രക്ഷപ്പെടുത്തിയ പിന്നാലെ ബാബു ചോദിച്ചത്..! അമ്പരന്ന് സൈനികർ, ചോദ്യത്തെക്കുറിച്ച് വെളിപ്പെടുത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകിയ കേണല്‍ ഹേമന്ദ് രാജ്

അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്. മലയടിവാരത്ത് കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷിച്ചെടുത്താൻ നന്നേ പാടുപെട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ ബാബു എന്ന ചെറുപ്പക്കാരൻ കുടുങ്ങിയത്. വെള്ളമോ ഭക്ഷണമോ നൽകാൻ യന്ത്രങ്ങൾക്ക് പോലും എത്തിപ്പെടാൻ സാധിക്കാത്ത വിധത്തിൽ ഏറെ പ്രയാസകരമായിരുന്നു ദൗത്യം. ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ്.
ഇപ്പോഴിതാ സൈന്യം രക്ഷിച്ചതിന് പിന്നാലെ ബാബു ചോദിച്ച ഒരു ചോദ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കേണല്‍ ഹേമന്ദ് രാജ്.ബാബുവിന്റെ ആ ഒരൊറ്റ ചോദ്യത്തിൽ സൈനികർ അമ്പരന്ന് പോയി അത്രേ...എന്നെയും സൈന്യത്തിലെടുക്കാമോ' എന്നായിരുന്നു യുവാവിന്റെ ചോദ്യമെന്ന് അദ്ദേഹം പറഞ്ഞു. ഹേമന്ദ് രാജിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
എത്ര കഠിനായ അവസ്ഥയിലാണെങ്കിലും ഇന്ത്യന്‍ ആര്‍മി കീ ജയ് എന്ന് വിളിക്കുമ്പോള്‍ തങ്ങള്‍ക്ക് തന്നെ കിട്ടുന്ന ഒരു ഊര്‍ജമാണ് ഏറ്റവും പ്രധാനമെന്നും, എല്ലാവര്‍ക്കും വേണ്ടിയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും ഹേമന്ദ് രാജ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് സൂലൂരിലും, ബാംഗ്ലൂരിലും നിന്നും ബാബുവിനെ രക്ഷിക്കാൻ കരസേനാംഗങ്ങളെത്തിയത്. ലഫ്. കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ ഒമ്പതു പേരടങ്ങിയ സംഘമാണ് സൂലൂരിൽ നിന്നെത്തിയത്. നാട്ടുകാരിൽ ചിലരെ ഒപ്പം കൂട്ടിയാണ് അവർ മലകയറിയത്. പിന്നെ കേരളം സാക്ഷ്യം വഹിച്ചത് ചരിത്രത്തിലെ ഏറ്റവും സാഹസികമായ രക്ഷാദൗത്യത്തിനാണ്. അങ്ങനെ കരസേനയുടെ 'ഓപ്പറേഷൻ പാലക്കാട്' ചരിത്രത്തിലേക്ക് വഴിമാറുകയായിരുന്നു. മലയിടുക്കില്‍ കുടുങ്ങിക്കിടന്ന തന്നെ രക്ഷിച്ച സൈനികരോട് യുവാവ് നന്ദി പറയുകയും, അവരെ സ്നേഹത്തോടെ ചേർത്ത് പിടിച്ച് ഉമ്മ വയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.
തന്റെ ജീവൻ രക്ഷിച്ച ഇന്ത്യൻ സൈന്യത്തിന് നന്ദി പറഞ്ഞ് ബാബു. ‘എല്ലാവർക്കും നന്ദി. ബാല സാറിന് നന്ദി. ഇന്ത്യൻ ആർമി കീ ജയ്. ഭാരത് മാതാ കി ജയ് എന്നായിരുന്നു ബാബുവിന്റെ വാക്കുകൾ. ബാബുവിനെ തന്റെ ശരീരത്തോട് സുരക്ഷാ റോപ്പുപയോഗിച്ച് ബന്ധിച്ച് മലമുകളിലെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു ബാല എന്ന സൈനികനാണ്.
ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തിൽ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങൾ, രാത്രിയിൽ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവർത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാൻ പ്രതിസന്ധികളേറെയായിരുന്നു.
ബാബു മൂന്നു സുഹൃത്തുക്കൾക്കൊപ്പമാണ് ചെങ്കുത്തായ ചെറാട് കൂർമ്പാച്ചി മലകയറിയത്. ക്ഷീണം തോന്നിയ സുഹൃത്തുക്കൾ മലകയറ്റം പാതിവഴിയിൽ ഉപേക്ഷിച്ച് തിരിച്ചിറങ്ങിയെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തിലേക്കു കയറുകയായിരുന്നു. മലമുകളിൽ കയറിയശേഷം ഫോണിൽ വീഡിയോ ചിത്രീകരിച്ചശേഷം തിരിച്ച് ഇറങ്ങുന്നതിനിടെ കാൽവഴുതി വീണാണ് മലയിടുക്കിൽ കുടുങ്ങിയത്.
ഇടതു കാലിനും കൈകൾക്കും പരിക്കേറ്റിട്ടുണ്ട്. ബാബു തന്നെയാണ് താൻ കുടുങ്ങിയ വിവരം സുഹൃത്തുക്കളെയും പൊലീസ്, അഗ്നിരക്ഷാ സേന എന്നിവരെയും ഫോണിൽ അറിയിച്ചത്. രക്ഷാപ്രവർത്തനത്തിന്റെ മണിക്കൂറുകളിൽ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും സമാനതകളില്ലാത്തതായിരുന്നു.
https://www.facebook.com/Malayalivartha
























