രാത്രിയിൽ തോട്ടിലൂടെ ഒഴുകി വന്ന പെരുമ്പാമ്പിനെ കണ്ടവർ വനം വകുപ്പ് അധികൃതരെ വിളിച്ചു; ''ഒഴുകി വരുന്ന പാമ്പിനെ രണ്ടു ചാക്കിലാക്കി കെട്ടി സുരക്ഷിതമായി പിടിച്ചുവയ്ക്കൂ'' മറുപടി കേട്ടമ്പരന്ന് നാട്ടുകാർ; വിട്ടുകൊടുക്കാതെ നാട്ടുകാരുടെ സാഹസികത; ഒടുവിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലിലൂടെ സംഭവിച്ചത്

രാത്രിയിൽ തോട്ടിലൂടെ ഒഴുകി വന്ന പെരുമ്പാമ്പിനെ കണ്ടവർ വനം വകുപ്പ് അധികൃതരെ വിളിച്ചു. എന്നാൽ അവരുടെ മറുപടി കേട്ടമ്പരന്ന് പോയി പഞ്ചായത്ത് അംഗം കുഞ്ഞൂഞ്ഞമ്മ കുര്യൻ. ഓട്ടോറിക്ഷ ഡ്രൈവറായ പ്രവീണാണ് രാത്രി 10നു തോട്ടിൽ കൂടി പാമ്പ് ഒഴുകി വരുന്നത് ആദ്യം കണ്ടത്.
വനിതാ ജനപ്രതിനിധിയോട് വനം വകുപ്പ് അധികൃതർ പറഞ്ഞത് ഒഴുകി വരുന്ന പാമ്പിനെ രണ്ടു ചാക്കിലാക്കി കെട്ടി സുരക്ഷിതമായി പിടിച്ചുവയ്ക്കൂ. കുട്ട കൊണ്ടു മൂടി വച്ചാൽ മതി. നാളെ രാവിലെ വന്ന് എടുത്തോളാമെന്നായിരുന്നു. കൂരോപ്പട പഞ്ചായത്തിലെ കോത്തല പുതുവയൽ ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്.
എന്നാൽ വിട്ടു കൊടുക്കാൻ നാട്ടുകാർ തയ്യാറായില്ല. പഞ്ചായത്ത് അംഗം കുഞ്ഞൂഞ്ഞമ്മ കുര്യന്റെ നേതൃത്വത്തിൽ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത് പോലെ തന്നെ കാര്യങ്ങൾ ചെയ്തു. തോട്ടിലിറങ്ങി അല്പം സാഹസികമായി തന്നെ പെരുമ്പാമ്പിനെ ചാക്കിലാക്കി. അവിടെ അടുത്തു താമസിക്കുന്ന കണിയാംപറമ്പിൽ തമ്പിയുടെ വീടിനുള്ളിൽ രാത്രിയിൽ പാമ്പിനെ സൂക്ഷിച്ചുവയ്‌ക്കുകയും ചെയ്തു.
വീട്ടുകാരാകട്ടെ പുലരും വരെയും വീടിന് പുറത്ത് ഇരിക്കുകയായിരുന്നു . നേരം വെളുത്തിട്ടും വനം വകുപ്പ് അധികൃതർ വന്നില്ല. ഇതോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നാട്ടുകാർ വിവരം അറിയിച്ചു. അപ്പോൾ അദ്ദേഹം ഇടപ്പെട്ടായിരുന്നു ഇന്നലെ രാവിലെ 10നു വനം വകുപ്പ് അധികൃതരെത്തിയത്. പാമ്പിനെ അവർ
കൊണ്ടു പോകുകയും ചെയ്തു .
എന്നാൽ പാമ്പിനെ കൊണ്ടുപോകാൻ രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീണ്ടും അമ്പരപ്പിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചത്. ‘വീടിനുള്ളിൽ പാമ്പിനെ കയറ്റി വച്ചത് എന്തിനാണെന്നായിരുന്നു’ ചോദ്യം. പാമ്പിനെ പരുക്കേൽക്കാതെ സുരക്ഷിതമായി വയ്ക്കുകയാണ് ചെയ്‌തതെന്നു പഞ്ചായത്ത് അംഗം മറുപടി നൽകി.
https://www.facebook.com/Malayalivartha
























