കേരളത്തിലെ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്തേക്ക് സുരേഷ് ഗോപി? അത് ഞാൻ ഇങ്ങെടുക്കും..

കേരളത്തിലെ ഒരു ചാനൽ പരിപാടിയിൽ പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന വിവാദത്തിന് പിന്നാലെ എംസി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം തെറിച്ചത് അല്ല നമ്മൾ തെറിപ്പിച്ചത് ശരിക്കു പറഞ്ഞാൽ കേരളത്തിലെ പാവപ്പെട്ട സ്ത്രീകളോട് ചെയ്യാൻ കഴിയാവുന്നതിൽ ഏറ്റവും നല്ല ഒരു പ്രവർത്തിയാണ്. കാരണം അവരുടെ ആട്ടും തുപ്പും അധിക്ഷേപവും കേൾക്കുന്നതിലും നല്ലത് വീട്ടിലുള്ളവരാണ് എന്ന് കരുതി സഹിക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടി വരില്ലല്ലോ?
കേരളത്തിലെ സ്ത്രീകളുടെ പദവി ഉയര്‍ത്തുക, അവര്‍ക്കു നീതി ഉറപ്പാക്കുക എന്നിവയാണു കമ്മിഷന്റെ മുഖ്യ ചുമതലകളായി നിഷ്കർഷിച്ചിട്ടുള്ളത്. സ്‌ത്രീകള്‍ക്കെതിരായി ഉണ്ടാകുന്ന നീതിരഹിതവും വിവേചനപരവുമായ നടപടികളില്‍ ആവശ്യമായ അന്വേഷണം നടത്തിയശേഷം, പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ അധികാരികള്‍ക്കും സര്‍ക്കാരിനും കമ്മിഷന്‍ ശിപാര്‍ശകള്‍ നല്‍കണം.
പരാതി പരിഹാരത്തിനു പുറമേ ബോധവത്‌കരണവും കമ്മിഷന്‍ നടത്തണമെന്നാണ്. തെറ്റിദ്ധാരണകളില്‍പ്പെട്ടും മദ്യാസക്‌തിയാലും കുടുംബബന്ധങ്ങളിലെ താളപ്പിഴകളാലും ശിഥിലമാകുമായിരുന്ന കുടുംബങ്ങളെ സ്‌നേഹപൂര്‍ണമായ ശാസനകളിലൂടെയും നിയമപരമായ മാര്‍ഗങ്ങളിലൂടെയും വിളക്കിച്ചേര്‍ക്കുകയാണ് കേരള വനിതാ കമ്മിഷന്‍റെ ചുമതല. എന്നാൽ ഇവയൊന്നും ബാധിക്കാത്ത ഒരു വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്നു നമുക്കുണ്ടായിരുന്നത്.
ഇതിനു ശേഷം കേൾക്കുന്ന കുറച്ച് ചോദ്യങ്ങളാണ്, നമ്മുടെ പ്രയപ്പെട്ട നടനും എംപിയുമായ സുരേഷ് ഗോപിയെ വനിതാ കമ്മിഷൻ അധ്യക്ഷനാക്കാമോ? കമ്മിഷനിൽ വനിത തന്നെ അധ്യക്ഷയാവേണ്ടതുണ്ടോ? വനിതകൾ ഉള്ളതു കൊണ്ടു മാത്രം സ്ത്രീകൾക്ക് നീതി കിട്ടുമോ? വനിതാ കമ്മിഷൻ അംഗങ്ങൾക്ക് എന്തു വിദ്യാഭ്യാസ യോഗ്യത വേണം? എന്നൊക്കെയുള്ള സംശയങ്ങൾ.
വനിതാ കമ്മിഷൻ വിവാദമാവുകയും പുതിയ അധ്യക്ഷ ആരാവണമെന്ന ചർച്ച സജീവമാവുകയും ചെയ്തതോടെ സമൂഹ മാധ്യമങ്ങളിലും ട്രോളുകളിലും നിറയുന്ന ചോദ്യങ്ങളാണിത്. ശരിക്കും സുരേഷ് ഗോപിക്ക് വനിതാ കമ്മിഷനിൽ കയറാൻ കഴിയുമോ? അതെ കഴിയും എന്നാണ് അതിനു ഉത്തരമായി പറയേണ്ടത്, പക്ഷേ അത് കേരളത്തിൽ പറ്റുമോ എന്ന കാര്യം ആത്മപരിശോധന നടത്തേണ്ടി വരുമെന്ന് തന്നെ പറയണം.
സ്ത്രീധന പീഡനം ആരോപിക്കപ്പെട്ട വിസ്മയയുടെ മരണത്തോടെ സമൂഹം ഒന്നാകെ ചർച്ച ചെയ്യുന്ന വിഷയമായി മാറിയതാണ് വനിതാ കമ്മിഷന്റെ ഘടനയും പ്രവർത്തന രീതിയും. വിമർശനങ്ങൾ അധ്യക്ഷയുടെ രാജിയിലേക്കും അംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയുള്ള ചർച്ചയിലേക്കും വരെ എത്തിനിൽക്കുന്നുണ്ട്.
അന്ന് വിസ്മയയുടെ വീട്ടിലെത്തി വീട്ടുകാരെ ആശ്വസിപ്പിച്ചപ്പോൾ സുരേഷ് ഗേപി തന്നെ പറഞ്ഞായിരുന്നു. എന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ എന്ന്.... ആ വാക്കുകൾ ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദഹത്തിന്റെ വായിൽ നിന്ന് വന്നതല്ല എന്ന് മലയാളികൾക്ക് അറിയാം. അതുകൊണ്ട് തന്നെ അദ്ദേഹം ആ സ്ഥാനത്ത് എത്തുമോ എന്ന ചർച്ചകൾക്ക് കാമ്പുണ്ട്.
എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യമുണ്ട്. ദേശീയ വനിതാ കമ്മിഷനിൽ പുരുഷന് അംഗമാകാൻ സാധിക്കും എന്നതാണ്. കേരള വനിതാ കമ്മിഷൻ നിയമത്തിൽ അധ്യക്ഷയും അംഗങ്ങളും വനിതകൾ ആയിരിക്കണമെന്ന നിബന്ധനയുണ്ടെങ്കിലും ദേശീയ വനിതാ കമ്മിഷൻ നിയമത്തിൽ അങ്ങനെ നിഷ്കർഷിക്കുന്നില്ല എന്നതാണ് പ്രത്യേകത. മാത്രമല്ല, മുൻ കാബിനറ്റ് സെക്രട്ടറിയായിരുന്ന സിക്കിം കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ അലോക് റാവത്തിനെ ദേശീയ വനിതാ കമ്മിഷൻ അംഗമായി നിയമിക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് നിലവിലുള്ള നിയമം അനുസരിച്ച്, അതായത് 1990ലെ കേരള വനിതാ കമ്മിഷൻ നിയമം വകുപ്പ് 5(2) പ്രകാരം കേരള വനിതാ കമ്മിഷൻ അധ്യക്ഷയാവാൻ വനിത തന്നെ വേണം എന്നാണ് നിഷ്കർഷിക്കുന്നത്. അംഗങ്ങളുടെ കാര്യവും അങ്ങനെ തന്നെ.
കേരളത്തിലെ സ്ത്രീകളുടെ പദവി മെച്ചപ്പെടുത്തുന്നതിനും സ്ത്രീകളെ ബാധിക്കുന്ന നീതിരഹിതമായ നടപടികൾ അന്വേഷിക്കുന്നതിനുമാണ് വനിതാ കമ്മിഷൻ രൂപീകരിക്കുന്നുതെന്ന് വനിതാ കമ്മിഷൻ നിയമത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട്. എന്നാൽ അംഗങ്ങൾക്കോ അധ്യക്ഷയ്ക്കോ പ്രത്യേക വിദ്യാഭ്യാസ യോഗ്യത ഒന്നും നിർബന്ധമല്ല.
‘സ്ത്രീകളുടെ കാര്യങ്ങൾക്കായി അർപ്പണ ബോധത്തോടെ പ്രവർത്തിക്കുകയും സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വേണ്ടത്ര അറിവും പ്രായോഗിക പരിജ്ഞാനവും ഉണ്ടായിരിക്കുകയും ചെയ്യുന്ന ശ്രേഷ്ഠയായ ഒരു വനിത’ ആയിരിക്കണം അധ്യക്ഷയാവേണ്ടതെന്നാണ് വനിതാ കമ്മിഷൻ നിയമം അനുശാസിക്കുന്നത്.
കമ്മിഷനിലെ അംഗങ്ങളാകേണ്ടത് ‘സ്ത്രീകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നതു സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ച് മതിയായ അറിവോ പരിചയമോ ഉള്ളവരോ അവ കൈകാര്യം ചെയ്യുന്നതിൽ പാടവം പ്രകടിപ്പിച്ചിട്ടുള്ളവരോ ആയ പ്രാപ്തരും സത്യസന്ധരും ബുദ്ധിശാലികളും സ്ഥിരപ്രതിഷ്ഠ നേടിയവരും’ ആകണം.
വനിതാ കമ്മിഷൻ നിയമത്തിന്റെ പരിധിയിൽ വരുന്ന ഏത് അന്വേഷണത്തിന്റെയും ആവശ്യത്തിനായി സിവിൽ കോടതിയുടെ അധികാരങ്ങളാണ് കമ്മിഷന് ഉള്ളത്. കമ്മിഷന്റെ നടപടികൾ ഇന്ത്യൻ ശിക്ഷാനിയമം 193, 228 വകുപ്പുകൾ പ്രകാരമുള്ള നീതിന്യായ നടപടിയായി കണക്കാക്കപ്പെടും. ക്രിമിനൽ നടപടി ചട്ടം 195ാം വകുപ്പ് പ്രകാരം കോടതിയായും കമ്മിഷൻ കണക്കാക്കപ്പെടും.
അതായത് കള്ളസാക്ഷി പറയുകയോ കമ്മിഷൻ നടപടികൾ തടസ്സപ്പെടുത്തുകയോ വ്യാജരേഖകൾ ഹാജരാക്കുകയോ യഥാർഥ രേഖകൾ ഹാജരാക്കാതിരിക്കുകയോ സമൻസ് ലഭിച്ചിട്ടും ഹാജരാകാതിരിക്കുകയോ സമൻസ് നൽകുന്നത് തടസ്സപ്പെടുത്തുകയോ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കുകയോ ഒളിവിൽ പോവുകയോ വ്യാജ സത്യവാങ്മൂലം നൽകുകയോ കമ്മിഷന്റെ ഉത്തരവ് അനുസരിക്കാതിരിക്കുകയോ ചെയ്താൽ ശിക്ഷാർഹരായിരിക്കും.
ഒരു അധ്യക്ഷയും ആറിൽ കൂടുതലല്ലാത്ത മറ്റ് അംഗങ്ങളും കമ്മിഷനിൽ ഉണ്ടാകാം. അവരിൽ ഒരാൾ പട്ടിക ജാതിയിലോ പട്ടിക വർഗത്തിലോ പെട്ട വനിത ആയിരിക്കണം. അംഗങ്ങളുടെ കാലാവധി 5 വർഷമാണ്. എന്നാൽ ഒരംഗം രാജിവച്ചതോ നീക്കം ചെയ്യപ്പെട്ടതോ ആയ ഒഴിവിൽ നിയമിക്കപ്പെടുന്ന അംഗത്തിന് നിലവിലുണ്ടായിരുന്ന അംഗത്തിന്റെ ബാക്കി കാലാവധി മാത്രമേ ലഭിക്കൂ. അധ്യക്ഷയോ അംഗങ്ങളോ പൊതുതാൽപര്യത്തിന് ഹാനികരമാവും വിധം ഔദ്യോഗിക സ്ഥാനം ദുരുപയോഗപ്പെടുത്തിയതായി ബോധ്യപ്പെട്ടാൽ സർക്കാരിന് ഉത്തരവു മൂലം ഇവരെ നീക്കം ചെയ്യാം.
രജതജൂബിലി വർഷത്തിലാണ് കമ്മിഷൻ നടപടികൾ ഏറെ വിമർശന വിധേയമായിരിക്കുന്നത്. വനിതാ കമ്മിഷനിൽ രാഷ്ട്രീയ നിയമനം വേണോയെന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നു. 1996 മാർച്ച് 14ൽ കേരള വനിതാ കമ്മിഷൻ നിലവിൽ വന്നപ്പോൾ ആദ്യ അധ്യക്ഷയായ സുഗതകുമാരിയുടേത് രാഷ്ട്രീയ നിയമനമായിരുന്നില്ല.
അന്നു മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയാണ് പ്രത്യേക താൽപര്യമെടുത്ത് സുഗതകുമാരിയെ അധ്യക്ഷയായി നിയമിച്ചത്. സുഗതകുമാരിക്കു ശേഷം 2001ലും 2007ലും അധ്യക്ഷയായ ജസ്റ്റിസ് ഡി. ശ്രീദേവിയുടേതും രാഷ്ട്രീയ നിയമനമായിരുന്നില്ല. വനിതാ കമ്മിഷന്റെ പ്രവർത്തനങ്ങൾ ഏറെ ജനകീയമായത് ഇവർ രണ്ടു പേരുടെയും കാലത്തായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
1992ൽ നിലവിൽ വന്ന ദേശീയ വനിതാ കമ്മിഷന്റെ ചരിത്രത്തിലെ ഏക പുരുഷ അംഗമാണ് അലോക് റാവത്ത്. ലളിത കുമാരമംഗലം അധ്യക്ഷയായിരുന്ന കമ്മിഷനിലാണ് റാവത്തിനെ അംഗമാക്കിയത്. 2015 മുതൽ മൂന്നു വർഷം റാവത്ത് അംഗമായിരുന്നു. കേരള വനിതാ കമ്മിഷനിലാകട്ടെ, പുരുഷനെ അധ്യക്ഷനോ അംഗമോ ആക്കണമെങ്കിൽ സംസ്ഥാന സർക്കാർ നിയമം ഭേദഗദി ചെയ്യേണ്ടി വരും.
സുരേഷ്ഗോപി വരണം വനിതാ കമ്മിഷനിൽ എന്ന സമൂഹമാധ്യമ പ്രചാരണത്തിന് അതിനാൽ ഇങ്ങനെയൊരു പരിസമാപ്തി കുറിക്കാൻ സാധിക്കും. കേരളത്തിൽ കഴിയില്ല എങ്കിലും സാധ്യതയുണ്ട്, അത് ഇവിടെയല്ല, അതങ്ങ് ദേശീയ വനിതാ കമ്മിഷനിലാണെന്നേയുള്ളൂ. ഒന്നു കൂടി മനസ്സിലാക്കണം. ഇതിനൊന്നും രാഷ്ട്രീയമല്ല കാരണം, നിലവിലുള്ള നിയമങ്ങളാണ് തടയണ സൃഷ്ടിക്കുന്നത്.
https://www.facebook.com/Malayalivartha






















