ജലവിമാന സര്‍വീസ് ഒന്നര മാസത്തിനകം; ആദ്യ വിമാനം കൊച്ചിയിലെത്തി

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നു ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഒന്നര മാസത്തിനുള്ളില്‍ ജലവിമാന സര്‍വീസ് ആരംഭിക്കും. സര്‍വീസിനു വേണ്ടിയുള്ള വിമാനം കൊച്ചിയിലെത്തി. സീബേര്‍ഡ് സീപ്ലെയിന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണു കേരളത്തില്‍ നിന്ന് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്. രണ്ടു യുവ മലയാളികളുടെ സംരംഭമാണു സീബേര്‍ഡ് സീപ്ലെയിന്‍ പ്രൈവറ്റ് ലിമിറ്റഡ്.
ക്വസ്റ്റ് കൊഡിയാക്ക് 100 ആംഫിബിയന്‍ എന്ന പത്തു സീറ്റുള്ള ജല വിമാനമാണു വെള്ളിയാഴ്ച കൊച്ചിയിലെത്തിയത്. വിമാനത്തിലെ രണ്ടു പൈലറ്റുമാരും കൊച്ചിക്കാരാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചാണു സര്‍വീസ് നടത്തുക. സെപ്റ്റംബര്‍ 27നു യുഎസിലെ സൗത്ത് സെന്റ് പോള്‍ വിമാനത്താവളത്തില്‍ നിന്നാണു ജലവിമാനം കൊച്ചിയിലേക്കു പറന്നത്. 80 മണിക്കൂര്‍ നാലു ഭൂഖണ്ഡങ്ങളിലെ വിവിധ വിമാനത്താവളങ്ങള്‍ ബന്ധിപ്പിച്ചു പരീക്ഷണപ്പറക്കല്‍ നടത്തി. കാനഡ, ഗ്രീന്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ് എന്നിവിടങ്ങളിലിറങ്ങി ഇന്ധനം നിറച്ചു. തുടര്‍ന്നു ഫറോവ ദ്വീപുകള്‍, സ്‌കോട്ട്‌ലന്‍ഡ്, ഫ്രാന്‍സ്, ഗ്രീസ്, ഈജിപ്ത്, സൗദി അറേബ്യ, ഒമാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഇറങ്ങിയ ശേഷമാണു വിമാനം നെടുമ്പാശേരിയിലെത്തിയത്.
സര്‍വീസിനുള്ള അന്തിമ അനുമതി ലഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണെന്നു കമ്പനി ചീഫ് ജനറല്‍ മാനേജര്‍ കമാന്‍ഡര്‍ ചിന്‍സണ്‍ പനയ്ക്കല്‍ പറഞ്ഞു. ലക്ഷദ്വീപ് അധികൃതര്‍ സര്‍വീസിന്റെ കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ അധികൃതരുടെ അനുമതി ലഭിച്ച ശേഷമേ നിരക്കും സര്‍വീസിന്റെ രീതിയും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമാകൂ.
വിമാനത്തിന്റെ സാങ്കേതിക വിദഗ്ധര്‍ക്കുള്ള പരിശീലനം കൊച്ചിയില്‍ ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ രണ്ടാമത്തെ വിമാനം ഒരു മാസത്തിനുള്ളില്‍ കൊച്ചിയിലെത്തും. ജലപ്പരപ്പില്‍ ഇറങ്ങുന്നതിനു വേണ്ടിയുള്ള മാറ്റങ്ങള്‍ക്കായി യുഎസില്‍ അറ്റകുറ്റപ്പണിയിലാണ് ഈ വിമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha