മറിയപ്പള്ളിയിൽ എം.സി റോഡരികിൽ കണ്ട മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കം; മൃതദേഹം കണ്ടെത്തിയത് മാലിന്യം തള്ളുന്ന പുരയിടത്തിൽ; മരിച്ചയാളെ ഇനിയും തിരിച്ചറിയാൻ സാധിച്ചില്ല

മറിയപ്പള്ളിയിൽ റോഡരികിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കണ്ട മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കം. ദ്രവിച്ച് പഴകിയ മൃതദേഹം അസ്ഥികൂടത്തിനു സമാനമായി നിൽക്കുകയാണ്. മറിയപ്പള്ളി താഴത്ത് ഗോപാലകൃഷ്ണൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ പനയിലാണ് മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ആളൊഴിഞ്ഞ പുരയിടത്തിൽ മാലിന്യം തള്ളുന്നതാണ്. ഇവിടെ ഇത്തരത്തിൽ മാലിന്യം തള്ളുന്ന സ്ഥലമായതിനാലാണ് ഇവിടെ മൃതദേഹം കണ്ടെത്തിയിട്ടും ദുർഗന്ധം പുറത്ത് വരാതിരുന്നതെന്നാണ് സൂചന.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് മൃതദേഹം നാട്ടകം മറിയപ്പള്ളിയിൽ കണ്ടെത്തിയത്. തുടർന്നു നാട്ടുകാർ വിവരം അറിയിച്ചതോടെ ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശത്തെ പനയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എഴുപത് വയസോളം ഉള്ള ആളുടേതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
ശാസ്ത്രീയ പരിശോധനകൾ അടക്കം പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റും. മരിച്ചത് ആരാണെന്നു കണ്ടെത്തുന്നതിനായി കഴിഞ്ഞ രണ്ടു മാസനത്തിനിടെ കാണാതായ ആളുകളുടെ പട്ടിക പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മരിച്ചത് ആരാണ് എന്ന് കണ്ടെത്തുന്നതിനാണ് പൊലീസ് ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha