വർക്കലയിൽ വീടിന് തീപിടിച്ച് മരിച്ച അഞ്ച് പേർക്ക് മന്ത്രി വി ശിവൻകുട്ടി ആദരാഞ്ജലികൾ അർപ്പിച്ചു; മുഖ്യമന്ത്രിക്ക് വേണ്ടി റീത്ത് സമർപ്പിച്ചു
വർക്കലയിൽ വീടിന് തീപിടിച്ച് മരിച്ച അഞ്ച് പേർക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആദരാഞ്ജലികൾ അർപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി റീത്ത് സമർപ്പിച്ചു. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി പ്രതികരിച്ചു. കുടുംബാംഗങ്ങൾക്ക് നിയമാനുസൃതം സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, വർക്കലയിൽ വീടിന് തീപിടിച്ച് മരിച്ചവരുടെ ദേഹത്തുണ്ടായ പൊള്ളലുകൾ മരണകാരണമായിട്ടില്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വരികയുണ്ടായി. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് അഞ്ച് പേരുടെയും മരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ വസ്‌ത്രങ്ങൾ പോലും കാര്യമായി കത്തിയിട്ടില്ല. ഇതും പുക ശ്വസിച്ചാണ് മരണമെന്ന നിഗമനം ഉറപ്പിക്കുക്കയുണ്ടായി.
അതോടൊപ്പം തന്നെ അഞ്ച് പേരുടെയും മൃതദേഹങ്ങളിൽ പൊള്ളലുണ്ട്. മരണത്തിന് കാരണമാകുന്ന മാരകമായ പൊള്ളലുകൾ അല്ല. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ ഇക്കാര്യത്തിൽ അന്തിമ നിഗമനത്തിലെത്താനാകൂവെന്ന് റൂറൽ പൊലീസ് മേധാവി ദിവ്യ വി ഗോപിനാഥ് ചൂണ്ടിക്കാണിക്കുകയുണ്ടായി. മരിച്ചവരുടെ ആന്തരികാവയവങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇത് വിശദപരിശോധനയ്‌ക്ക് അയക്കും.
ഇതിനുപിന്നാലെ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. റൂറൽ പൊലീസ് മേധാവി ദിവ്യ വി ഗോപിനാഥിന്റെ മേൽനോട്ടത്തിൽ വർക്കല ഡിവൈഎസ്‌പി പി നിയാസിന്റെ നേതൃത്വത്തിലാകും അന്വേഷണം. വീട്ടിലുണ്ടായിരുന്ന സിസിടിവിയിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. ഒരു ഭാഗം കത്തിനശിക്കുകയും തീകെടുത്താൻ ഒഴിച്ച വെള്ളം ക്യാമറ ഉപകരണങ്ങളിൽ കയറുകയും ചെയ്‌തതാണ് കാരണം. ഇത് വീണ്ടെടുക്കാൻ ഫോറൻസിക് വിദഗ്‌ധരുടെ സഹായം തേടുമെന്നും റിപ്പോർട്ടുണ്ട്.
https://www.facebook.com/Malayalivartha























