വീട്ടിനകത്ത് കയറി വിറകുകൊള്ളി കൊണ്ട് സ്ത്രീയുടെ തലയ്ക്കടിച്ചു വീഴ്ത്തി; കാട്ടിനകത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി സ്വർണ്ണാഭരണങ്ങൾ കവർന്നു; തലയ്ക്കടിയേറ്റ് ബോധമറ്റ വിജിതയെ കാട്ടിൽ ഉപേക്ഷിച്ചിട്ട് പോയി; ബോധം വന്നപ്പോൾ യുവതി ഇഴഞ്ഞ് വീട്ടിലെത്തി; കാസർഗോഡ് വീണ്ടും റിപ്പർ മോഡൽ മോഷണവും കൊലപാതക ശ്രമവും; കവർച്ചാ പ്രതി മടിക്കൈയിലെ കറുകവളപ്പിൽ അശോകനെ കണ്ടെത്താൻ പോലീസിന്റെ തീവ്ര ശ്രമം

കാസർഗോഡ് വീണ്ടും റിപ്പർ മോഡൽ മോഷണവും കൊലപാതക ശ്രമവും ... ഭീതിയോടെ ഒരു നാടുമുഴുവൻ ഉറക്കമില്ലാതിരിക്കുകയാണ്.... കവർച്ചാ പ്രതി മടിക്കൈയിലെ കറുകവളപ്പിൽ അശോകനെ കണ്ടെത്താൻ പോലീസ് തീവ്രമായ ശ്രമം നടത്തി കൊണ്ടിരിക്കുന്നു. മടിക്കൈ കാട്ടിൽ പോലീസ് വ്യാപക തെരച്ചിൽ നടത്തി. രാത്രി മുതൽ രാവിലെ വരെ ശക്തമായ തെരച്ചിൽ ആണ് നടത്തിയത്. അശോകൻ ഒളിച്ചിരിക്കുന്ന ഇടം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.
മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ കിഴക്കേ അറ്റത്ത് 500 ഏക്കറിൽ പരന്നുകിടക്കുന്ന കാട്ടിലും കുറ്റിക്കാട്ടിലുമാണ് അശോകന് വേണ്ടി തെരച്ചിൽ നടത്തിയത്. കൂലിത്തൊഴിലാളി മടിക്കൈ കറുകവളപ്പിൽ അനിലിന്റെ ഭാര്യ വിജിതയെ രാവിലെ 9.45 മണിയോടെ വീട്ടിനകത്ത് കയറി അശോകൻ വിറകുകൊള്ളി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയിരുന്നു. ശേഷം കാട്ടിനകത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി യുവതിയുടെ സ്വർണ്ണാഭരണങ്ങൾ കവരുകയായിരുന്നു .
തലയ്ക്കടിയേറ്റ് ബോധമറ്റ വിജിതയെ പ്രതി കാട്ടിൽ ഉപേക്ഷിച്ചിട്ട് പോയി. ബോധം ശേഷം യുവതി കാട്ടിൽ നിന്ന് ഇഴഞ്ഞ് വീട്ടിലെത്തി. അപ്പോഴാണ് നാട്ടുകാർ സംഭവമറിഞ്ഞത്. അപ്പോഴേയ്ക്കും അശോകൻ കാട്ടിനുള്ളിൽ ഒളിച്ചു . 3 മാസം മുന്നെ കറുകവളപ്പ് സ്വദേശിയായ കൃഷിക്കാരൻ പ്രഭാകരന്റെ വീട്ടിൽ രാവിലെ അതിക്രമിച്ചു കയറുകയും ചെയ്തു. ഈ വീട്ടിൽ നിന്ന് രണ്ട് സെൽ ഫോണുകളും, സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ചതിന് അമ്പലത്തറ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ പോലീസ് അശോകന് വേണ്ടി പ്രദേശത്ത് തെരച്ചിൽ നടത്തി.
ഇതോടെ അശോകൻ താമസം കാട്ടിലേക്ക് മാറ്റി. അശോകന്റെ കവർച്ചാ കൂട്ടാളി കാസർകോട് ബേഡഡുക്ക സ്വദേശി മഞ്ചുനാഥിനെ കഴിഞ്ഞ ദിവസം അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതു കാട്ടിൽ നിന്നായിരുന്നു. അന്ന് മഞ്ചുനാഥിനൊപ്പം അശോകനുമുണ്ടായിരുന്നു. പക്ഷേ , പോലീസ് കാട്ടിലിറങ്ങിയ സാഹചര്യം മണത്തറിഞ്ഞ അശോകൻ രക്ഷപ്പെട്ട് വീണ്ടും കാട്ടിലേക്ക് പോയി .
അശോകന്റെ അടിയേറ്റ യുവതി വിജിത ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ക്രൂരമായി തല്ലിയതിനാൽ വിജിതയുടെ കണ്ണുകൾ രണ്ടും ചുവന്നു . തന്റെ പേര് പോലീസിനോട് പറഞ്ഞാൽ തന്റെ സംഘത്തിൽപ്പെട്ട മറ്റ് മൂന്നുപേർ രാത്രിയിൽ വീട്ടിലെത്തി കൊല നടത്തുമെന്ന് അശോകൻ ഭീഷണിപ്പെടുത്തിയെന്നും രക്ഷപ്പെട്ട വിജിത വ്യക്തമാക്കി.
മടിക്കൈ കറുകവളപ്പ് പ്രദേശത്ത് ഒറ്റപ്പെട്ട വീടുകളാണ് ഉള്ളത് . അശോകനും സംഘവും രാത്രി വീടുകളിൽ കയറി കവർച്ച നടത്തുമെന്ന ഭയത്തിലാണ് നാട്ടുകാർ ഉള്ളത്. വിജിതയിൽ നിന്ന് അശോകൻ തട്ടിപ്പറിച്ചുകൊണ്ടുപോയ സെൽഫോണിന്റെ ടവർ ലൊക്കേഷൻ സൈബർ സെൽ കണ്ടെത്തി. ഈ സെൽഫോൺ വിജിതയുടെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഓൺലൈനിൽ കിടക്കുന്നതായാണ് കണ്ടെത്തിയത്. എന്തായാലും ഇയാളുടെ ആക്രമണത്തിൽ ഒരു നാടുമുഴുവൻ പകച്ച് ഇരിക്കുകയാണ്.
https://www.facebook.com/Malayalivartha






















