വ്‌ളോഗര്‍ റിഫയുടെ മരണം... ഭര്‍ത്താവ് മെഹ്നാസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.... വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി

വ്‌ളോഗര്‍ റിഫയുടെ മരണം... ഭര്‍ത്താവ് മെഹ്നാസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.... വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
ദുബായിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാളെ കണ്ടെത്തുന്നതിനായി കാക്കൂര്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ചോദ്യം ചെയ്യുന്നതിനായി കാസര്‍ഗോട്ടെ ഇയാളുടെ വീട്ടില്‍ പോലീസ് സംഘം അന്വേഷിച്ചു ചെന്നെങ്കിലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
റിഫയുടെ മൃതദേഹം ഖബര്‍സ്ഥാനില്‍ നിന്നു പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സാഹചര്യത്തിലാണ് പോലീസ് മെഹ്നാസിനെ അന്വേഷിച്ചെത്തിയത്. എന്നാല്‍, ഇയാള്‍ സ്ഥലത്തുണ്ടായിരുന്നില്ല. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ കാക്കൂര്‍ പോലീസ് പീഡനം, കാലില്‍ ഇരുമ്പുവടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കല്‍ , ആത്മഹത്യാ പ്രേരണാകുറ്റം എന്നിവയ്ക്കു കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ആത്മഹത്യാ പ്രേരണാകുറ്റത്തിനു മെഹ്നാസിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകള്‍ .
റിഫയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് താമരശേരി ഡിവൈഎസ്പി ടി.കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം. കണ്ണൂരിലെ കെമിക്കല്‍ ലാബിലേക്ക് ആന്തരികാവയങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ചിട്ടുള്ളതിന്റെ റിപ്പോര്‍ട്ട് കിട്ടാന്‍ വൈകും. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മറ്റു നടപടികളിലേക്കു നീങ്ങാനൊരുങ്ങുകയാണ് പോലീസ്.
അതേസമയം റിഫയുടെ മാതാപിതാക്കളില്‍ നിന്നു കഴിഞ്ഞ ദിവസം പോലീസ് സംഘം മൊഴിയെടുത്തതില്‍ റിഫ നേരിട്ട ശാരീരികവും മാനസികവുമായ പീഡനകാര്യങ്ങള്‍ അവര്‍ പോലീസിനോടു വിശദീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാക്കൂര്‍ പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍നിന്നു റിഫയുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. വ്‌ളോഗറും ആല്‍ബം നടിയുമായ റിഫ കഴിഞ്ഞ മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണ് ദുബായ് ജാഹിലിയയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ജനുവരി അവസാനമാണ് റിഫ നാട്ടില്‍നിന്നു ദുബായിയിലേക്കു പോയത്.
"
https://www.facebook.com/Malayalivartha