ലഹരിമരുന്ന് പാഴ്സലായി കൊച്ചിയിലേക്ക് അയയ്ക്കുന്നത് ഇറ്റലിക്കാരനായ ടോണി അങ്കിൾ, നെതർലാൻഡിൽ നിന്ന് അയച്ച പാർസലിൽ വീര്യം കൂടിയ മയക്കുമരുന്ന്, ഡിജെയില്‍ സൗണ്ട് എന്‍ജീനിയറായ പ്രതി പിടിയിൽ...!

നെതർലാൻഡിൽ നിന്ന് കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ പേരിൽ വന്ന പാർസലിൽ നിന്ന് വീര്യം കൂടിയ മയക്കുമരുന്ന് കണ്ടെത്തിയതിൽ പ്രതി പിടിയിൽ. ജാസിം വി. നാസറാണ് അറസ്റ്റിലായത്. എറണാകുളം എക്സൈസ് ഇന്‍സ്പെക്ടര്‍ എംഎസ് ഹനീഫയുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.
ഡിജെയില്‍ സൗണ്ട് എന്‍ജീനിയറായി ജോലി ചെയ്യുന്ന ആളാണ് ജാസിം. ഇയാളുടെ പേരിൽ വന്ന പാർസലിൽ നിന്ന് 10 ഗ്രാം 'എക്സ്റ്റസി' എന്ന് വിളിപ്പേരുള്ള വീര്യം കൂടിയ ലഹരിമരുന്നും ബ്രൗണ്‍, പിങ്ക്, വെള്ള നിറത്തിലുള്ള 2900 മില്ലിഗ്രാം വീര്യം കൂടിയ എംഡിഎംഎയുമാണ് കണ്ടെത്തിയത്.
ചോദ്യം ചെയ്യലില്‍ മുൻപ് ഒന്നുരണ്ടു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ടെന്നല്ലാതെ മയക്കുമരുന്ന് അങ്ങനെ ഉപയോഗിക്കാറില്ലെന്നായിരുന്നു ജാസിമിന്‍റെ മറുപടി. എന്നാൽ സാധനം ആവശ്യപ്പെട്ട് ഫോൺ കോളുകൾ വന്നതോടെ ജാസിം കുടുങ്ങുകയായിരുന്നു.ഡിജെ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പന നടത്തുന്നതായും ഒട്ടേറെ പ്രമുഖര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കുന്നതായും ചോദ്യം ചെയ്യലിൽ ജാസിം സമ്മതിച്ചു.
വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് പൊടിക്കാനുപയോഗിക്കുന്ന ക്രഷറും, പേപ്പറും എക്സൈസ് കണ്ടെത്തി.ഇറ്റലിക്കാരനായ ടോണി അങ്കിള്‍ എന്നു വിളിപ്പേരുള്ളയാളാണ് സ്ഥിരമായി ലഹരിമരുന്ന് പാഴ്സലായി അയച്ചുതരുന്നതെന്ന് കൂടുതല്‍ ചോദ്യംചെയ്യലില്‍ ജാസിം സമ്മതിച്ചു.
നെതര്‍ലാന്‍ഡില്‍ നിന്ന് എറണാകുളം രാജ്യാന്തര മെയില്‍ സെന്‍ററിലേക്കാണ് പാർസലെത്തിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ എക്സൈസിനെ വിവരമറിയിച്ചു. തുടർന്ന് എക്സൈസ് എത്തി പാർസൽ തുറന്നുനോക്കിയപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പിന്നീട് പാഴ്സലിന്റെ ഉടമസ്ഥനെ തേടി എക്സൈസ് അന്വേഷണമാരംഭിച്ചപ്പോഴാണ് ജാസിമിലേക്ക് എത്തിച്ചേർന്നത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha