ഒറ്റമൂലി വൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതകം... ശാസ്ത്രീയ തെളിവുകള്‍ കൂടുതല്‍ ശേഖരിക്കാന്‍ പൊലീസ്; മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്ന പലയിടങ്ങളിലും വച്ച് തെളിവുകള്‍ നശിപ്പിച്ചതായി സൂചന

ഒറ്റമൂലി വൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതക കേസില്‍ ശാസ്ത്രീയ തെളിവുകള്‍ കൂടുതല്‍ ശേഖരിക്കാന്‍ പൊലീസ്. ഇതിന്റെ ഭാഗമായി പ്രതികളില്‍ ഒരാളായ ഷൈബിന്റെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്. മുഖ്യ പ്രതികളില്‍ ഒരാളായ നൗഷാദിനെ നിലമ്ബൂര്‍ മുക്കട്ടയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വൈദ്യനെ താമസിപ്പിച്ച മുറിയോട് ചേര്‍ന്ന ശുചിമുറിയുടെ പിന്‍ഭാഗത്തെ പൈപ്പടക്കം മുറിച്ച് പൊലീസ് പരിശോധന നടത്തി. ഇവിടെ രക്തക്കറയുണ്ടോ എന്നതാണ് പരിശോധന. ശാസ്ത്രീയ തെളിവുകള്‍ കൂടുതല്‍ ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം.
മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്ന പലയിടങ്ങളിലും വച്ച് തെളിവുകള്‍ നശിപ്പിച്ചു എന്ന് സൂചനയുണ്ട്. ഇതൊക്കെ കുഴിച്ച് പൊലീസ് തെളിവ് ശേഖരിച്ചു. അതേസമയം, ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയും കേസില്‍ പ്രതി ആയേക്കും. വൈദ്യരെ പീഡിപ്പിച്ചതടക്കമുള്ള വിവരങ്ങള്‍ ഇവര്‍ പൊലീസിനു മൊഴിനല്‍കി. പ്രധാനമായും നൗഷാദാണ് കേസില്‍ പ്രധാനപ്പെട്ട മൊഴി പൊലീസിനു നല്‍കിയത്. വിഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവ് പൊലീസിനു കൈമാറിയതും ഇയാളാണ്.
ഒരു മോഷണകേസുമായി ബന്ധപ്പെട്ടാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഇതേ തുടര്‍ന്ന് ആത്മഹത്യാ ഭീഷണിയുമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ യുവാവ് എത്തിയിരുന്നത്. തുടര്‍ന്നുള്ള അന്വേഷണമാണ് ഇപ്പോള്‍ കൊലപാതകം നടന്നത് പുറത്തുവരാന്‍ കാരണമായത്. ഇനിയും നിരവധി കുറ്റകൃത്യങ്ങളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥനിക നിഗമനം.
നിലമ്പൂരിലെ പ്രവാസി വ്യവസായി ഷൈബിന്‍ അഷ്‌റഫിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം. 2020 ഒക്ടോബറില്‍ ഷൈബിന്റെ വീട്ടില്‍വച്ചായിരുന്നു സംഭവം. ഒരു വര്‍ഷം ബന്ദിയാക്കി പീഡിപ്പിച്ച ശേഷമായിരുന്നു ഷാബാ ശരീഫിനെ കൊന്നത്. കൊലപ്പെടുത്തി കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളുകയായിരുന്നു. ഒറ്റമൂലി മനസ്സിലാക്കി കച്ചവടം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതിയെന്നു പൊലീസ് പറഞ്ഞു.
ഒറ്റമൂലിയെക്കുറിച്ച് പറയാന്‍ തയ്യറാകാതെ വന്നതോടെ ചങ്ങലയില്‍ ബന്ധിച്ച് ഒന്നേകാല്‍ വര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ച ശേഷമായിരുന്നു കൊല ചെയ്തത്. ഷൈബിന്‍, വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ശിഹാബുദ്ദീന്‍ (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് (41), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെ മൃതദേഹം വെട്ടി നുറുക്കി പുഴയില്‍ തള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha
























