ഇവിടിങ്ങനാ ഭായി... വനമേഖലയില്‍ അതിക്രമിച്ച് കടന്ന് സാഹസം കാട്ടിയതിന് ബാബുവിന്റെ പേരില്‍ കേസെടുത്തേക്കും; ബാബുവിന് ഇളവ് നല്‍കിയാല്‍ നാളെ പലരും സാഹസത്തിന് മുതിരുമെന്ന് മുറവിളി; ബാബുവിന്റെ ആരോഗ്യനില തൃപ്തികരം ഇന്ന് വാര്‍ഡിലേക്ക് മാറ്റും

മലമ്പുഴയിലെ മലയിടുക്കില്‍ നിന്ന് രക്ഷപ്പെട്ട ചെറാട് സ്വദേശി ആര്‍. ബാബു(23) നാട്ടുകാരേയും സര്‍ക്കാരിനേയും പട്ടാളത്തേയും ഒരുപോലെ മുള്‍ മുനയില്‍ നിര്‍ത്തിയിരുന്നു. ഇതിനിടെ രക്ഷിച്ചതോടെ ബാബുവിന്റെ പേരില്‍ കേസെടുക്കണമെന്ന ശക്തമായ അഭിപ്രായമാണ് ഉയരുന്നത്.
വനമേഖലയില്‍ അതിക്രമിച്ചു കടന്നതിന് ബാബുവിനും സുഹൃത്തുക്കള്‍ക്കുമെതിരെ വനംവകുപ്പ് കേസെടുത്തേക്കും. അനുമതിയില്ലാതെ കൂറുമ്പാച്ചി മല കയറിയതിനാണ് കേസെടുക്കുക. പ്രത്യേക സാഹചര്യം പരിഗണിച്ച് ബാബുവിന് ഇളവ് നല്‍കിയാല്‍ നാളെ പലരും സാഹസത്തിന് മുതിരുമെന്നാണ് ഒരുകൂട്ടര്‍ വാദിക്കുന്നത്.
അതേസമയം ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐ സി യുവിലാണ് യുവാവ് ഇപ്പോള്‍ ഉള്ളത്. ഇന്ന് വാര്‍ഡിലേക്ക് മാറ്റും. കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. ബാബു ഇന്നലെ നന്നായി ഉറങ്ങി. ദ്രവഭക്ഷണമാണ് കൊടുക്കുന്നത്. സംസാരിക്കുന്നുണ്ട്.
ബാബുവും സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെയാണ് മലകയറിയത്. കുത്തനെയുള്ള മല കയറാന്‍ കഴിയാത്തതിനാല്‍ സുഹൃത്തുക്കള്‍ പാതിയില്‍ തിരിച്ചിറങ്ങി. ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാല്‍വഴുതി മലയിടുക്കിലേക്ക് വീണത്. ഫോണ്‍ ചെയ്ത് പറഞ്ഞതനുസരിച്ച് സുഹൃത്തുക്കള്‍ എത്തി വള്ളിയും മരക്കൊമ്പും ഇട്ടുകൊടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവര്‍ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
ബാബു തന്നെയാണ് വിവരം പൊലീസിനെ വിളിച്ച് അറിയിച്ചത്. ആശങ്കകള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ ഇന്നലെ രാവിലെ 10.20നാണ് ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയത്. നാല്‍പത്തിയാറ് മണിക്കൂറാണ് ബാബു മലയിടുക്കില്‍ കുടുങ്ങിക്കിടന്നത്.
രണ്ടുദിവസത്തിലേറെ വെള്ളമോ ആഹാരമോ ഇല്ലാതെ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു ഏറെ തളര്‍ന്നിരുന്നു. ബാബുവിന്റെ ആരോഗ്യം ഉറപ്പാക്കുന്നതോടൊപ്പം ആത്മധൈര്യവും പകര്‍ന്നാണ് സൈനികര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ചൊവ്വാഴ്ച കോസ്റ്റല്‍ ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ മലമുകളിലെത്തിയെങ്കിലും ബാബുവിനെ രക്ഷിക്കാനാവാതെ തിരിച്ചുപോയിരുന്നു. ആ സംഭവം ബാബുവിനെ തളര്‍ത്തിയിട്ടുണ്ടാകുമെന്ന് ദൗത്യസംഘം ചിന്തിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ മലമുകളിലെത്തിയിട്ടും ബാബുവിനെ നേരില്‍ കാണാന്‍ കഴിയുമായിരുന്നില്ല. വളവുള്ള പാറക്കെട്ടുകളാണ് കാരണം. എന്നാല്‍, ബാബുവിന് മറ്റൊരുഭാഗത്ത് രക്ഷാപ്രവര്‍ത്തര്‍ നില്‍ക്കുന്നത് കാണാമായിരുന്നുവെന്ന് പറയുന്നു. താഴെ നില്‍ക്കുന്ന വാഹനങ്ങളെയും കാണാം. തന്നെ ആര്‍ക്കും കണ്ടെത്താനാവാത്ത സാഹചര്യമാണെന്ന് ബാബു ചിന്തിച്ചുകാണുമെന്നും ഉദ്യോഗസ്ഥര്‍ ചര്‍ച്ചചെയ്തിരുന്നു. അതിനാല്‍ ബാബുവിന് ആത്മവിശ്വാസം നല്‍കുകയായിരുന്നു സൈന്യം ആദ്യം ചെയ്തത്.
ഡ്രോണുകള്‍ പറത്തി ബാബു ഇരിക്കുന്ന സ്ഥലം കണ്ടെത്തുന്നതോടൊപ്പം ബാബുവിനെ തിരയുന്ന വിവരം അറിയിക്കാനുമായിരുന്നു ശ്രമം. രാത്രി ടോര്‍ച്ചുകള്‍ അടിച്ച് തൊട്ടടുത്തുതന്നെ രക്ഷാസംഘം ഉണ്ടെന്ന് ബാബുവിനെ അറിയിക്കാനും ശ്രമിച്ചു.
ബുധനാഴ്ച രാവിലെ ബാലകൃഷ്ണന്‍ എന്ന സൈനികന്‍ ആദ്യം റോപ്പുവഴി ബാബുവിനരികിലെത്തി വെള്ളം നല്‍കി. പേടിക്കേണ്ടതില്ലെന്നും സൈന്യം എത്തിയിട്ടുണ്ടെന്നും അറിയിച്ചു. സൗമ്യത്തോടെയും ചിരിച്ചുകൊണ്ടുമുള്ള സൈനികരുടെ പെരുമാറ്റം ബാബുവിന് സന്തോഷം നല്‍കി. ബാബുവിനെ താങ്ങിപ്പിടിച്ചാണ് സൈനികര്‍ മുകളിലെത്തിച്ചത്. ഇവിടെനിന്ന് താഴെയിറങ്ങാന്‍ പേടിവേണ്ടെന്നും ഹെലികോപ്ടര്‍ എത്തുമെന്നും അറിയിച്ചു. അല്പനേരം കൊണ്ടുതന്നെ ബാബു അവരോട് ഏറെ അടുത്തിരുന്നു. ആശുപത്രിയിലെത്തുംവരെ രക്ഷാസംഘം നല്‍കിയ ആത്മവിശ്വാസമാണ് ബാബുവിന് ഏറ്റവും വലിയ മരുന്നായത്.
"
https://www.facebook.com/Malayalivartha
























