കീറി.
കിരണിനെ വിലങ്ങിട്ട് വിസ്മയയുടെ വീട്ടില്‍ എത്തിച്ച് തിരിച്ചറിയിച്ച ശേഷം മെഡിക്കല്‍ എടുത്ത് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. എന്നാല്‍ പിറ്റേന്ന് സ്‌റ്റേഷനില്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെത്തി വിസ്മയയുടെ സഹോദരനുമായി മധ്യസ്ഥ ചര്‍ച്ച നടത്തി ഇനിയൊരു പ്രശ്‌നമുണ്ടാക്കില്ലെന്ന ധാരണയില്‍ ഒത്തു തീര്‍പ്പാക്കി. പ്രശ്‌നം രമ്യമായി പരിഹരിച്ചതായി ഇരുഭാഗത്തെയും കൊണ്ട് ഒപ്പിടുവിച്ച് വാങ്ങിയ എസ് ഐ സ്‌റ്റേഷനിലെ പരാതി രജിസ്റ്റര്‍ ക്ലോസ് ചെയ്യുകയായിരുന്നു.
സംഭവ ദിവസമായ ജൂണ്‍ 21 രാത്രി 10.30 മണിക്ക് അത്താഴം കഴിഞ്ഞ ശേഷം കിരണും വിസ്മയയും ഒന്നാം നിലയിലെ ബെഡ് റൂമില്‍ ഉറങ്ങാന്‍ പോയെന്നും പുലര്‍ച്ചെ 2.30 മണിയോടെ താന്‍ ടോയ്‌ലെറ്റില്‍ പോകാന്‍ എണീറ്റപ്പോള്‍ ഇരുവരും തമ്മിലുള്ള വഴക്ക് കേട്ട് മുകളില്‍ ചെന്നപ്പോള്‍ വിസ്മയക്ക് പിറ്റേന്ന് വീട്ടില്‍ പോകണമെന്ന് പറഞ്ഞതായും പിറ്റേന്ന് കൊണ്ടാക്കാമെന്ന് താന്‍ പറഞ്ഞതായും എന്നാല്‍ 3 മണിയോടെ കിരണിന്റെ നിലവിളി കേട്ട് മുകളില്‍ ചെന്നപ്പോള്‍ കുളിമുറിയില്‍ നിന്ന് വിസ്മയയെ പുറത്തെടുത്ത് കിരണ്‍ പ്രഥമ ശുശ്രൂഷ നല്‍കുന്ന കാഴ്ചയാണ് താന്‍ കണ്ടതെന്നുമാണ് കിരണിന്റെ പിതാവ് പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.
അതേ സമയം രണ്ടു മണിക്കൂര്‍ വൈകിച്ച് 5.15 മണിക്കാണ് വിസ്മയയെ ആശുപത്രിയിലെത്തിച്ചത്. രണ്ടു മണിക്കൂര്‍ മുമ്പ് മരണം സംഭവിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. 5.15 മണിയോടെയാണ് വിസ്മയയുടെ വീട്ടിലും കിരണിന്റെ വീട്ടുകാര്‍ വിവരമറിയിച്ചത്. മരിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും വിസ്മയയുടെ സഹോദരനോട് ഡോക്ടര്‍ പറഞ്ഞു.
വിസ്മയുടെ കൈത്തണ്ടയിലെ ഞെരമ്പ് മുറിച്ച നിലയിലുമാണ് മൃതദേഹം കാണപ്പെട്ടത്. കൊല്ലം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് കിരണ്‍. പന്തളം കോളേജില്‍ ബി എ എം എസ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് വിസ്മയ. വിദേശ മലയാളിയും പൊതു പ്രവര്‍ത്തകനുമായ ത്രിവിക്രമന്‍നായരാണ് പിതാവ്.
ശൂരനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.
"
https://www.facebook.com/Malayalivartha






















