ഹിജാബ് വിവാദം തെരുവ് യുദ്ധത്തിലേക്ക്; പ്രതിഷേധക്കാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; കര്‍ണാടകയില്‍ സ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു

കര്‍ണാടകയില്‍ ഹിജാബിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ, സ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹിജാബ് നിരോധനത്തിന് എതിരായ പ്രതിഷേധവും അതിനെതിരെ സംഘ് പരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രതിഷേധവും സംസ്ഥാനത്ത് കൂടുതല്‍ കോളജിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഉടുപ്പി, ഷിവമോഗ മേഖലയില്‍ ഹിജാബ് വിവാദം തെരുവ് യുദ്ധത്തിലേക്ക് നീളുകയാണ്. ഹിജാബ് വിലക്കിന് എതിരെ പ്രതിഷേധിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ എ ബി വി പി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുന്നതാണ് സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്നത്.
ഉഡുപ്പിയിലും ചിക്ക്മംഗളൂരുവിലും സംഘ്പരിവാര്‍ സംഘടനകള്‍ ഹിജാബ് ധരിച്ചെത്തുന്ന മുസ്ലിം വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതിഷേധിക്കുന്നുണ്ട്. വെള്ളിയും ശനിയും കാവി ഷാളുകള്‍ ധരിച്ച് ഒരു സംഘം വിദ്യാര്‍ഥികള്‍ കോളജിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു. ഇന്ന് പ്രതിഷേധക്കാര്‍ ചേരിതിരിഞ്ഞ് കല്ലെറിഞ്ഞു. കോളജിലെ കൊടിമരത്തില്‍ ഒരു സംഘം കാവിക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. മാണ്ഡ്യയില്‍ നിലത്ത് കുത്തിയിരുന്ന മുസ്ലിം വിദ്യാര്‍ഥിനിയെ കാവി ഷാള്‍ ധരിച്ചെത്തിയ ആണ്‍കുട്ടികള്‍ കൈയേറ്റം ചെയ്തു. ജയ്ശ്രീറാം വിളിച്ചായിരുന്നു ആക്രോശം.
ഉഡുപ്പിയില്‍ ഇന്ന് രാവിലെ വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ച് കോളേജില്‍ പ്രതിഷേധം തുടങ്ങി. മറുപടിയായി കാവി നിറത്തിലുള്ള ദുപ്പട്ട ധരിച്ച വിദ്യാര്‍ഥികള്‍ കൂടി എത്തിയതോടെ വിഷയം ഏറ്റുമുട്ടലിലേക്ക് നീങ്ങി. ഇതോടെ കോളജ് അധികൃതര്‍ വിഷയത്തില്‍ ഇടപെട്ടു. ജനുവരി ഒന്നിനാണ് കര്‍ണാടകയില്‍ ഹിജാബിനെ ചൊല്ലി വിവാദം ആരംഭിച്ചത്. ഉഡുപ്പിയില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ 6 മുസ്ലിം വിദ്യാര്‍ത്ഥിനികളെ ക്ലാസ് മുറിയില്‍ ഇരിക്കുന്നതില്‍ നിന്ന് വിലക്കിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പുതിയ യൂണിഫോം നയമാണ് ഇതിന് കാരണമായി കോളേജ് മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടിയത്. ഇതിന് പിന്നാലെ സംസ്ഥാനത്തുടനീളം പ്രതിഷേധം തുടങ്ങി. പെണ്‍കുട്ടികള്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കി. ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 25 പ്രകാരമുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് പെണ്‍കുട്ടികള്‍ വാദിച്ചു.
https://www.facebook.com/Malayalivartha

























