അടങ്ങിയില്ലെങ്കില്‍ അതും... ആലപ്പുഴയിലേയും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേയും സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ് പിടി മുറുക്കുന്നു; കുറ്റവാളികളുടെയും കേസില്‍പ്പെട്ടവരുടെയും പട്ടിക ജില്ല തിരിച്ച് തയ്യാറാക്കുന്നു; നടപടിക്കൊരുങ്ങി പോലീസ്

ദിവസകളും ഗുണ്ടകളുടെ വിവിധ വാര്‍ത്തകളാണ് പൊങ്ങി വരുന്നത്. ഗ്രാമത്തിലും നഗരത്തിലുമെല്ലാം ഗുണ്ടകള്‍ സൃഷ്ടിക്കുന്ന ഭീതി ചെറുതല്ല. മുമ്പൊന്നും ഗുണ്ടകള്‍ ഇത്രത്തോളം തലപ്പൊക്കിയിരുന്നില്ല. എന്നാല്‍ അത് കൊലപാതകങ്ങളിലേക്ക് നയിച്ചപ്പോള്‍ പോലീസും കണ്ണ് തുറന്നു.
ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലും പോത്തന്‍കോട് കൊലപാകത്തിന്റേയും പശ്ചാത്തലത്തിലും സ്ഥിരം കുറ്റവാളികളെയും ഗുണ്ടകളെയും പൂട്ടാന്‍ പൊലീസ് നടപടി കര്‍ശനമാക്കുന്നു. ഇരു വിഭാഗങ്ങളിലുമുള്ള കുറ്റവാളികളുടെയും മുന്‍പു കേസുകളില്‍പ്പെട്ടവരുടെയും പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ തയാറാക്കാനാണു ഡിജിപി അനില്‍കാന്ത് നല്‍കിയിരിക്കുന്ന നിര്‍ദേശം.
നിലവില്‍ വാറന്റുള്ള പ്രതികളെയും ഒളിവില്‍ കഴിയുന്നവരെയും ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും ജാമ്യത്തിലുള്ളവര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 4500 ഗുണ്ടകളുണ്ടെന്നും ഇതില്‍ 1300 പേര്‍ കുറ്റവാളികളെന്ന നിലയില്‍ സജീവമാണെന്നുമുള്ള ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈയിടെ കേരളത്തിലുണ്ടായ കൊലപാതകങ്ങളില്‍ നേരിട്ടു പങ്കെടുത്തവരുടെയും ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നല്‍കി സഹായിച്ചവരുടെയും വിവരങ്ങള്‍ ശേഖരിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കുമെന്നു ഡിജിപി അറിയിച്ചു. ക്രിമിനല്‍ സംഘങ്ങള്‍ക്കു പണം കിട്ടുന്ന സ്രോതസ്സ് കണ്ടെത്താന്‍ അന്വേഷണം നടത്തണം. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിയതു സംബന്ധിച്ച് ക്രമസമാധാന വിഭാഗം എഡിജിപിയും ഐജിമാരും എല്ലാ ആഴ്ചയും റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിജിപി നിര്‍ദേശിച്ചു.
സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന സന്ദേശങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കു പ്രത്യേക നിര്‍ദേശം. ഇത്തരം ചര്‍ച്ചകള്‍ക്ക് അനുവാദം നല്‍കുന്ന സമൂഹ മാധ്യമ ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും. സമൂഹമാധ്യമങ്ങളില്‍ നിരന്തരം നിരീക്ഷണം നടത്താന്‍ ജില്ലകളിലെ സൈബര്‍ വിഭാഗത്തെ ചുമതലപ്പെടുത്തി.
അതേസമയം തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം വീണ്ടുമുണ്ടായി. പിഎംജി ജംഗ്ഷനില്‍ ബഹളമുണ്ടാക്കിയ അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി. നിരവധി കേസുകളില്‍ പ്രതികളായ പൈലി, കണ്ണപ്പന്‍ രതീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പിടിയിലായത്.
ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. സംഘത്തില്‍ 14 വയസുകാരനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് മോഷണം , കഞ്ചാവ് വില്‍പന കേസുകളിലെ പ്രതിയാണ് പൈലി.
പോലീസിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ അഭ്യന്തര മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വന്‍ പരാജയമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് സംവിധാനം നിലവില്‍ കുത്തഴിഞ്ഞ നിലയിലാണുള്ളത്. സര്‍ക്കാരിന് പോലും നിയന്ത്രണം നഷ്ടമായിരിക്കുകയാണ്. ഇത്രയും കഴിവുകെട്ട പൊലീസ് സംവിധാനം മുമ്പ് സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ഗുണ്ട ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതിനെല്ലാം ഉത്തരവാദി സംസ്ഥാനത്തെ പൊലീസ് സേനയും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയുമാണെന്നും ക്രമസമാധാന പാലനത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്നും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ ചെന്നിത്തല പറഞ്ഞു.
"
https://www.facebook.com/Malayalivartha



























