ഇന്ത്യയുടെയും റഷ്യയുടെയും ഒന്നിച്ച് നിൽപ്പ്പിന്റെ ഫലമായി സംയുക്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് വാങ്ങുന്ന ആദ്യ രാജ്യമായി ഫിലിപ്പീൻസ്; പ്രതിരോധ വിപണിയിലെ തന്നെ ഏറ്റവും മികച്ച മിസൈലുകളിലൊന്നായ ബ്രഹ്മോസ് തേടി നിരവധി രാജ്യങ്ങൾ ഇന്ത്യയോട് അടുക്കുന്നു

ഇന്ത്യയുടെയും റഷ്യയുടെയും ഒന്നിച്ച് നിൽപ്പ്പിന്റെ ഫലമായി സംയുക്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. അത് വാങ്ങുന്ന ആദ്യ രാജ്യമായി ഫിലിപ്പീൻസ് മാറിയിരിക്കുകയാണ്. പ്രതിരോധ വിപണിയിലെ തന്നെ ഏറ്റവും മികച്ച മിസൈലുകളിലൊന്നായ ബ്രഹ്മോസ് തേടി നിരവധി രാജ്യങ്ങൾ ഇന്ത്യയോട് അടുക്കുകയാണ്. അറബ് രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാൻ താൽപര്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു.
ബ്രഹ്മോസ് ക്രൂസ് മിസൈൽ വാങ്ങാനുള്ള ഫിലിപ്പീൻസിന്റെ ഈ തീരുമാനം ആഗോള ആയുധവിപണിയിൽ ഇന്ത്യയ്ക്കു വൻ നേട്ടമാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത് . ഫിലിപ്പീൻസ് ആവശ്യപ്പെട്ടത് 3 ബാറ്ററി ബ്രഹ്മോസ് മിസൈലുകളാണു . ഒരു ബാറ്ററിയിൽ 4 മുതൽ 6 വരെ മിസൈലുകളുണ്ട് . 37.49 കോടി ഡോളറിന്റെ അതായത് ഏകദേശം 2774 കോടി രൂപ ഇടപാടാണ് നടന്നിരിക്കുന്നത്. ഫിലിപ്പീൻസിന്റെ തീരപ്രതിരോധ റെജിമെന്റാണു മിസൈൽ വിന്യസിക്കുന്നത്.
ഫിലിപ്പീൻസിനു പ്രധാന സുരക്ഷാഭീഷണി ഉയർത്തുന്നത് ചൈനയാണ് . ബ്രഹ്മോസ് വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് വിയറ്റ്നാം, ചിലെ എന്നീ രാജ്യങ്ങളും രംഗത്ത് വന്നിട്ടുണ്ട്. ആദ്യമായിട്ടാണ് തന്ത്രപരമായി വൻ മൂല്യമുള്ള ഒരായുധം ഇന്ത്യ കയറ്റുമതി ചെയ്യുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. 42 രാജ്യങ്ങൾക്ക് ഇന്ത്യ ആയുധങ്ങൾ കയറ്റുമതി ചെയ്തതിലൂടെ 8500 കോടി രൂപയോളം കഴിഞ്ഞവർഷം നേടി. എന്നാൽ അവയെല്ലാം റൈഫിൾ, ടോർപിഡോ വെടിക്കോപ്പ്, ഷെല്ലുകൾ തുടങ്ങിയ ലഘു ആയുധങ്ങളും വൻ ആയുധങ്ങളുടെ സ്പെയർ പാർട്സും പാരഷൂട്ട് തുടങ്ങിയ സാമഗ്രികളുമാണ് എന്നതാണ് സത്യാവസ്ഥ .
നേരത്തേ നടത്തിയ ഒരു വൻ സൈനിക സാമഗ്രി കയറ്റുമതി ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് വികസിപ്പിച്ച ധ്രുവ് ഹെലികോപ്റ്ററാണു. ഖത്തർ, യുഎഇ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് മേഖലകളിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാൻ താൽപര്യം പ്രകടിപ്പി ച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇപ്പോഴും സജീവമാണ് . കോവിഡ്-19 മൂലമുള്ള ആഗോള പ്രതിസന്ധി കാരണം ചർച്ചകൾ നിർത്തിവച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്ത് വരികയാണ്.
സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ കരയും കടൽ അധിഷ്ഠിത പതിപ്പുകൾ വിൽക്കുന്നതിനായി തായ്‌ലൻഡ്, ഇന്തൊനീഷ്യ, വിയറ്റ്നാം എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ട് . എങ്കിലും ഇന്തോ-റഷ്യൻ ബ്രഹ്മോസ് സംവിധാനം സ്വന്തമാക്കുന്ന ആദ്യ രാജ്യമായി ഫിലിപ്പൈൻസ് മാറിയിരിക്കുകയാണ്. ഡിആർഡിഒയും (ഇന്ത്യ) എൻപിഒഎമ്മും (റഷ്യ) ചേർന്നാണ് ബ്രഹ്മോസ് ഏറോസ്പേസ് സ്ഥാപിച്ചത് . 1998 ഫെബ്രുവരിയിൽ ബ്രഹ്മോസ് ഏറോസ്പേസ് സ്ഥാപിക്കുകയുണ്ടായി.
ബ്രഹ്മപുത്ര, മോസ്ക്‌വ നദികളുടെ പേരുകള്‍ കൂട്ടിച്ചേർത്തായിരുന്നു ബ്രഹ്മോസ് എന്ന പേരുവന്നത്. കര, വായു, കപ്പൽ, മുങ്ങിക്കപ്പൽ എന്നിവിടങ്ങളിൽ നിന്നു വിക്ഷേപിക്കാൻ ശേഷിയുള്ളതാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ. 290 കിലോമീറ്ററാണ് ബ്രഹ്മോസിന്റെ ഫ്ലൈറ്റ് റെയ്ഞ്ച്. വെള്ളത്തിനടിയിൽ നിന്നും ഇത് വിക്ഷേപിക്കാൻ കഴിയും. 2007ൽ കരയിൽ നിന്നുള്ള ബ്രഹ്മോസ് പരീക്ഷിച്ചു. 2015 ൽ കടലിൽ നിന്നുള്ള ബ്രഹ്മോസും പരീക്ഷിക്കുകയുണ്ടായി . 200 മുതൽ 300 കിലോഗ്രാം വരെ വഹിച്ചു സഞ്ചരിക്കാൻ ബ്രഹ്മോസിനു കഴിയുമെന്നതാണ് സവിശേഷത.
https://www.facebook.com/Malayalivartha























