സിനിമ പോലെയല്ല... യോദ്ധ സിനിമയുടെ ഷൂട്ടിംഗിനിടെ മോഹന്‍ലാലിനെ ഏറെ അമ്പരപ്പിച്ച മല സൈനികര്‍ക്കും അത്ഭുതം; കാണാന്‍ ഏറെ മനോഹരമെങ്കിലും പതിയിരിക്കുന്നത് വലിയ അപകടം; കൂട്ടുകാരനുവേണ്ടി കണ്ണിമചിമ്മാതെ നാലു വട്ടം മല കയറി അഖില്‍

യോദ്ധ സിനിമയിലെ മനോഹര ദൃശ്യമാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച അശോകന്‍ എന്ന കഥാപാത്രം യുദ്ധ മുറകള്‍ അഭ്യസിക്കുന്നത്. ബാബു അപകടത്തില്‍പെട്ട, മലമ്പുഴ ചെറാടിലുള്ള കൂമ്പാച്ചി മലയാണത്. പല സിനിമകളിലും ഈ മല ഇടംപിടിച്ചതാണ്. എന്നാല്‍, സിനിമാ ഷൂട്ടിങ് ലൊക്കേഷന്‍ ആണെന്നു കരുതി ഇവിടേയ്ക്ക് പൊതുജനങ്ങള്‍ക്കു അങ്ങനെയങ്ങു പോകാന്‍ കഴിയില്ല.
കുമ്പാച്ചി മല അപകടങ്ങള്‍ പതിയിരിക്കുന്നതാണെന്നു വനംവകുപ്പ് അധികൃതര്‍ പറയുന്നു. കൂര്‍ത്ത പാറകളും ചെങ്കുത്തായ മലകളുമായതിനാല്‍ കൂര്‍മ്പാച്ചി എന്നായിരുന്നു ആദ്യ പേര്. നാട്ടുകാര്‍ പറഞ്ഞ് ഇതു കുമ്പാച്ചി മല എന്നായി. മരങ്ങള്‍ വളരെ കുറവായതിനാല്‍ മഴക്കാലത്തു പോലും പച്ചപ്പില്ലാത്ത മലനിരകളാണിത്. പാറയ്ക്കു മുകളില്‍ വളരുന്ന കള്ളിമുള്‍ച്ചെടികളാണു കൂടുതലും. മരങ്ങളില്ലാത്തതിനാല്‍ വന്‍ ചൂടാണ് ഇവിടെ.
പാറ ചൂടാകുന്നതോടെ താഴ്‌വാരത്തും കഠിനമായ ചൂട് അനുഭവപ്പെടും. മൂര്‍ച്ചയുള്ള പാറക്കല്ലുകളും അപകടമാണ്. മലയുടെ മുകളില്‍ കയറിയാലും ഗംഭീര കാഴ്ചകളൊന്നുമില്ലെന്നാണു വനം ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം ദേശീയ ദുരന്ത നിവാരണ സേനയ്ക്കു വഴികാട്ടാന്‍ നാലാം തവണയും മലകയറിയ അഖില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ മുഖമായി. ഇതിനിടെ കാലില്‍ പരുക്കേല്‍ക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ ബാബുവിന് അരക്കിലോമീറ്റര്‍ അടുത്തുവരെയെത്താന്‍ അഖിലിനു കഴിഞ്ഞിരുന്നു. വെള്ളം ചോദിച്ചെങ്കിലും കൊടുക്കാന്‍ കഴിയാത്തതിന്റെ വിഷമത്തോടെയാണ് മടങ്ങിയത്. പിന്നീട് ദൗത്യത്തിന്റെ ഭാഗമായി ഉച്ചയ്ക്കു 12.30നു തുടങ്ങിയ മലകയറ്റം അവസാനിച്ചത് 5 മണിയോടെ. എന്‍ഡിആര്‍എഫിനൊപ്പം വീണ്ടും കയറുമ്പോള്‍ അഖിലിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ കൂട്ടുകാരനെ എങ്ങനെയും രക്ഷിക്കുക.
അതേസമയം രക്ഷാ പ്രവര്‍ത്തനത്തില്‍ ഏറ്റവും നിര്‍ണായകമായതു ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണമായിരുന്നു. ചൊവ്വാഴ്ച മുതല്‍ ബാബുവിനെ രക്ഷാപ്രവര്‍ത്തകരുടെ സംഘം ഡ്രോണിലൂടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഡ്രോണ്‍ ഉപയോഗിച്ചു വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഭാരം വഹിക്കാന്‍ സാധിക്കാത്തതിനാല്‍ പരാജയപ്പെട്ടു.
സര്‍വേ വകുപ്പിന്റേതും വിവിധ സ്വകാര്യ കമ്പനികളുടേതുമടക്കം പതിനഞ്ചിലേറെ ഡ്രോണുകള്‍ ചൊവ്വാഴ്ച രാത്രിയോടെ എത്തിച്ചു. ചെന്നൈയിലെ ഗരുഡ എയ്‌റോസ്‌പേസ് കമ്പനിയുടെ സ്ട്രിങ്ങിങ് ഡ്രോണും ഇതില്‍ ഉള്‍പ്പെടുന്നു. 15 കിലോയോളം ഭാരം താങ്ങാന്‍ സാധിക്കുമെന്നതിനാല്‍ ബാബുവിനു വെള്ളവും മറ്റും എത്തിക്കാന്‍ ഈ ഡ്രോണ്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അതിനു മുന്‍പായി സൈനികന്‍ ബാബുവിന്റെ അടുത്തെത്തി. മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കു വെള്ളം നല്‍കാനായി ഈ ഡ്രോണ്‍ ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും കാറ്റ് പ്രതികൂലമായതിനാല്‍ സാധിച്ചില്ല.
സൈനികന്‍ വടത്തിന്റെ സഹായത്തോടെ ബാബുവിനെയും കൊണ്ട് മുകളിലേക്കു കയറുമ്പോള്‍ നിരീക്ഷിക്കാനും ദിശയില്‍ വ്യത്യാസം വരുമ്പോള്‍ നിര്‍ദേശങ്ങള്‍ നല്‍കാനും ഡ്രോണുകള്‍ ഉപയോഗപ്പെടുത്തി. ഹാം റേഡിയോ സേവനവും ഉണ്ടായിരുന്നു.
2.5 എംഎം കട്ടിയുള്ള കേബിളുകള്‍ ഘടിപ്പിച്ച് തയാറാക്കിയതാണു സ്ട്രിങ്ങിങ് ഡ്രോണുകള്‍. മലയിടുക്കുകള്‍ പോലെ ഇറങ്ങാന്‍ പ്രയാസമുള്ള ഇടങ്ങളില്‍ ഈ ഡ്രോണ്‍ ഉപയോഗിച്ചു പരിശോധന നടത്താം. ഉയരം കൂടിയ മരങ്ങളിലും എത്തിച്ചെല്ലാന്‍ സാധിക്കാത്ത ഭാഗങ്ങളിലും ഹുക്ക് (വടം കെട്ടാനുള്ള കൊളുത്ത്) ഇടാന്‍ ഈ ഡ്രോണ്‍ ഉപയോഗിക്കാറുണ്ട്. ബാബു കുടുങ്ങിയ സ്ഥലത്തെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു പ്രയാസമുണ്ടെങ്കില്‍ ബാബുവിനു വടം ഇട്ടുകൊടുക്കാന്‍ ഈ ഡ്രോണ്‍ ഉപയോഗിക്കാന്‍ പദ്ധതിയുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























