കിണര്‍ ദുരന്തം വീണ്ടും.... കോഴിക്കോട് നിര്‍മ്മാണം നടക്കുന്ന കിണര്‍ ഇടിഞ്ഞ് വീണ് ഒരാള്‍ മണ്ണിനടിയില്‍പെട്ടു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

കിണര്‍ ദുരന്തം വീണ്ടും.... കോഴിക്കോട് നിര്‍മ്മാണം നടക്കുന്ന കിണര്‍ ഇടിഞ്ഞ് വീണ് ഒരാള്‍ മണ്ണിനടിയില്‍പെട്ടു, രക്ഷാപ്രവര്‍ത്തനം തുടരുന്നു. പുത്തൂര്‍ മഠം മുണ്ടൂ പാലത്ത് നിര്‍മ്മാണം നടക്കുന്ന കിണറാണ് ഇടിഞ്ഞു വീണത്. മീഞ്ചന്ത ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കിണര്‍ നിര്‍മ്മിക്കുന്നതിനിടെയാണ് ഇതരസംസ്ഥാന തൊഴിലാളി കുടുങ്ങിയത്.
അതേസമയം കൊട്ടിയത്തുണ്ടായ കിണര്‍ ദുരന്തത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയ യുവാവിന്റെ മൃതദേഹം സാഹസിക ദൗത്യത്തിലൂടെ ഇന്നലെ പുറത്തെടുത്ത് അഗ്‌നിരക്ഷാസേന, മൃതദേഹം കണ്ടെത്തിയത് 45 അടിയോളം താഴ്ചയില്‍ നിന്ന്, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.
തഴുത്തലയില്‍ കിണറ്റില്‍ തൊടി (റിങ്) ഇറക്കവേയാണ് മുകളില്‍ നിന്നു മറ്റു തൊടികള്‍ ഇടിഞ്ഞുവീണ് മണ്ണിനടിയില്‍ യുവാവ് കുടുങ്ങിപ്പോയത്. 11ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഉണ്ടായ അപകടത്തില്‍ കിണറ്റില്‍ കുടുങ്ങിയ നെടുമ്പന മുട്ടയ്ക്കാവ് പിറവന്തലഴികത്ത് വീട്ടില്‍ സുധീറിന്റെ (28) മൃതശരീരം 25 മണിക്കൂറുകള്‍ക്കു ശേഷമാണ് ഇന്നലെ ഉച്ചയ്ക്ക് പുറത്തെടുക്കാനായത്.
ആദിച്ചനല്ലൂര്‍ പഞ്ചായത്ത് തഴുത്തല രണ്ടാം വാര്‍ഡിലെ പുഞ്ചിരിച്ചിറ ഭാഗത്ത്, ബെന്‍സിലി എന്നയാള്‍ വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടിലെ കിണറ്റിലാണ് അപകടം നടന്നത്. യന്ത്രം ഉപയോഗിച്ച് കിണറിന്റെ വശം ഇടിച്ച് മണ്ണുനീക്കി നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്ന് 45 അടിയോളം താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മണ്ണുമാന്തി മാറ്റിയശേഷം മണ്ണിടിച്ചിലിലുള്ള കിണറ്റില്‍ നേരിട്ടിറങ്ങി, മൃതദേഹത്തിനു ചുറ്റുമുള്ള മണ്ണ് കൈകൊണ്ട് നീക്കിയാണ് സേനാംഗങ്ങള്‍ ശരീരം പുറത്തെടുത്തത്.
കിണറ്റിലെ 5 അടിയോളം മണ്ണ് ഇങ്ങനെ കൈകൊണ്ട് നീക്കേണ്ടി വന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാനഘട്ടത്തില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായത് ആശങ്കയേറ്റിയെങ്കിലും ആര്‍ക്കും പരുക്കുകളുണ്ടായില്ല. കിണറ്റിനുള്ളില്‍ ഇറക്കിയ തൊടിക്ക് ഇടയ്ക്ക് മെറ്റല്‍ നിറച്ച് ഉറപ്പിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.
തൊടി ഇടിയുന്നതിനെ തുടര്‍ന്ന് കയറില്‍ പിടിച്ച് മുകളിലേക്കു കയറാന്‍ ശ്രമിച്ചെങ്കിലും മുകളിലുള്ള തൊടി പൊട്ടിയടര്‍ന്നു സുധീറിന്റെ തോളിലിടിക്കുകയും താഴേക്കു വീഴുകയുമായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ കണ്ണീരോടെ പറയുന്നു.
https://www.facebook.com/Malayalivartha