എല്ലാത്തിനും നന്ദി! പി.സി ജോര്‍ജിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍; കൈകള്‍ മുത്തി സ്വീകരിച്ച് ജോര്‍ജും ഭാര്യയും

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചു.
തൃശൂരില്‍ നിന്നാണ് ശനിയാഴ്ച രാവിലെ ഈരാറ്റുപേട്ടയിലെ പി.സി ജോര്‍ജിന്റെ വസതിയില്‍ ബിഷപ്പ് ഫ്രാങ്കോ എത്തിയത്. ബിഷപ്പ് ഫ്രാങ്കോയുടെ കൈകള്‍ മുത്തി ഭാര്യയും ജോര്‍ജും അദ്ദേഹത്തെ സ്വീകരിച്ചു. കേസിന്റെ നാള്‍വഴികളില്‍ തന്നെ പിന്തുണച്ചതിനുള്ള നന്ദി അറിയിക്കാനാണ് ബിഷപ്പ് ഫ്രാങ്കോ എത്തിയത്. എസ്പി എസ്.ഹരിശങ്കര്‍ ജഡ്ജിയെ അപമാനിക്കുന്ന രീതിയിലാണ് വിധി വന്നതിന് പിന്നാലെ സംസാരിച്ചത്.
അയാള്‍ക്ക് എന്താണ് ഈ വിഷയത്തില്‍ ഇത്ര ആവേശമെന്നും പി.സി ജോര്‍ജ് ചോദിച്ചു. കന്യാസ്ത്രീ മഠത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്നത് താന്‍ കണ്ടതാണ്. കുടിച്ചു കൂത്താടിയ അവരെ താന്‍ ആണ് ഓടിച്ചുവിട്ടതെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഈരാറ്റുപോട്ടയിലെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അരുവിത്തുറ പള്ളിയിലും സന്ദര്‍ശനം നടത്തി. ഭരണങ്ങാനം അല്‍ഫോന്‍സാമ്മയുടെ ഖബറിടത്തിലും ബിഷപ്പ് സന്ദര്‍ശനം നടത്തി.
പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ പി.സി ജോര്‍ജ് പ്രതികരിച്ചത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
13 തവണ പീഡിപ്പിക്കപ്പെട്ടെന്ന കന്യാസ്ത്രീയുടെ പരാതിയെ കുറ്റപ്പെടുത്തിയ പി.സി ജോര്‍ജ് ആദ്യത്തെ 12 തവണയും പരാതിപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചിരുന്നു. കന്യാസ്ത്രീ കന്യകയല്ലെന്നും പീഡിപ്പിച്ചത് ആരുമാകാമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു. കന്യാസ്ത്രീയെ വേശ്യയെന്ന് അധിക്ഷേപിച്ച ജോര്‍ജ് പിന്നീട് ഈ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഫ്രാങ്കോ ജയിലില്‍ കഴിഞ്ഞ കാലത്ത് ജോസ് കെ. മാണി അടക്കമുള്ള ക്രിസ്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ ജയിലില്‍ എത്തി ബിഷപ്പിന് പിന്തുണ അറിയിച്ചിരുന്നു. സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് ബിഷപ് ഫ്രാങ്കോ പറഞ്ഞു.
ഇന്നലെയാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണ് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഒന്നര വര്‍ഷം കൊണ്ടാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്.
പീഡനം, തടഞ്ഞുവയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ ഏഴു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരുന്നത്. 2000 പേജുള്ള കുറ്റപത്രത്തില്‍ അഞ്ചു ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍, ഏഴു മജിസ്‌ട്രേട്ടുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 89 സാക്ഷികളാണ് ഉണ്ടായിരുന്നത്. 10 പേരുടെ രഹസ്യമൊഴിയുണ്ട്.
"https://www.facebook.com/Malayalivartha























