പോക്കറ്റടിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച് പോലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു

തമിഴ്‌നാട് സ്വദേശിയുടെ പോക്കറ്റടിക്കാനുളള ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചശേഷം പോലീസില്‍ ഏല്‍പ്പിച്ച യുവാവു കസ്റ്റഡിയില്‍ മരിച്ചു. തിരുവനന്തപുരം കരിമഠം കോളനി സ്വദേശി മേക്ക ബിനു(33)വാണു മരിച്ചത്. ചൂരക്കാടു പാളയത്തു പവര്‍ഹൗസ് റോഡിനുസമീപം കപ്പലണ്ടിക്കച്ചവടം നടത്തുന്ന തമിഴ്‌നാട് സ്വദേശിയുടെ പണം അടങ്ങിയ പഴ്‌സ് മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ ഇയാളെ പിടികൂടി നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചത്. ഫോര്‍ട്ട്, കരമന പൊലീസ് സ്‌റ്റേഷനുകളില്‍ അഞ്ചോളം കേസുകളില്‍ പ്രതിയാണ് മരിച്ച ബിനു.
പോലീസ് സ്‌റ്റേഷനിലെത്തിച്ച് കുറച്ചുസമയം കഴിഞ്ഞപ്പോള്‍തന്നെ ഇയാള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടുവെന്നും വായില്‍നിന്നു നുരയും പതയും വന്നതിനെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചുവെന്നും തമ്പാനൂര്‍ പൊലീസ് അറിയിച്ചു. എന്നാല്‍ പോലീസ് മര്‍ദനമാണു മരണകാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പവര്‍ഹൗസ് റോഡില്‍നിന്നു നൂറുമീറ്ററോളം ഓടിച്ചാണു നാട്ടുകാര്‍ ഇയാളെ പിടികൂടിയതെന്നും കണ്‍ട്രോള്‍റൂമില്‍നിന്നു ലഭിച്ച നിര്‍ദേശപ്രകാരം രണ്ടുപൊലീസുകാര്‍ എത്തി പിടികൂടുകയായിരുന്നുവെന്നും തമ്പാനൂര്‍ പോലീസ് പറഞ്ഞു. സംഭവം നടന്നതു ഫോര്‍ട്ട് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ പിടിയിലായ ആളെ ഫോര്‍ട്ട് പൊലീസിന് കൈമാറാന്‍ തുടങ്ങുമ്പോഴാണു വായില്‍നിന്നു നുരയും പതയും വന്നത്.
കസ്റ്റഡി മരണത്തിന്റെ നടപടികളാണു സ്വീകരിച്ചിട്ടുള്ളതെന്നും കലക്ടര്‍, മജിസ്‌ട്രേട്ട് എന്നിവര്‍ ഇന്‍ക്വസ്റ്റ് തയാറാക്കുമെന്നും എസ്.ഐ അറിയിച്ചു. എന്നാല്‍ പഴ്‌സ് മോഷണംപോയി എന്ന പരാതിക്കാരനെക്കുറിച്ചുള്ള വിവരം പോലീസിന്റെ പക്കല്‍ ഇല്ല. പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും തമ്പാനൂര്‍, ഫോര്‍ട്ട് പൊലീസ് എസ്‌ഐമാര്‍ പറഞ്ഞു. ബഹളത്തിനിടയില്‍ ഇയാള്‍ രക്ഷപ്പെട്ടു എന്നാണു പോലീസ് പറയുന്നത്. മര്‍ദനമേറ്റ ആളെ കസ്റ്റഡിയിലെടുക്കും മുമ്പ് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തണമെന്ന ഡി.ജി.പിയുടെ നിര്‍ദേശം പോലീസ് പാലിച്ചിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























