മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് പരിസമാപ്തികുറിച്ച് ഇന്ന് ശബരിമല നട അടയ്ക്കും.... തിരുവാഭരണ ഘോഷയാത്രാ സംഘം ഇന്ന് മടക്കയാത്ര തുടങ്ങും....

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് പരിസമാപ്തികുറിച്ച് ഇന്ന് ശബരിമല നട അടയ്ക്കും. ഇന്നലെ പതിവ് പൂജകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. രാത്രി 10ന് ഹരിവരാസനം പാടി നട അടച്ചതോടെ മാളികപ്പുറം മണിമണ്ഡപത്തിന് മുന്നില്‍ കളമൊരുക്കി പന്തളം രാജപ്രതിനിധി മൂലംനാള്‍ ശങ്കരവര്‍മ്മയുടെ നേതൃത്വത്തില്‍ വലിയ ഗുരുതി നടന്നു.
ഇന്ന് രാവിലെ രാജപ്രതിനിധിക്ക് മാത്രമാണ് സന്നിധാനത്ത് ദര്‍ശനം. രാവിലെ 5ന് നടതുറന്നു. 5.30 ന് ഗണപതിഹോമം. ശ്രീലകത്ത് മലര്‍നിവേദ്യത്തിന് ശേഷം ഭഗവാനെ ഭസ്മവിഭൂഷിതനാക്കി രുദ്രാക്ഷമാല ചാര്‍ത്തി കൈയില്‍ യോഗദണ്ഡ് നല്‍കി യോഗനിദ്ര യിലാക്കിയ ശേഷം നടയടയ്ക്കും.
തുടര്‍ന്ന് ശ്രീകോവിലിന്റെ താക്കോലും പണക്കിഴിയും രാജപ്രതിനിധിക്ക് കൈമാറും. രാജപ്രതിനിധി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെത്തും. പിന്നാലെ മേല്‍ശാന്തിയും. താക്കോല്‍ക്കൂട്ടവും പണക്കിഴിയും മേല്‍ശാന്തിക്ക് തിരികെ നല്‍കി രാജപ്രതിനിധിയും പേടകങ്ങളുമായി തിരുവാഭരണ സംഘവും പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും.
ഇന്ന് ളാഹ സത്രത്തിലും നാളെ അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലും 22ന് ആറന്മുളകൊട്ടാരത്തിലും വിശ്രമിക്കുന്ന സംഘം 23ന് രാവിലെ 6ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തും. ദേവസ്വം ബോര്‍ഡ് അധികൃതര്‍ തിരുവാഭരണം പന്തളം കൊട്ടാരം പ്രതിനിധികള്‍ക്ക് മടക്കിനല്‍കും. കുംഭമാസ പൂജകള്‍ക്കായി ഇനി ഫെബ്രുവരി 12നാണ് നട തുറക്കുക.
https://www.facebook.com/Malayalivartha

























