പിന്നല്ലാതെ മാഷിനോട് കളിവേണ്ട... പത്ത് പെറ്റ അമ്മയ്ക്ക് ഒരുപാട് എക്‌സ്പീരിയന്‍സുണ്ട്; ഏഴ് പ്രാവശ്യം ജയിച്ചുവെന്നതാണ് പ്രശ്‌നം; ചില ആളുകള്‍ 32ാം വയസില്‍ താക്കോലുമായി പോയിട്ട് ഇപ്പോഴാണ് മടങ്ങിവരുന്നത്; അവര്‍ക്കൊന്നും മറുപടിയില്ല; പിടി പറഞ്ഞതാണ് മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സീറ്റ് കൊടുക്കരുതെന്ന്

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെവി തോമസിന്റെ പ്രസംഗം വൈറലായി പാറി നടക്കുകയാണ്. ആരും വിമര്‍ശിക്കാതിരുന്ന എകെ ആന്റണിയ്ക്കും രണ്ട് കൊടുക്കുന്നുണ്ട്. കെവി തോമസിനെതിരെ നടപടി സ്വീകരിച്ച അച്ചടക്ക സമിതിയുടെ അധ്യക്ഷന്‍ കൂടിയാണ് ആന്റണി. ആന്റണിയുടെ അധികാര മോഹം കെവി തോമസ് തുറന്നുകാട്ടി.
ഞാന്‍ ഏഴ് തിരഞ്ഞെടുപ്പ് ജയിച്ചവനാണ്. പത്ത് പെറ്റ അമ്മയ്ക്ക് ഒരുപാട് എക്‌സ്പീരിയന്‍സുണ്ട്. ഏഴ് പ്രാവശ്യം ജയിച്ചുവെന്നതാണ് പ്രശ്‌നം. ഏഴ് പ്രാവശ്യം തോറ്റവര്‍ക്ക് സീറ്റുണ്ട്. മാഷിന് 73 വയസ്സായി അത്രേ. 80ന് മുകളിലുള്ളവര്‍ ഇപ്പോഴുമുണ്ട് പാര്‍ട്ടിയില്‍. ചില ആളുകള്‍ 32ാം വയസ്സില്‍ താക്കോലുമായി പോയിട്ട് ഇപ്പോഴാണ് മടങ്ങിവരുന്നത്. അവര്‍ക്കൊന്നും മറുപടിയില്ല. പിണറായിയുടെ കരങ്ങള്‍ക്ക് ശക്തി പകരണം. നമുക്ക് ജയിക്കണമെന്നും കെ.വി.തോമസ് പറഞ്ഞു.
എനിക്ക് പി.ടിയോടോ ഉമയോടോ അഭിപ്രായ വ്യത്യാസമില്ല. എനിക്ക് ഇപ്പോള്‍ ഉമയെ കാണാന്‍ പറ്റുന്നില്ല. ഉമയ്ക്ക് എന്നെയും. കരുണാകരനും മക്കള്‍ക്കും എതിരായി പി.ടിയുടെ നിലപാടുകളോട് എനിക്ക് മുന്‍പ് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. പിടി പറഞ്ഞിരുന്നത് മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സീറ്റ് കൊടുക്കരുതെന്നാണ്. ഇപ്പോള്‍ പിടിയുടെ വാക്കുകളാണ് ലംഘിക്കപ്പെട്ടത്.
അതേസമയം പിണറായി വിജയനെ പുകഴ്ത്താനും മറന്നില്ല. ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള വ്യക്തിയാണ് മുഖ്യമന്ത്രിയെന്ന് കെ വി തോമസ് കണ്‍വെന്‍ഷനില്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് കെ റെയില്‍ ആവശ്യമാണ്. ഇത്തരം പദ്ധതികള്‍ വരുമ്പോള്‍ പ്രതിസന്ധികള്‍ സാധാരണമാണ്. ഈ പ്രതിസന്ധി മറികടക്കാനുള്ള കരുത്ത് പിണറായി വിജയനുണ്ടെന്നും കെ വി തോമസ് പറഞ്ഞു.
ഇന്ത്യ നയിക്കാന്‍ കഴിവുള്ള വ്യക്തിയാണ് പിണറായി. ഉമ്മന്‍ ചാണ്ടി വൈറ്റില കല്ലിട്ടു, കുണ്ടന്നൂര്‍ കല്ലിട്ടു, പക്ഷെ പിണറായി അവിടെ മേല്‍പ്പാലം പണിതു. തൃക്കാക്കരയില്‍ ജോ ജോസഫിനെതിരെ അപരനെ ഇറക്കിയതിലും കെ വി തോമസ് യുഡിഎഫിനെ വിമര്‍ശിച്ചു. പാലാരിവട്ടത്ത് നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ വി തോമസ് വേദിയിലെത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കെ വി തോമസിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ആഞ്ഞടിച്ചു. തൃക്കാക്കരയ്ക്ക് അസുലഭ സന്ദര്‍ഭം ആണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ഉപതെരെഞ്ഞെടുപ്പില്‍ കേരളത്തിന്റെ ആഗ്രഹം പോലെ ഈ മണ്ഡലം പ്രതികരിക്കും.അതിന്റെ വേവലാതി യുഡിഫ് ക്യാമ്പില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ട്. സാധാരണ ഇതുപോലെ ഒരു ഉപതെരഞ്ഞെടുപ്പിന് ഇത്തരം പ്രാധാന്യം ഉണ്ടാകാറില്ല.
രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യമാണ് അതിന് കാരണം. ഭരണഘടനാ മൂല്യങ്ങള്‍ക്ക് വില നല്കാത്ത സാഹചര്യം ഈ രാജ്യത്തുണ്ട്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാകുന്നു. രാജ്യത്തെ ജനനങ്ങളുടെ ആഗ്രഹത്തിന് ഒത്തു പ്രവര്‍ത്തിക്കാന്‍ ആ പാര്‍ട്ടിക്ക് ആകുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ഗീയതയോട് സമരസപ്പെട്ടിരിക്കുന്നു.
കോണ്‍ഗ്രസിന് മതനിരപേക്ഷത സംരക്ഷിക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം. രാജ്യത്ത് ന്യൂനപക്ഷം ആശങ്കയിലാണ്. കോണ്‍ഗ്രസിന് വര്‍ഗീയതയെ തടയാന്‍ ആകുന്നില്ല. ബിജെപി ഉയര്‍ത്തുന്ന സമ്പത്തിക ഭീഷണിക്കും, വര്‍ഗീയതയ്ക്കും ബദല്‍ ആകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഇതിനായി ഒരു ബദല്‍ ആണ് ഉയര്‍ത്തേണ്ടത്. സംസ്ഥാന പരിമിതിയില്‍ നിന്ന് ബദല്‍ ആകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha