കണ്ണ് നിറഞ്ഞ് മോദി... മയിലിനു തീറ്റകൊടുക്കാന്‍ മോദി സുപ്രധാന യോഗം നിര്‍ത്തി; മകള്‍ക്ക് ഡോക്ടറാകണമെന്ന അന്ധനായ അച്ഛന്റെ ആഗ്രഹം കേട്ട് കണ്ണ് നിറഞ്ഞ് മോദി; പ്രധാനമന്ത്രിയുടെ മനസലിവിനെ വാഴ്ത്തി ആഭ്യന്തരമന്ത്രി അമിത്ഷാ

വിശക്കുന്ന മയിലിന് ഭക്ഷണം കൊടുക്കണം. അന്ധനായ പിതാവിന് മകളെ ഡോക്ടറാക്കണം. മോദിയെ വേദനിപ്പിച്ച രണ്ട് സംഭവങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. രണ്ടിലും മോദിയ്ക്ക് തിരിഞ്ഞും പിരിഞ്ഞും നോക്കാനില്ലായിരുന്നു. എല്ലാം മറന്ന് നടപടി സ്വീകരിച്ചു. ഇതിനെ പ്രകീര്‍ത്തിച്ച് വലിയ അഭിനന്ദന പ്രവാഹമാണ് ഉണ്ടാകുന്നത്.
കഴിഞ്ഞ ദിവസമാണ് വിശക്കുന്ന മയിലിന് ഭക്ഷണം ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ മോദി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന സുപ്രധാനയോഗം നിര്‍ത്തിവെച്ചകാര്യം ആഭ്യന്തരമന്ത്രി അമിത് ഷാ ഓര്‍ത്തെടുത്തെടുത്തത്. പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുതിയ പുസ്തകമായ 'മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി'യുടെ പ്രകാശനച്ചടങ്ങിലാണ് ഷാ സംഭവം വിവരിച്ചത്.
രണ്ടുവര്‍ഷം മുന്‍പുനടന്ന യോഗത്തിനിടെയാണ് സംഭവമെന്ന് അമിത് ഷാ പറഞ്ഞു. ആ സമയത്ത് ഒരു മയില്‍ പറന്നെത്തി മുറിയുടെ കണ്ണാടിച്ചില്ലില്‍ കൊത്തി. പ്രധാനമന്ത്രി കണ്ണിമചിമ്മാതെ കുറേനേരം അതിനെ നോക്കിനിന്നു. മയിലിന് വിശക്കുന്നുണ്ടെന്ന് മനസിലാക്കിയ അദ്ദേഹം ഉടനെ ജീവനക്കാരെ വിളിച്ചുവരുത്തി. ഭക്ഷണം നല്‍കാനും നിര്‍ദേശിച്ചു. ഇത്രയും ഗൗരവമുള്ള യോഗത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ഒരു മയിലിനെക്കുറിച്ച് ചിന്തിക്കുന്നത് അദ്ദേഹം എത്രമാത്രം ലോലഹൃദയനാണെന്ന് തുറന്നുകാണിക്കുന്നുവെന്നും ഷാ പറഞ്ഞു.
പ്രധാനമന്ത്രി മോദി തന്റെ വസതിയില്‍ മയിലിന് ഭക്ഷണം കൊടുക്കുന്നതിന്റെ വീഡിയോ 2020ല്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതോടൊപ്പം തന്നെ അന്ധനായ പിതാവിന്റെ ആഗ്രഹവും മോദിയുടെ കണ്ണു നിറഞ്ഞ വാര്‍ത്തയും വൈറലാണ്. ഗുജറാത്തിലെ സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ഉപഭോക്താക്കളോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കവെയാണ് മോദി വികാരാധീനനായത്. എന്തുകൊണ്ടാണ് മകള്‍ ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യത്തിന്റെ മറുപടി ഹൃദയസ്പര്‍ശിയായിരുന്നു.
മരുന്നിന്റെ പാര്‍ശ്വഫലം മൂലം കാഴ്ച നഷ്ടമായ അച്ഛന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അടുത്തറിയാം. ഡോക്ടറായി പാവപ്പെട്ടവര്‍ക്ക് ശരിയായ ചികിത്സ നല്‍കണമെന്നാണ് ആഗ്രഹം... എന്നതായിരുന്നു പെണ്‍കുട്ടിയുടെ കണ്ണീരണിഞ്ഞുകൊണ്ടുള്ള വാക്കുകള്‍. ഈ വാക്കുകള്‍ കേട്ട് പ്രധാനമന്ത്രിയുടെ കണ്ണുകള്‍ നനഞ്ഞു. വാക്കുകള്‍ ഇടറി.
ഗദ്ഗദം ഉള്ളിലൊതുക്കി പെണ്‍കുട്ടിയുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള എല്ലാ സഹായവും മോദി വാഗ്ദാനം ചെയ്തു. കാഴ്ചപരിമിതിയുള്ള അയൂബ് പട്ടേലിന്റെ മകള്‍ക്കാണ് മോദി രക്ഷാകരങ്ങള്‍ നീട്ടിയത്. സൗദി അറേബ്യയില്‍ ജോലി ചെയ്യവെ കണ്ണിലൊഴിച്ച മരുന്നിന്റെ പാര്‍ശ്വഫലമായാണ് അയൂബിന്റെ കാഴ്ച നഷ്ടമായത്. ഇതോടെ ജോലി പോയി. പെണ്‍മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നില്ലേ എന്ന് മോദി അയൂബിനോടു ചോദിച്ചു.
തന്റെ മൂന്ന് പെണ്‍മക്കളും സ്‌കൂളില്‍ പോകുന്നുണ്ടെന്നും രണ്ടുപേര്‍ക്ക് സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ടെന്നും അയൂബ് പറഞ്ഞു. മൂത്തമകള്‍ 12ാം ക്ലാസിലാണെന്നും ഡോക്ടര്‍ ആകണമെന്നാണ് അവളുടെ സ്വപ്നമെന്നും അയൂബ് കൂട്ടിച്ചേര്‍ത്തു. അപ്പോഴാണ് മോദി, എന്തുകൊണ്ടാണ് ഡോക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചത്. സംസാരിക്കുന്നതിനിടെ പെണ്‍കുട്ടി കരയുന്നതും അതുകണ്ട് പ്രധാനമന്ത്രി കണ്ണീരടക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
അയൂബിന്റെ മകള്‍ക്ക് ഡോക്ടറാകുന്നതിനുള്ള എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദ്ധാനം ചെയ്തു .സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവം മൂലം അവ കടലാസില്‍ തന്നെ ഒതുങ്ങുകയോ അല്ലെങ്കില്‍ അര്‍ഹതയില്ലാത്ത ആളുകള്‍ പ്രയോജനപ്പെടുത്തുകയോ ചെയ്യുകയാണെന്ന് പ്രധാനമന്ത്രി പരിപാടിയില്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha

























