ഒന്ന് വിളിച്ചാല്‍ ഓടിയെത്തും... വിജയ് ബാബുവിന് പിന്നാലെ പിസി ജോര്‍ജും മുങ്ങിയത് കൊച്ചി സിറ്റി പോലീസിന് നാണക്കേടാകുന്നു; കണ്‍മുമ്പിലുണ്ടായിരുന്ന വിജയ് ബാബുവിനേയും പിസി ജോര്‍ജിനേയും വിട്ടുകളഞ്ഞതില്‍ പരക്കെ പ്രതിഷേധം; അരിച്ചുപെറുക്കി പൊലീസ്

പിസി ജോര്‍ജിനെ ഈരാട്ടുപേട്ടയില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് വന്ന് അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു മാസ് ഡയലോഗുണ്ട്. പാവങ്ങള്‍ പത്തമ്പതെണ്ണം വണ്ടീം പിടിച്ച് വന്നിരിക്കുന്നു. ഒന്ന് വിളിച്ചാല്‍ ഓടിയെത്തുന്നവനാ ഈ പിസി ജോര്‍ജ്. കൊച്ചി സിറ്റി പോലീസ് ഇത് വിശ്വസിച്ചോ എന്തോ വിജയ് ബാബുവിനെ പോലെ പിസി ജോര്‍ജും കിട്ടാകനിയായി.
പിസി ജോര്‍ജിനെ കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് ഇന്നും തുടരും. ഇന്നലെ പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തി പൊലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം തുടങ്ങിയത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ വിവരമറിഞ്ഞതിനു പിന്നാലെയാണ് പി സി ജോര്‍ജ് ഈരാട്ടുപേട്ടയിലെ വീട്ടില്‍ നിന്ന് പോയതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.വീട്ടിലെ സിസി ടിവി പൊലീസ് പരിശോധിച്ചിരുന്നു. വീട്ടുകാരെ ചോദ്യം ചെയ്‌തെങ്കിലും പി.സി ജോര്‍ജ് എവിടെയെന്ന് അറിയില്ലെന്ന മറുപടിയാണ് കിട്ടിയത്. എറണാംകുളത്തിനും കോട്ടയത്തിനും പുറമേ തിരുവനന്തപുരമടക്കം പി.സി ജോര്‍ജ് പോകാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ ഇന്നും തിരച്ചില്‍ തുടരാനാണ് കൊച്ചി സിറ്റി പൊലീസിന്റെ തീരുമാനം.
അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവിനെതിരെ നാളെ പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചേക്കും. വെണ്ണല പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ഭാഗമാണ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയതെന്നും കേസിന് പിന്നില്‍ രാഷ്ടീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നുമാകും അറിയിക്കുക. മതിവിദ്വേഷം വളര്‍ത്തുന്ന രീതിയിലും പൊതു സൗഹാര്‍ദം തകര്‍ക്കുന്ന രീതിയിലും പ്രസംഗിച്ചെന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
എന്നാല്‍ ഇത്തരത്തിലൊരു വിദ്വേഷ പ്രസംഗം ആദ്യത്തേതല്ലെന്നും ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നുമുളള പ്രോസിക്യൂഷന്‍ വാദം കൂടി പരിഗണിച്ചാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമാണ് പി സി ജോര്‍ജിന്റെ നിലപാട്.
എന്നാല്‍ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോര്‍ജ് വീണ്ടും ആവര്‍ത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനപൂര്‍വമാണെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തത്. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷന്‍സ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.
ജോര്‍ജിനെ അന്വേഷിച്ച് കൊച്ചിയില്‍നിന്നുള്ള പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. പി.സി. ജോര്‍ജിനെ ഫോണിലും ബന്ധപ്പെടാനാകുന്നില്ലെന്ന് മട്ടാഞ്ചേരി എസിപി എ.ജി.രവീന്ദ്രനാഥ് പറഞ്ഞു. പി.സി.ജോര്‍ജ് ഉച്ചയോടെ വീട്ടില്‍നിന്നു പോയതാണ്.
ബന്ധുവീടുകളിലും പരിശോധന നടത്തി. ജോര്‍ജിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനാകുന്നില്ല. പി.സി.ജോര്‍ജ് ഉച്ചയ്ക്കു വീട്ടില്‍നിന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തുമെന്നും എസിപി പറഞ്ഞു.
വെണ്ണല വിദ്വേഷപ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ജോര്‍ജിന്റെ പ്രസംഗം പ്രകോപനപരമെന്നും മതസ്പര്‍ധയ്ക്കും ഐക്യം തകരാനും ഇതു കാരണമാകുമെന്നും കോടതി പറഞ്ഞു.
വെണ്ണല മഹാദേവക്ഷേത്രത്തില്‍ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ തനിക്കെതിരെ നീങ്ങുകയാണെന്നും കള്ളക്കേസാണെന്നുമായിരുന്നു ജോര്‍ജിന്റെ വാദം.
"
https://www.facebook.com/Malayalivartha