പെട്ടെന്ന് കാഷ്വാലിറ്റി മുറിയിലേക്ക് ട്രോളിയിൽ രക്തത്തിൽ കുളിച്ച ഒരു പേഷ്യന്റ്; ബൈക്കിൽ നിന്ന് വീണതാത്രേ; പലസ്ഥലങ്ങളിലായി നല്ല ബ്ലീഡിങുണ്ട്; ഒന്നിലേറെ കുപ്പി ഒ നെഗറ്റീവ് രക്തം നൽകണം; ബോധം പരിപൂർണ്ണമായി നശിക്കാത്ത ഉസ്താദ് എന്തൊക്കെയോ വിളിച്ച് കൂവുന്നുണ്ട്; ഒടുവിൽ സംഭവിച്ചത്; ആ ഓർമ്മ പങ്കു വച്ച് ഡോ സുൽഫി നൂഹു

സബീന സിസ്റ്ററെ കുറിച്ചുള്ള ഓർമ്മ പങ്കു വച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സബീന സിസ്റ്ററും ഉസ്താദും! മതചിഹ്നങ്ങളൊന്നുമത്ര വ്യക്തമല്ലാത്ത കാലം. നുമ്മ വെറും ഹൗസ് സർജൻ! ക്ലിനിക്കൽ പോസ്റ്റിങിൽ ആദ്യ ഡ്യൂട്ടി തന്നെ സർജറി അത്യാഹിതവിഭാഗത്തിൽ. പിജി ഡോക്ടർമാർ കുറവ്, മൂന്നാം കൊല്ലക്കാർക്ക് സ്റ്റഡിലീവ്! ഹൗ സർജൻസി സാധാരണ രണ്ട് ബാച്ച് കാണുമെങ്കിൽ ഇതൊരൊറ്റ ബാച്ച് മാത്രം.
അതായത് ഹൗസർജന് മുട്ടൻ പണി. 24, 48 മണിക്കൂർ ഡ്യൂട്ടിയൊക്കെ ചോദ്യം ചെയ്യപ്പെടാത്ത കാലം. അത്യാഹിത വിഭാഗത്തിൽ ഞാനും ഭദ്രൻ സാറും മാത്രം. തിരക്കോട് തിരക്ക്. കാഷ്വാലിറ്റിക്കുള്ളിലും കോറിഡോറിലുമൊക്കെ നിറയെ രോഗികൾ. ഭദ്രൻ സാറിൻറെ നിർദ്ദേശങ്ങൾക്കനുസൃതമായി ഒരല്പം രക്തപങ്കിലമായ വസ്ത്രവുമണിഞ്ഞ ഞാൻ പെടാപ്പാട് പെടുന്നുണ്ട്. ഒബ്സർവേഷൻ മുറിയിലെ തിരക്കിനിടയിലും ഇടയ്ക്കൊക്കെ പാഞ്ഞെത്തി സഹായിക്കാനെത്തുന്ന സബീന സിസ്റ്റർ.
സിസ്റ്റർ എപ്പോഴും അങ്ങനെയാണ്. സർജറി, മെഡിസിൻ, ഓർത്തോ തുടങ്ങി എല്ലാ കാഷ്വാലിറ്റി വിഭാഗങ്ങളിലും ഓടിയെത്തി എല്ലാവരെയും സഹായിക്കും.പെട്ടെന്ന് കാഷ്വാലിറ്റി മുറിയിലേക്ക് ട്രോളിയിൽ രക്തത്തിൽ കുളിച്ച ഒരു പേഷ്യന്റ്. മതചിഹ്നങ്ങളൊന്നും ആ കാലത്ത് അത്ര വ്യക്തമായിരുന്നില്ലെങ്കിലും ഒറ്റയടിക്ക് തന്നെ ഏതോ പള്ളിയിലെ ഉസ്താദാണെന്ന് തോന്നുന്നു ഒരു രോഗി.
ദേഹത്ത് മുണ്ടില്ലെങ്കിലും വലിയ ജുബ്ബയും ആ താടിയുമുക്കെയതുതന്നെ ഉറപ്പിക്കുന്നു. ബൈക്കിൽ നിന്ന് വീണതാത്രേ. പലസ്ഥലങ്ങളിലായി നല്ല ബ്ലീഡിങുണ്ട് . ബ്ലഡ് പ്രഷർ വളരെ താഴെ. കാലിലെ വലിയ രക്ത ധമനിയിൽ നിന്നുള്ള ബ്ലീഡിംഗ് നിർത്തുവാൻ ഭദ്രൻ സാറിനെ സഹായിക്കുവാൻ ഞാനും സബീന സിസ്റ്ററും. ഒന്നിലേറെ കുപ്പി രക്തം നൽകണം രക്തഗ്രൂപ്പ്. ഒ നെഗറ്റീവ് . ബ്ലഡ് ബാങ്കിലേക്ക് റിക്വസ്റ്റ് എഴുതി നൽകി.
ബോധം പരിപൂർണ്ണമായി നശിക്കാത്ത ഉസ്താദ് എന്തൊക്കെയോ വിളിച്ച് കൂവുന്നുണ്ട്. അടിവസ്ത്രം താഴ്ത്തി വേദനയ്ക്കുള്ള ഇഞ്ചക്ഷൻ നൽകുന്നതിനിടയിൽ കൈതട്ടി മാറ്റിയ ഉസ്താദ് സിസ്റ്ററിന് ഒരു മുട്ടൻ തെറിയും കൊടുത്തു. ബ്ലഡ് ബാങ്കിൽ പോയ ബൈസ്റ്റാൻഡർ പെട്ടെന്ന് തിരികെയെത്തി. ഓ നെഗറ്റീവ് ബ്ലഡ് ബാങ്കിൽ ഇല്ലാത്രെ. ഇന്നത്തെപോലെ വാട്ട്സ്ആപ്പ് ഫേസ്ബുക്കൊന്നുമില്ലാത്ത കാലമാണ്. ലാൻഡ്‌ലൈൻ അല്ലാതെ മൊബൈലും ഇല്ല. മെൻസ് ഹോസ്റ്റലിൽ വിളിച്ച് ഒ നെഗറ്റീവ് രക്തം ഞാൻ തപ്പി കിം ഫലം.
പലരും ഓണാഘോഷങ്ങക്കിൾക്കിടയിലെ അവധി മൂഡിലാണ്. ഭദ്രൻ സാറിനോട് വിവരം പറഞ്ഞു. സാറിൻറെ കണ്ണുകളിൽ ഒരു ചിരി. "ഒ നെഗറ്റീവ് ഇവിടെ ഉണ്ടല്ലോ" എനിക്ക് പിടികിട്ടിയില്ല. 'സബീന സിസ്റ്റർ " "ബ്ലഡ് നൽകിയിട്ടധികകാലമായിട്ടില്ല. ഒരു നൂറു തവണ രക്തം കൊടുത്തിട്ടുണ്ടാകും. അധികം മുൻപല്ലാത്ത ഒരു ഡ്യൂട്ടി ദിവസം സിസ്റ്റർ രക്തം നൽകിയതെയുള്ളു.ഞാൻ ചോദിക്കുന്നില്ല സുൽഫി തന്നെ തഞ്ചത്തിൽ ചോദിച്ചോളൂ".
നഴ്സസ് മുറിയിലേക്ക് ഞാൻ പതുക്കെ നടന്നു. സിസ്റ്ററിനെ അവിടെ കാണുന്നില്ല. ഒബ്സർവേഷൻ മുറിയിലുമില്ല ഡ്യൂട്ടി യിലെ ഹെഡ് സിസ്റ്റർ വിവരമറിയിച്ചു. സബീന സിസ്റ്റർ രക്തം നൽകാൻ പോയി. എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല. മെഡിക്കൽ വിദ്യാർഥികളും ഡോക്ടർമാരും നഴ്സുമാരും സ്ഥിരമായി രക്തം നൽകാറുണ്ട്. അതുപോലെ മറ്റൊന്ന്. അത്യപൂർവ്വമായ ഓ നെഗറ്റീവ് രക്തമുള്ളവർ വലിയ താരങ്ങളും. സബീന സിസ്റ്റർ തിരുവനന്തപുരത്തെ അറിയപ്പെടുന്ന വലിയ മുസ്ലിം യാഥാസ്ഥിതിക കുടുംബത്തിലെ അംഗം.
പക്ഷേ സിസ്റ്റർ അന്നും ഇന്നും എന്നും മതചിഹ്നം പ്രദർശിപ്പിക്കാതെ നടന്നവർ. പക്ഷേ രസമതൊന്നുമല്ല. എൻറെ വാർഡിൽ തന്നെ അഡ്മിറ്റായ ഉസ്താദ് രണ്ടാഴ്ചകൾക്ക് ശേഷം ജീവൻ തിരിച്ചുകിട്ടി വീട്ടിലേക്ക് പോകുമ്പോൾ എന്നോട് ഒരു അപേക്ഷ. അത്യാഹിത വിഭാഗത്തിലെ "സരസ്വതിഅമ്മ" സിസ്റ്ററിനോട് അന്വേഷണം അറിയിക്കണം. ആരോ സിസ്റ്ററിന്റെ പേര് അങ്ങനെയാണ് പറഞ്ഞുകൊടുത്തത്.
ഞാൻ തിരുത്താനൊന്നും പോയില്ല പക്ഷേ പിന്നീടാലോചിച്ചപ്പോൾ തൊട്ടുകൂടാത്ത മുന്നിൽ വന്നു കൂടാത്ത സദസ്സിൽ എത്തി കൂടാത്ത സബീന സിസ്റ്ററിന്റെ ഒന്നാന്തരം പരിചരണം. അടിവസ്ത്രം മാറ്റി ചന്തിക്കുള്ള കുത്തു മുതൽ അപൂർവ്വമായ ഒ നെഗറ്റീവ് രക്തം വരെ. ചിലർക്കൊക്കെയെന്ന് നേരം വെളുക്കുമോ,ആവോ?
https://www.facebook.com/Malayalivartha