എന്റെ നമ്പര്‍ അറിയാതെ പോയി... വിസ്മയയുടെ വീട്ടിലെത്തിയ സുരേഷ് ഗോപിയുടെ കണ്ണുകള്‍ തുളുമ്പിപ്പോയി; തന്റെ ഫോണ്‍ നമ്പര്‍ വിസ്മയ ഒരുപാടു പേരോടു ചോദിച്ചിരുന്നു; ഒരു പരാതി പറഞ്ഞാല്‍, ഒരുപക്ഷേ ഇവിടെ വന്നു കൂട്ടികൊണ്ടു പോകുമെന്ന് ആ കുട്ടി ആഗ്രഹിച്ചിട്ടുണ്ടാകാം

വിസ്മയയുടെ മരണം മലയാളികളെ വല്ലാതെ വേദനിപ്പിച്ചിരിക്കുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം വിസ്മയയുടെ വീട്ടിലെത്തിയ സുരേഷ് ഗോപിയുടെ കണ്ണുകളും നിറഞ്ഞു. തന്റെ ഫോണ്‍ നമ്പര്‍ വിസ്മയ ഒരുപാടു പേരോടു ചോദിച്ചിരുന്നതായി സുരേഷ് ഗോപി പറഞ്ഞു. 'വളരെ വൈകിയാണ് ഞാന്‍ അത് അറിഞ്ഞത്. എന്റെ ഫോണ്‍ നമ്പര്‍ തരുമോയെന്നു ചോദിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കു പോലും വിസ്മയ സന്ദേശമയച്ചിരുന്നതായി ഇപ്പോഴാണ് അറിയുന്നത്.
ജീവിക്കാന്‍ അത്രമാത്രം മോഹിച്ചു കാണും. ഒരു പരാതി പറഞ്ഞാല്‍, ഒരുപക്ഷേ ഇവിടെ വന്നു കൂട്ടികൊണ്ടു പോകുമെന്നും വേണമെങ്കില്‍ തടയാന്‍ വരുന്നവനു രണ്ടു തല്ലു കൊടുത്തിട്ടാണെങ്കിലും കൊണ്ടുപോയേക്കുമെന്നും ആ കുട്ടി ആഗ്രഹിച്ചിട്ടുണ്ടാകാം.
നീതിക്കായി കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും സുരേഷ് ഗോപി ആവര്‍ത്തിച്ചു. കേരളത്തില്‍ ആവര്‍ത്തിക്കുന്ന ഇത്തരം സ്ത്രീപീഡന വിഷയങ്ങളില്‍ പരിഹാരം കാണാന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ പോകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് ഇക്കാര്യം സൂചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഓരോ ഗ്രാമങ്ങളിലും ഗ്രാമസഭകള്‍ വേണം. രാഷ്ട്രീയത്തിനപ്പുറം ഏതൊരാള്‍ക്കും വീട്ടിലെ പ്രശ്‌നങ്ങള്‍ പറയാന്‍ കഴിയുന്ന മാതാപിതാക്കളെ അത്തരം സംഘത്തില്‍ ഉള്‍പ്പെടുത്തണം. ഒരു കുട്ടിക്ക് പോലും വിളിച്ച് എന്റെ പ്രശ്‌നം ഇതാണ് എന്ന് പറയാന്‍ സാധിക്കുന്ന വിധം കുറച്ച് മനുഷ്യര്‍ ഓരോ ഗ്രാമത്തിലും വേണം. അവര്‍ വിഷയം മനസിലാക്കി പൊലീസിനോട് ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തിലെ സ്ത്രീധന പീഡനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ടു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. പൊലീസുകാര്‍ക്ക് എല്ലാം വിട്ടുകൊടുക്കേണ്ട കാര്യമില്ല. സ്ത്രീധനം സംബന്ധിച്ച വിഷയത്തിലാണ് ഗ്രാമസഭകള്‍ വേണ്ടത്. അച്ഛനമ്മമാരുടെ കൂട്ടായ്മ വേണം. സാമൂഹ്യനീതി വകുപ്പ് മുന്‍കൈ എടുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം വിസ്മയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച് ഒരാഴ്ച ആകുമ്പോഴും ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. തറ നിരപ്പില്‍ നിന്ന് 185 സെന്റിമീറ്റര്‍ ഉയരമുള്ള ജനല്‍ കമ്പിയില്‍ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നല്‍കിയ മൊഴി. എന്നാല്‍ 166 സെന്റിമീറ്റര്‍ ഉയരമുള്ള വിസ്മയ തന്നെക്കാള്‍ അല്‍പം മാത്രം ഉയരക്കൂടുതലുള്ള ജനല്‍ കമ്പിയില്‍ എങ്ങനെ തൂങ്ങിമരിക്കുമെന്ന സംശയം പൊലീസിനെ തുടക്കം മുതല്‍ കുഴക്കുകയാണ്. ഇതുവരെ ലഭിച്ച മൊഴികള്‍ അനുസരിച്ച് ജനല്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ വിസ്മയയെ കണ്ടതു കിരണ്‍ മാത്രമാണ്. ഇതും ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നു.
കിരണിന്റെ വ്യക്തി ജീവിതം, ഔദ്യോഗിക ജീവിതം എന്നിവയെ സംബന്ധിച്ച് വിശദമായ വിവരശേഖരണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്‍മാര്‍ സ്ഥലത്തെത്തി പരിശോധന നടത്തണമെന്ന് അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്. വിസ്മയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാറും കുടുംബവും നിരന്തരം വിസ്മയയെ പീഡിപ്പിച്ചിരുന്നതിനെപ്പറ്റി കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. ഭര്‍തൃവീട്ടിലെ മാനസിക പീഡനത്തില്‍ ബുദ്ധിമുട്ടിലായ വിസ്മയ ആശ്വാസം തേടി എറണാകുളത്തെ കൗണ്‍സലിങ് വിദഗ്ധനെ സമീപിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
കിരണും കുടുംബവും നിരന്തരം പീഡിപ്പിക്കുന്നതുമൂലം തന്റെ പഠനം മുടങ്ങിപ്പോകുന്നതും മറ്റും വിസ്മയ പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കൗണ്‍സലിങ് വിദഗ്ധന്‍ പൊലീസിനു കൈമാറി.
"
https://www.facebook.com/Malayalivartha






















