ഇനി വിടരുത്... പിസി ജോര്‍ജിനെ ആഘോഷമായി അറസ്റ്റ് ചെയ്തതിന് ശേഷം വിട്ടുകളഞ്ഞതില്‍ അതൃപ്തി; കേസ് കൈകാര്യം ചെയ്യുന്നതില്‍ പോരായ്മയെന്ന് പോലീസ് വിലയിരുത്തല്‍; ജോര്‍ജിന്റെ അറസ്റ്റിലും തുടര്‍ന്നുള്ള നടപടികളിലും പോലീസ് അല്‍പംകൂടി ജാഗ്രത കാട്ടണമായിരുന്നു

പിസി ജോര്‍ജിനെ കൊച്ചുവെളുപ്പാന്‍ കാലത്ത് അറസ്റ്റ് ചെയ്ത ശേഷം ആഘോഷത്തോടെ തിരുവനന്തപുരത്ത് എത്തിക്കുന്നതുവരെ പോലീസിന് നല്ല പേരായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിയും മുമ്പ് പിസി ജോര്‍ജ് ജാമ്യത്തില്‍ ഇറങ്ങിയത് പോലീസിന് വലിയ നാണക്കേടായി. ഇപ്പോള്‍ ആ സംഭവത്തില്‍ ഔദ്യോഗിക വിലയിരുത്തല്‍ പുറത്ത് വന്നിരിക്കുകയാണ്. മതവിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയ പി.സി ജോര്‍ജിനെതിരെ കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയതായി പോലീസിന്റെ വിലയിരുത്തല്‍.
ജോര്‍ജിന്റെ അറസ്റ്റിലും തുടര്‍ന്നുള്ള നടപടികളിലും പോലീസ് അല്‍പംകൂടി ജാഗ്രത കാട്ടണമായിരുന്നെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ ജോര്‍ജിനെതിരെ ജാമ്യം റദ്ദാക്കാന്‍ നടത്തുന്ന നീക്കങ്ങളും എറണാകുളത്ത് കേസെടുത്ത നടപടിയും നല്ലതെന്ന അഭിപ്രായവും പോലീസുകാര്‍ക്കിടയിലുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനനില ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന എ.ഡി.ജി.പി തല യോഗത്തിലാണ് വിലയിരുത്തല്‍.
പി.സി. ജോര്‍ജിന്റെ കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും വിലയിരുത്തിയിരുന്നു. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
ജോര്‍ജിന് ജാമ്യം ലഭിച്ചത് പോലീസിന്റെ പാളിച്ചമൂലമാണെന്ന പ്രതീതി സമൂഹത്തിലുണ്ടായി. പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നതും, പോലീസ് റിപ്പോര്‍ട്ടിലെ വീഴ്ച കോടതി ചൂണ്ടിക്കാണിച്ചതും ദോഷം ചെയ്തുവെന്ന വിലയിരുത്തലുമുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ മൂന്ന് മാസത്തെ വിവിധ കേസുകളുടെ അന്വേഷണ പുരോഗതി പോലീസ് ആസ്ഥാനത്ത് നടന്ന ക്രൈം റിവ്യൂ മീറ്റിങ്ങില്‍ ഡി.ജി.പി വിലയിരുത്തി. രാവിലെ 11ന് ആരംഭിച്ച യോഗത്തില്‍ പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലുണ്ടായ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് മുന്‍കരുതല്‍ കൈക്കൊള്ളാനും തീരുമാനമായി. കാര്യങ്ങള്‍ വര്‍ഗീയ കലാപങ്ങളിലേക്ക് നീങ്ങരുതെന്നും അതിന് ഇന്റലിജന്‍സ് സംവിധാനം ശക്തമാക്കണമെന്നും ആവശ്യമുയര്‍ന്നു.
അതേസമയം വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി 17 ലേക്ക് മാറ്റി. പി സി ജോര്‍ജ് വീണ്ടും ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നും ഇന്നു തന്നെ ഹര്‍ജിയില്‍ തീരുമാനം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
കോടതിയോട് പോലും ബഹുമാനം ഇല്ലാതെ പിസി ജോര്‍ജ് എന്തും വിളിച്ചു പറയുകയാണ്. പി സിയുടെ പ്രസംഗം ഭരണഘടനാ ലംഘനമാണ്. അദ്ദേഹത്തിന് ഫ്രീഡം ഓഫ് സ്പീച്ച് എന്ന അവകാശമുണ്ട്. പക്ഷേ മറ്റൊരാളുടെ ഫ്രീഡം ഓഫ് റിലിജിയനെ ഹനിക്കരുത്. പാലാരിവട്ടത്തെ പ്രസംഗത്തിന്റെ സി ഡി കോടതിയില്‍ ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. തുടര്‍ന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് കേസ് 17ലേക്ക് മാറ്റിയത്.
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് ഹര്‍ജി പരിഗണിക്കുന്നത്. പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മറ്റൊരു പ്രസംഗത്തിന്റെ പേരില്‍ പാലാരിവട്ടം പോലീസ് പി സി ജോര്‍ജിന് എതിരേ കേസെടുത്തത് കോടതിയെ പ്രോസിക്യൂഷന്‍ അറിയിച്ചു. അനന്തപുരി ഹിന്ദു സമ്മേളന പ്രസംഗ കേസിലാണ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനും മുസ്ലിം സമുദായത്തെ സംശയമുനയില്‍ നിര്‍ത്താനും പ്രസംഗം ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐയും യൂത്ത് ലീഗും പോലീസില്‍ പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























